ഒരു ആയിരം രൂപയല്ലേ, അത് പോയാലെന്താ? എന്ന ചോദ്യം യുവതിയെ എത്തിച്ചത് കണ്‍സ്യൂമര്‍ കോടതിയില്‍; ഗൂഗിള്‍പേ വഴി അയച്ച പണം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് ചെരുപ്പു നല്‍കിയില്ല ; കടയുടമ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി
സ്വന്തം ലേഖകൻ
കോഴിക്കോട്: ചെരിപ്പ് വാങ്ങാനായി കടയുടമയ്ക്ക് ഗൂഗിള്‍ പേ വഴി അയച്ച പണം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് കടയിലുള്ളവര്‍ ചെരുപ്പു നല്‍കിയില്ല. തുടര്‍ന്ന് കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ച യുവതിക്ക് അനുകൂല വിധി. ചെരിപ്പിനായി ഗൂഗിള്‍ പേ വഴി അയച്ച പണവും മാനസിക സംഘര്‍ഷത്തിന് 5000 രൂപ അല്ലാതെയും നല്‍കണമെന്നാണ് കോടതി വിധി.
ബാലുശേരി കാക്കൂര്‍ സ്വദേശിനി ഫെബിനയ്ക്കാണ് കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായത്. കോഴിക്കോടുള്ള ചെരിപ്പ് കടയില്‍ നിന്നാണ് ഫെബിന ചെരിപ്പ് എടുത്തത്. അതിന് ശേഷം തുക ഗൂഗിള്‍ പേ വഴി പണം അയച്ചു. പക്ഷേ പണം ക്രെഡിറ്റായില്ലെന്ന് പറഞ്ഞ് കടയിലുള്ളവര്‍ ഫെബിനയ്ക്ക് ചെരിപ്പ് നല്‍കിയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പണം കേറിയാല്‍ അറിയിച്ചാല്‍ മതിയെന്ന് കടയിലുള്ളവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഫെബിന ചെരിപ്പ് ലഭിക്കാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഒരു മാസത്തോളം പണം അക്കൗണ്ടില്‍ കയറിയോ എന്നറിയാന്‍ കാത്തിരുന്നു.
ഒടുവില്‍ അന്നേദിവസം തന്നെ അവരുടെ അക്കൗണ്ടില്‍ പണം ക്രഡിറ്റായെന്നെ വിവരം ബാങ്ക് ഫെബിനയെ അറിയിച്ചു.എന്നാല്‍ ഈ വിവരം കടയിലുള്ളവരോട് പറഞ്ഞപ്പോള്‍ പണം ലഭിച്ചില്ലെന്ന മറുപടി അവര്‍ നല്‍കിയത്. അതിനിടയില്‍ മാനേജര്‍ ചോദിച്ച ചോദ്യമാണ് കണ്‍സ്യൂമര്‍ കോടതിയെ സമീപിക്കാന്‍ ഫെബിനയെ പ്രേരിപ്പിച്ചത്.
ഒരു ആയിരം രൂപയല്ലേ, അത് പോയാലെന്താ? എന്നായിരുന്നു ഫെബിനയോട് മാനേജര്‍ ചോദിച്ചത്. തുടര്‍ന്ന് ഫെബിന കണ്‍സ്യൂമര്‍ കോടതിയെ സമീപിക്കുകയായിരുന്നു.