സ്ത്രീകളെ കമന്റടിക്കുക, കയറിപ്പിടിക്കുക, പിടിച്ചുപറി, മോഷണം എന്നിവ സജീവം; കോട്ടയം നഗരത്തിലെ തീയേറ്റര്‍ റോഡ് സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്ക്കും സുരക്ഷിതമല്ലാത്ത ഇടം; പൊലീസ് പരിശോധന ശക്തമാകുന്നത് പരാതി ഉയരുമ്പോൾ മാത്രം
സ്വന്തം ലേഖിക
കോട്ടയം: തീയേറ്റര്‍ റോഡ് സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്ക്ക് പോലും സമാധാനത്തോടെ നടക്കാന്‍ കഴിയാത്ത ഇടം.
സാമൂഹികവിരുദ്ധര്‍ ഇടംപിടിച്ചിരിക്കുന്ന ഇവിടെ പിടിച്ചുപറി, മോഷണം എന്നിവയും സജീവം. കാര്‍ക്കിച്ചു തുപ്പിയും മൂത്രമൊഴിച്ചും റോഡ് മലിനമാക്കുന്നതും ഇവിടെ പതിവു സംഭവമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൃത്യമായ ഇടവേളകളില്‍ പൊലീസ് ഇവിടെ കുടിയൊഴിപ്പകല് നടത്താറുണ്ടെങ്കിലും തൊട്ടുപിന്നാലെ പഴയ കലാപരിപാടികള്‍ ആരംഭിക്കും.
ടി.ബി. റോഡില്‍ കെ.എസ്.ആര്.ടി.സി.ഭാഗത്തു നിന്ന് മാര്‍ക്കറ്റ് ഭാഗത്തേയ്ക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്നതായതിനാല്‍ നൂറുകണക്കിന് യാത്രക്കാര്‍ പ്രയോജനപ്പെടുത്തുന്ന റോഡാണിത്.
ഇവിടെയുള്ള തീയേറ്ററുകള്‍ വ്യാപാരസ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലേക്കു പോകുന്നവര്‍ക്കും പ്രയോജനപ്രദമാണെങ്കിലും പകല്‍ സമയത്തു പോലും ഇതുവഴി ആര്‍ക്കും വിശ്വസിച്ചു നടക്കാന്‍ കഴിയില്ല.
ഇതുവഴി കടന്നു പോകുന്ന സ്ത്രീകളെ കമന്റടിക്കുക, കയറിപ്പിടിക്കുക എന്നിവയൊക്കെ പതിവാണ്.
ദുരനുഭവം നേരിടുന്ന ഭൂരിഭാഗം സ്ത്രീകളും മിണ്ടാതെ ഓടുകയും പിന്നീട് ഇതുവഴി വരാതിക്കുകയുമാണ് ചെയ്യുക. ഞായറാഴ്ച ഇതു വഴി തീയേറ്ററിലേക്കു പോയ പെണ്‍കുട്ടികളെ കടന്നുപിടിച്ച യുവാവിനെ പിങ്ക് പോലീസിന്റെ നേതൃത്വത്തില്‍ കൈയോടെ പിടികൂടിയിരുന്നു.
അതേ ദിവസം തന്നെ ഇവിടെ സിനിമാ കാണാന്‍ എത്തിയ യുവതിയുടെ സ്കൂട്ടര്‍ മോഷണം പോയി. സാമൂഹിക വിരുദ്ധര്‍ക്കു പുറമേ, ലഹരി ഇടപാടുകാര്‍, കഞ്ചാവ് സംഘങ്ങള്‍ എന്നിവയും റോഡ് താവളമാക്കാറുണ്ട്. ഇരുള് വീണു കഴിഞ്ഞാല്‍ ഇതുവഴി ഒറ്റയ്ക്കു നടന്നു പോകുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നു സ്ഥിരം യാത്രക്കാര്‍ പറയുന്നു.
പുരുഷന്മാര്ക്കും ഈ റോഡ് ദുരനുഭവങ്ങള്‍ നല്‍കാറുണ്ട്. റോഡിന്റെ ചില ഭാഗങ്ങളില്‍ തമ്പടിക്കുന്ന സാമൂഹികവിരദ്ധരായ സ്ത്രീകള്‍ ഒറ്റയ്ക്കു പോകുന്ന പുരുഷന്മാരോട് അശ്ലീല സംഭാഷണം നടത്തുന്നതും കയറിപ്പിടിക്കുന്നതും പണം കവരുന്നതുമൊക്കെ നിത്യസംഭവമാണ്.
നാണക്കേട് ഭയന്നു പുറത്തു പറയാന്‍ മടിക്കുന്നത് മുതലെടുത്ത് സംഘങ്ങള്‍ ഇവിടം താവളമാക്കുകയാണ്. പരാതികള്‍ ഉയരുമ്പോള്‍ മാത്രം സ്ഥലത്തെത്തി മടങ്ങുകയാണ് പൊലീസ്.