പുതിയ പൊലീസ് മേധാവിക്കുള്ള നടപടി തുടങ്ങി സര്‍ക്കാര്‍; ജൂണ്‍ 30ന് അനില്‍കാന്ത് സ്ഥാനം ഒഴിയും; സാധ്യത പട്ടികയില്‍ എട്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി സര്‍ക്കാര്‍.ജൂണ്‍ 30ന് അനില്‍കാന്ത് ഒഴിയുന്നതിനെ തുടര്‍ന്നാണ് പുതിയ മേധാവിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്.
സാധ്യത പട്ടികയിലുള്ള എട്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരോട് താല്‍പര്യപത്രം നല്‍കാന്‍ പൊലീസ് ആസ്ഥാനത്ത് നിന്നും ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് മേധാവി സ്ഥാനത്ത് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന അനില്‍കാന്ത് ജൂണ്‍ 30ന് വിരമിക്കും. പല കണക്കുകൂട്ടലുകളും മറികടന്നാണ് അനില്‍കാന്തിനെ പൊലീസ് മേധാവിയായി സര്‍ക്കാര്‍ നിയമിച്ചത്. പൊലീസ് മേധാവിയാകുമ്പോള്‍ ആറ് മാസം മാത്രം സര്‍വീസ് ബാക്കിയിട്ടുണ്ടായിരുന്ന അനില്‍കാന്തിന് രണ്ട് വര്‍ഷത്തേക്ക് സര്‍വ്വീസ് നീട്ടി നല്‍കുകയും ചെയ്തു.
എട്ട് പേരാണ് അനില്‍ കാന്തിന്‍റെ പിന്‍ഗാമിയാകാന്‍ പട്ടികയിലുള്ളത്. 1989 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍ നിധിന്‍ അഗര്‍വാളാണ് പട്ടികയില്‍ ഒന്നാമന്‍. സിആര്‍പിഎഫില്‍ ഡെപ്യൂട്ടേ ഷനുള്ള നിധിന്‍ അഗര്‍വാള്‍ മടങ്ങി വരാന്‍ സാധ്യത കുറവാണ്. പൊലീസ് ആസ്ഥാനത്ത എഡിജിപി പത്മകുമാറും, ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബുമാണ് സാധ്യത സ്ഥാനത്തുള്ള മറ്റ് രണ്ട് പേര്‍.
മെയ് മാസത്തില്‍ രണ്ട് പേരും ഡിജിപി തസ്തികയിലെത്തും. തൊട്ടുടത്തുള്ള ഹരിനാഥ് മിശ്രയും കേന്ദ്ര ഡെപ്യൂട്ടഷനിലാണ്. സപ്ലൈക്കോ എംഡി സഞ്ചീവ് കുമാര്‍ പട്ജോഷി, റാവഡാ ചന്ദ്രശേഖര്‍, ഇന്‍റലിജന്‍സ് മേധാവി ടി കെ വിനോദ് കുമാര്‍, ബെവ്ക്കോ എം ഡി ജോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിലുളള മറ്റുള്ളവര്‍. ഹരിനാഥ് മിശ്രയും, റാവഡാ ചന്ദ്രശേഖറും സംസ്ഥാന സര്‍വ്വീസിലേക്കില്ലെന്ന് കഴിഞ്ഞ പ്രാവശ്യം ഡിജിപി തെരഞ്ഞെടുപ്പ് സമയത്ത് അറിയിച്ചിരുന്നു.
കേന്ദ്ര ഐബിയില്‍ ഉന്നത തസ്തികയിലുള്ള ഈ രണ്ട് ഉദ്യോഗസ്ഥരും മടങ്ങിവരാന്‍ സാധ്യതയില്ല. താല്‍പര്യം നല്‍കുന്നവരുടെ പൂര്‍ണവിവരങ്ങള്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് കൈമാറും. ഇതില്‍ നിന്നും മൂന്ന് പേരുടെ പേരുകള്‍ ഉന്നതതല സമിതി നിര്‍ദ്ദേശിക്കും. ഇതിലാരാകണം അടുത്ത ഡിജിപിയെന്ന് മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. മാര്‍ച്ചിന് മുമ്പ് നടപടിക്രമങ്ങള്‍ സംസ്ഥാനം പൂര്‍ത്തിയാക്കും.