നിലമ്പൂരിൽ ഒറ്റമൂലി വൈദ്യന്‍റെ കൊലപാതകം; 5 പ്രതികൾക്കായി ലുക്ക്‌ ഔട്ട്‌ നോട്ടീസ്

നിലമ്പൂരിൽ ഒറ്റമൂലി വൈദ്യന്‍റെ കൊലപാതകം; 5 പ്രതികൾക്കായി ലുക്ക്‌ ഔട്ട്‌ നോട്ടീസ്

സ്വന്തം ലേഖകൻ
മലപ്പുറം: നിലമ്പൂരിലെ ഒറ്റമൂലി വൈദ്യന്‍റെ കൊലപാതകക്കേസിൽ പിടിയിലാകാനുള്ള അഞ്ച് പ്രതികൾക്കായി പൊലീസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. അതേസമയം, വൈദ്യനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കാന്‍ ഉപയോഗിച്ച കത്തി വാങ്ങിയ കടയില്‍ കൂട്ടുപ്രതി നൗഷാദുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി. ബില്ലിന്റെ പകര്‍പ്പ് കണ്ടെത്തി. ഷൈബിന്‍ അഷ്റഫിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കി.

കൂട്ടുപ്രതിയായ നൗഷാദുമായി നാല് ദിവസം നീണ്ട തെളിവെടുപ്പില്‍ നിര്‍ണ്ണാക വിവരങ്ങള്‍ ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്. വൈദ്യനെ കൊലപ്പെടുത്തി വെട്ടിനുറുക്കാന്‍ ഉപയോഗിച്ച കത്തി വാങ്ങിയ കടയില്‍ നൗഷാദുമായി തെളിവെടുപ്പ് നടത്തി. കൊലപാതകത്തെക്കുറിച്ച് ആദ്യ വെളിപ്പെടുത്തല്‍ നടത്തിയ നൗഷാദിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു.

വെട്ടിമുറിച്ച് കഷ്ണങ്ങളാക്കാന്‍ മൃതദേഹം കിടത്തിയ പലകയുടെ ബാക്കി ഭാഗം കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പില്‍ കണ്ടെത്തിയിരുന്നു. മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ് നിഷാദ് ഷിഹാബുദ്ദീന്‍ എന്നിവരെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചു. നാളെ കസ്റ്റഡയില്‍ ലഭിച്ചാല്‍ നിലമ്പൂരിലെ ഇരുനില വീട്ടില്‍ ഉള്‍പ്പെടെയെത്തിച്ച് തെളിവെടുപ്പ് നടത്തും. മറ്റ് അഞ്ച് പ്രതികളെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ട് വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യപ്രതിയുടെ ലക്ഷ്യം.

ഒന്നേ കാൽ വ‍ര്‍ഷത്തോളം നിലമ്പൂരിലെ വീട്ടിൽ തടവിലിട്ട് വൈദ്യനെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു. വീട്ടിൽ ശുചിമുറിയോട് കൂടിയ മുറി പ്രത്യേകം സജ്ജമാക്കിയാണ് ഒറ്റമൂലി വൈദ്യനെ തടവിൽ പാർപ്പിച്ചത്. 2020 ഒക്ടോബറിൽ ചികിത്സാ രഹസ്യം ചോർത്തിയെടുക്കാനുള്ള മർദ്ദനത്തിനിടെ ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. തുടർന്ന് ഷൈബിനും കൂട്ടാളികളും മൃതദേഹം പല കഷ്ണങ്ങളാക്കി മലപ്പുറം എടവണ്ണ സീതിഹാജി പാലത്തിൽ നിന്നും ചാലിയാറിലേക്ക് എറിഞ്ഞു.