കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കാഷ്വാലിറ്റിയിലെ ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ ആംബുലൻസിലെ നഴ്സിംഗ് ഡ്യൂട്ടിക്കാരനെ പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
പൊൻകുന്നം: ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും, ആശുപത്രിയിൽ ബഹളം വയ്ക്കുകയും ചെയ്ത കേസിൽ ആംബുലൻസിലെ നഴ്സിംഗ് ഡ്യൂട്ടിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം ഈസ്റ്റ് ആനിക്കാട് വടക്കുംഭാഗം കാഞ്ഞിരമറ്റം ഭാഗത്ത് തോലാനിക്കൽ വീട്ടിൽ ജോബി ജോസഫ് (43) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം രാത്രിയിൽ (25.05.2024) കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടറോട് കയർക്കുകയും, രോഗികളെ ചികിത്സിക്കുന്നത് തടസ്സപ്പെടുത്തുകയുമായിരുന്നു. കൂടാതെ ആശുപത്രിക്കുള്ളിൽ ബഹളം വയ്ക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി 11.00 മണിയോടുകൂടി അസുഖം കൂടുതലായ രോഗിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഇയാൾ നഴ്സിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആംബുലൻസിൽ കൊണ്ടുപോകുവാൻ ഡോക്ടർ പറയുകയായിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇയാൾ ഡോക്ടർക്ക് നേരെ കയര്‍ക്കുകയും, ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തത്.
പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ് ടി, എസ്.ഐ അജി പി ഏലിയാസ്, എ.എസ്.ഐ ഷീനാ മാത്യു, സി.പി.ഓ സബീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.