പ്രാണപ്രതിഷ്ഠ ചടങ്ങ്; അയോധ്യ വിധി പ്രസ്താവിച്ച ജഡ്ജിമാരില്‍ ഒരാള്‍ പങ്കെടുക്കും, ചീഫ് ജസ്റ്റിസ് വിട്ടുനില്‍ക്കും
സ്വന്തം ലേഖിക
നാലു വര്‍ഷം മുന്‍പ് അയോധ്യ കേസില്‍ വിധി പ്രസ്താവിച്ച അഞ്ച് സുപ്രീംകോടതി ജഡ്ജിമാരില്‍ ഒരാള്‍ നാളെ നടക്കാനിരിക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തേക്കും.ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, മുന്‍ ചീഫ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗഗോയ്, എസ് എ ബോബ്ഡെ, സൂപ്രീംകോടതി ജഡ്ജിമാരായിരുന്ന അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീർ എന്നിവർക്കാണ് ക്ഷണം ലഭിച്ചത്.
അശോക് ഭൂഷണ്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. അതേസമയം, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ്, മുന്‍ ജഡ്ജ് അബ്ദുള്‍ നസീർ എന്നിവർ പങ്കെടുക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2020ല്‍ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ഗഗോയ് തന്റെ മാതാവ് അസമില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആരംഭിച്ച ജീവകാരുണ്യ പ്രവർത്തനങ്ങള്‍ തുടരുന്ന തിരക്കിലാണെന്നാണ് അറിയാന്‍ സാധിക്കുന്നത്. ഇതിനുപുറമെ എംപിഎല്‍എഡി ഫണ്ട് ഉപയോഗിച്ചുള്ള മണ്ഡലത്തിലെ പ്രവർത്തനങ്ങളുടെ കണക്കെടുപ്പും നടത്തുന്നുണ്ട്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ സംബന്ധിച്ച് സുപ്രീംകോടതി തിങ്കളാഴ്ച പ്രവൃത്തി ദിവസമാണ്. മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കോടതിയില്‍ നിന്ന് അവധിയെടുക്കാന്‍ അദ്ദേഹം തയാറായേക്കില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.
നാഗ്പൂരിലുള്ള തന്റെ കുടുംബവീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന ബോബ്ഡെ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. നിലവില്‍ ആന്ധ്ര പ്രദേശിലെ ഗവർണറായ മുന്‍ ജഡ്ജ് അബ്ദുള്‍ നസീർ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ വിരമിക്കലിന് ഒരുമാസത്തിന് ശേഷം നാഷണല്‍ ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ചെയർമാനായി 2021 നവംബർ എട്ടിന് നിയമിതനായ ജസ്റ്റിസ് ഭൂഷണ്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഞായറാഴ്ച അയോധ്യയിലേക്ക് തിരിക്കുമെന്ന് അറിയിച്ചിരുന്നു.
അന്നത്തെ ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബെഞ്ച് 2019 നവംബർ ഒന്‍പതിനായിരുന്നു വിധി പ്രസ്താവിച്ചത്. രചയിതാവിന്റെ പേരില്ലാത്ത ഭരണഘടനാ ബെഞ്ചിന്റെ ആദ്യ വിധികൂടിയായിരുന്നു ഇത്. 2019 ഓഗസ്റ്റ് ആറിനായിരുന്നു സുപ്രീംകോടതി കേസിലെ വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. ഒക്ടോബർ 17 ആയിരുന്നു വിധിപ്രസ്താവത്തിനായി ആദ്യം തിരഞ്ഞെടുത്ത തീയതി. പക്ഷേ, 23 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു വിധി പ്രസ്താവിച്ചത്.
പ്രാണപ്രതിഷ്ഠ ദിനമായ ജനുവരി 22ന് രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ കേന്ദ്ര സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍, കേന്ദ്ര സ്ഥാപനങ്ങള്‍, സ്കൂളുകള്‍, കേന്ദ്ര വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ 22ന് ഉച്ചയ്ക്ക് 2.30വരെ പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ഉത്തരവിറക്കി.
അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ഉത്തർ പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജനുവരി 22ന് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. ഒപ്പം, സംസ്ഥാനത്ത് അന്ന് മദ്യശാലകള്‍ തുറക്കില്ലെന്നും എല്ലാ മദ്യവില്‍പ്പന കേന്ദ്രങ്ങളും അന്ന് അടച്ചിടണമെന്നുമാണ് യുപി സർക്കാർ നല്‍കിയ നിർദ്ദേശം. അന്നേദിവസം ഡ്രൈ ഡേ ആയിരിക്കുമെന്നും യു പി സർക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു.