സ്വന്തം ലേഖകൻ
തലയോലപ്പറമ്പ്: വടയാർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുലശേഖരമംഗലം ഇടവട്ടം ഭാഗത്ത് മൂന്നരത്തോണിയിൽ വീട്ടിൽ ജഗന്നാഥൻ (20), കുലശേഖരമംഗലം ഇടവട്ടം ഭാഗത്ത് വൈമ്പനത്ത് വീട്ടിൽ ആഷൽ (21), കുലശേഖരമംഗലം ഇടവട്ടം ഭാഗത്ത് വാഴത്തറയിൽ വീട്ടിൽ മുഹമ്മദ് അൻസാരി (19) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് വടയാർ സ്വദേശിയായ യുവാവിനെ അഞ്ചാം തീയതി രാത്രി 9:30 മണിയോടുകൂടി തലയോലപ്പറമ്പിലെ പ്രമുഖ സിനിമാ തീയേറ്ററിന് സമീപം വച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു. ബൈക്കിൽ പോവുകയായിരുന്ന യുവാവിനെ ഇവർ ആറോളം ബൈക്കുകളിലായി പിന്തുടർന്നെത്തി ആക്രമിച്ച് ബൈക്കില്‍ ബലമായി പിടിച്ചിരുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് തലയോലപ്പറമ്പ് ചുങ്കം ഭാഗത്ത് എത്തുകയും യുവാവിന്റെ ബഹളം കേട്ട് ആളുകൂടിയതിനെ തുടർന്ന് ഇവർ യുവാവിനെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ഇവർക്ക് യുവാവിനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാവിനെ തട്ടിക്കൊണ്ടുപോയത്.
പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരിച്ചിലിൽ ഇവരെ മൂവരെയും വയനാട് നിന്ന് പിടികൂടുകയായിരുന്നു.
തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.ഐ ഷെറി എം.എസ്, എസ്.ഐ വിജയപ്രസാദ്, സി.പി.ഓ മാരായ ഷൈൻ, മനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.