play-sharp-fill
കെജിഎഫ് പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ വെടിവെപ്പ്;   നിറയൊഴിച്ചത് മൂന്ന് തവണ; ഒരാൾക്ക് പരിക്ക്

കെജിഎഫ് പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ വെടിവെപ്പ്; നിറയൊഴിച്ചത് മൂന്ന് തവണ; ഒരാൾക്ക് പരിക്ക്

സ്വന്തം ലേഖകൻ

ബെംഗളുരു: കെജിഎഫ്: ചാപ്റ്റര്‍ 2 പ്രദര്‍ശനത്തിനിടെ കര്‍ണാടകയില്‍ വെടിവെപ്പ്.


അജ്ഞാതര്‍ രണ്ടുതവണ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് 27കാരന് പരിക്കേറ്റു. കര്‍ണാടകയിലെ ഹവേരിയിലെ രാജശ്രീ സിനിമാ തിയേറ്ററിലാണ് ആക്രമണം ഉണ്ടായത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സ്വന്തം മണ്ഡലമായ ഹവേരി ജില്ലയിലെ ഷിഗ്ഗോവിലാണ് തിയേറ്റര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റയാളെ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി. സുഹൃത്തുക്കളോടൊപ്പം സിനിമ കാണാന്‍ തിയേറ്ററിലെത്തിയ മുഗളി ഗ്രാമത്തിലെ വസന്തകുമാര്‍ ശിവപൂര്‍ എന്ന യുവാവിനാണ് പരിക്കേറ്റത്.

മുന്‍ സീറ്റില്‍ കാലുകള്‍ വെച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. അജ്ഞാതന്‍ യുവാവിനോട് വഴക്കുണ്ടാക്കുകയും അയാള്‍ തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങുകയും ചെയ്തു. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം പിസ്റ്റളുമായി മടങ്ങിയെത്തിയ അയാള്‍ വസന്തകുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഇരുവരും തമ്മില്‍ മറ്റ് ശത്രുതകളില്ലെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച കൃഷിയിടങ്ങളില്‍ ജോലി ചെയ്ത ശേഷം, നടന്‍ യഷിന്റെ കടുത്ത ആരാധകനായ വസന്ത് കുമാര്‍ തന്റെ സുഹൃത്തുക്കളോടൊപ്പം രാത്രി ഷോയ്ക്ക് എത്തിയതായിരുന്നു.

വെടിവെച്ചയാള്‍ ഒളിവിലാണ്, ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ലൈസന്‍സുള്ള തോക്ക് കൈവശമുള്ളവരുടെ പട്ടികയും പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

പ്രതി മൂന്ന് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു, ഒന്ന് വായുവിലേക്കും രണ്ട് തവണ വസന്ത് കുമാറിന് നേരെയും വെടിയുതിര്‍ത്തുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആദ്യ റൗണ്ട് വെടിയുതിര്‍ത്തതോടെ തിയേറ്ററിലുണ്ടായിരുന്ന വസന്തകുമാറിന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്ക് ഓടി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം നടത്താനും പ്രതികളെ പിടികൂടാനും രണ്ട് സംഘങ്ങളെ രൂപീകരിച്ചതായി ഹവേരി പോലീസ് സൂപ്രണ്ട് ഹനുമന്തരായ പറഞ്ഞു. പരിക്കേറ്റയാള്‍ കിംസ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.