play-sharp-fill
മഴയില്‍ ജില്ലയില്‍ വ്യാപക നാശം: വെള്ളപ്പൊക്ക ഭീഷണിയും: മലയോരമേഖലയിലും നദീതീരത്തും താമസിക്കുന്നവര്‍ക്ക്  ജാഗ്രത

മഴയില്‍ ജില്ലയില്‍ വ്യാപക നാശം: വെള്ളപ്പൊക്ക ഭീഷണിയും: മലയോരമേഖലയിലും നദീതീരത്തും താമസിക്കുന്നവര്‍ക്ക് ജാഗ്രത

സ്വന്തം ലേഖകൻ
കോട്ടയം: ചൊവ്വാഴ്‌ച വൈകിട്ട്‌ മുതല്‍ ശക്‌തമായി പെയ്‌ത മഴയില്‍ മീനച്ചില്‍ താലൂക്കിന്റെ വിവിധ മേഖലകളിൽ മഴ നാശം വിതച്ചു.പെട്ടെന്നുള്ള മഴയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നു ചിലയിടങ്ങളില്‍ ഗതാഗതം മുടങ്ങി. എന്നാല്‍, മറ്റു വിലിയ നാശനഷ്‌ടങ്ങളൊന്നുമില്ല.

അതേസമയം, ഇന്നും 14, 15 തീയതികളിലും ജില്ലയില്‍ മഞ്ഞ അലേര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ്‌ ശക്‌തമായ മഴയായി കണക്കാക്കുന്നത്‌. മലയോരമേഖലയിലും നദീതീരത്തും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നു കലക്‌ടര്‍ നിര്‍ദേശിച്ചു.


ചൊവ്വാഴ്‌ച രാത്രി മുതലാണു ജില്ലയില്‍ ശക്‌തമായ മഴ പെയ്‌തത്‌. ഇന്നലെ പുലര്‍ച്ചെ വരെ നീണ്ട മഴ ജനങ്ങളില്‍ ഭീതി വിതച്ചു.കഴിഞ്ഞ തവണ ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍, മുണ്ടക്കയം, പൂഞ്ഞാര്‍, തീക്കോയി പ്രദേശങ്ങളില്‍ ശക്‌തമായ മഴ പെയ്‌തതു ആശങ്കയ്‌ക്കു കാരണമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്‌ച രാത്രി പതിനൊന്നോടെ ഈരാറ്റുപേട്ടയിലെ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മൂന്നിലവ്‌ രണ്ടാറ്റുമുന്നി വാകക്കാട്‌ റോഡില്‍ വെള്ളം കയറി. ഈരാറ്റുപേട്ട ടൗണ്‍ കോസ്‌ വേ, അരുവിത്തുറ കോളജ്‌ പാലം എന്നിവിടങ്ങളില്‍ ജലനിരപ്പ്‌ പാലം തൊട്ടുവെങ്കിലും കരകവിഞ്ഞില്ല. മഴ ശമിച്ചതോടെ വെള്ളം വേഗം ഇറങ്ങി.

ഇടമറ്റം – പൈക റോഡില്‍ വെള്ളം കയറി ഇന്നലെ രാവിലെ നേരിയ ഗതാഗത തടസമുണ്ടായി.
മണിമലയാറ്റിലും മീനച്ചിലാറ്റിലും അപ്രതീക്ഷിതമായി ജലനിരപ്പ്‌ ഉയര്‍ന്നത്‌ തീരദേശവാസികളെ ആശങ്കയിലാക്കിയിരുന്നു.

ഇരു പുഴകളിലും വന്‍ തോതില്‍ പ്ലാസ്‌റ്റിക്‌, ഇതര മാലിന്യങ്ങള്‍ ഒഴുകിയെത്തിയതും തീരദേശത്തു താമസിക്കുന്നവരെ ബുദ്ധിമുട്ടിലാക്കി. മണിമലയാറ്റില്‍ പഴയിടം കോസ്‌വേയില്‍ പാലത്തിനു പോലും ഭീഷണിയാകുന്ന വിധത്തിലാണ്‌ മാലിന്യം കെട്ടിക്കിടക്കുന്നത്‌. മീനച്ചിലാറ്റില്‍ മീന്‍ പിടിക്കാന്‍ വലയിട്ട പലര്‍ക്കും മാലിന്യം വലയില്‍ ഉടക്കി നഷ്‌ടമുണ്ടായി.