play-sharp-fill
മുതിർന്ന സി.പി.എം നേതാവും മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷയുമായ എം.സി.ജോസഫൈൻ അന്തരിച്ചു

മുതിർന്ന സി.പി.എം നേതാവും മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷയുമായ എം.സി.ജോസഫൈൻ അന്തരിച്ചു


സ്വന്തം ലേഖിക

കണ്ണൂർ: മുതിർന്ന സി.പി.എം നേതാവും മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷയുമായ എം.സി.ജോസഫൈൻ അന്തരിച്ചു. കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസിനിടെ ഹൃദയാഘാതമുണ്ടായതിനേത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


2017 മുതൽ 2021 വരെ സംസ്ഥാന വനിതാ കമ്മിഷൻ മുൻ അധ്യക്ഷയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്‍റ്, സംസ്ഥാന പ്രസിഡന്‍റ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അഥോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1978ൽ സിപിഎം അംഗമായി. 1984ൽ എറണാകുളം ജില്ലാ കമ്മിറ്റി അംഗം. 1987ൽ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമാണ്‌. 1996ലാണ് മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്‍റായത്. സംസ്ഥാന വെയർഹൗസിങ്‌ കോർപറേഷൻ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ്‌ ഹോസ്‌പിറ്റൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) പ്രസിഡന്‍റുമായിരുന്നു.

1987ൽ അങ്കമാലിയിലും 2011ൽ മട്ടാഞ്ചേരിയിലും നിയമസഭയിലേക്കും 89ൽ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു പരാജയപ്പെട്ടു. 13 വർഷം അങ്കമാലി നഗരസഭാ കൗൺസിലറായിരുന്നു. നിലവിൽ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമാണ്‌.

1948 ഓഗസ്റ്റ് മൂന്നിന്‌ എറണാകുളം വൈപ്പിൻ മുരിക്കുംപാടം മാപ്പിളശേരി ചവര – മഗ്‌ദലന ദമ്പതികളുടെ മകളായി ജനനം. മുരിക്കുംപാടം സെന്‍റ് മേരീസ്‌ സ്‌കൂൾ, ഓച്ചന്തുരുത്ത്‌ സാന്താക്രൂസ്‌ ഹൈസ്‌കൂൾ, ആലുവ സെന്‍റ് സേവ്യേഴ്‌സ്‌ കോളെജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്‌ കോളെജിൽനിന്ന്‌ മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി.

സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട്‌ പി.എ. മത്തായിയാണ്‌ ഭർത്താവ്‌. മകൻ: മനു പി. മത്തായി. മരുമകൾ: ജ്യോത്സ്ന. പേരക്കുട്ടികൾ: മാനവ്‌ വ്യാസ്‌, കണ്ണകി വ്യാസ്‌.