play-sharp-fill
രാജകുമാരിയില്‍ ഒന്നരവയസ്സുകാരന് പാമ്പുകടിയേറ്റത് സന്ധ്യയോടെ; പാമ്പിനെ തിരിച്ചറിയാത്തതുകൊണ്ട് ലക്ഷ്യമിട്ടത് അതിവേഗ ചികിത്സ; നാട് കൈകോര്‍ത്തപ്പോള്‍ അടിമാലിയിൽ നിന്ന് കോട്ടയത്ത് എത്തിക്കാന്‍ വെറും ഒന്നേകാല്‍ മണിക്കൂര്‍;  ഒന്നര വയസ്സുകാരന്റെ ജീവന്‍ രക്ഷിച്ച  കഥ ഇങ്ങനെ…

രാജകുമാരിയില്‍ ഒന്നരവയസ്സുകാരന് പാമ്പുകടിയേറ്റത് സന്ധ്യയോടെ; പാമ്പിനെ തിരിച്ചറിയാത്തതുകൊണ്ട് ലക്ഷ്യമിട്ടത് അതിവേഗ ചികിത്സ; നാട് കൈകോര്‍ത്തപ്പോള്‍ അടിമാലിയിൽ നിന്ന് കോട്ടയത്ത് എത്തിക്കാന്‍ വെറും ഒന്നേകാല്‍ മണിക്കൂര്‍; ഒന്നര വയസ്സുകാരന്റെ ജീവന്‍ രക്ഷിച്ച കഥ ഇങ്ങനെ…

സ്വന്തം ലേഖകൻ

രാജകുമാരി: ഒരു നാട് മുഴുവൻ കൈകോർത്തപ്പോൾ രക്ഷിപ്പെട്ടത് ഒന്നര വയസ്സുകാരന്റെ ജീവന്‍.


പാമ്പുകടിയേറ്റ കുരുന്നിന്റെ ജീവനാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍, പൊലീസ്, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ സിനിമയെ വെല്ലും ട്രാഫിക് മിഷനിലൂടെ തിരിച്ചു പിടിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയാണ് മാങ്ങാത്തൊട്ടി സ്വദേശികളായ ദമ്പതികളുടെ കുട്ടിക്കു പാമ്പ് കടിയേല്‍ക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ മുത്തച്ഛനും അമ്മയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. പാമ്പ് കടിക്കുന്നത് വീട്ടുകാര്‍ കണ്ടെങ്കിലും ഏതിനം പാമ്പാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ കുട്ടിക്ക് പെട്ടെന്ന് ചികിത്സ ലഭ്യമാക്കുക മാത്രമായിരുന്നു ലക്ഷ്യം.

ഉടന്‍ നാട്ടുകാരില്‍ ചിലര്‍ രാജകുമാരിയിലെ ആംബുലന്‍സ് ഡ്രൈവര്‍ ജിന്റോ മാത്യുവിനെ വിവരമറിയിച്ചു. ഇതിനിടെ കുട്ടിയുമായി മറ്റൊരു വാഹനം രാജകുമാരിയിലേക്കു പുറപ്പെട്ടിരുന്നു. രാജകുമാരിയിലെത്തിയ ഉടന്‍ ജിന്റോ മാത്യു കുട്ടിയുമായി ആംബുലന്‍സിന്റെ മുന്‍ സീറ്റില്‍ കയറി.

മറ്റൊരു ഡ്രൈവറായ ജിജോ മാത്യുവാണ് ഓടിച്ചത്. എമര്‍ജന്‍സി മിഷന്‍ സര്‍വീസിന്റെ ഭാഗമായി പൊലീസ്, സന്നദ്ധ പ്രവര്‍ത്തകര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന സമൂഹമാധ്യമ കൂട്ടായ്മകളിലേക്കു ജിന്റോ വിവരം കൈമാറി.

ആംബുലന്‍സിനു വഴിയൊരുക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ റോഡില്‍ പല ഭാഗത്തും കാത്തുനിന്നു. തിരക്കുള്ള ടൗണുകളില്‍ ആംബുലന്‍സിന് സുഗമമായി കടന്നു പോകാന്‍ പൊലീസും സൗകര്യമൊരുക്കി. രാജകുമാരിയില്‍ നിന്ന് 20 മിനിറ്റ് കൊണ്ട് അടിമാലി താലൂക്ക് ആശുപത്രിയിലെത്തി കുട്ടിക്കു പ്രഥമശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടു പോയി.

ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ടാണ് ആംബുലന്‍സ് അടിമാലിയില്‍ നിന്ന് കോട്ടയത്ത് എത്തിയത്. മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയ്ക്കിടെ കുട്ടി ഉറങ്ങാതിരിക്കാനും ജിന്റോയും ജിജോയും ശ്രമിച്ചു. മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തു. വാര്‍ഡിലേക്കു മാറ്റിയ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.