കുമരകം കണ്ണാടിച്ചാലിന് സമീപത്തെ കള്ളുഷാപ്പില്‍ കയറി കരിമീന്‍ മപ്പാസും താറാവ് കറിയും മൂക്കുമുട്ടെ കഴിച്ചു; ബില്‍ കൊടുക്കാതെ കാറില്‍ കയറി പാഞ്ഞു; പിന്നാലെ ബൈക്കിൽ പാഞ്ഞ് ഷാപ്പ് ജീവനക്കാരും; ഒടുവില്‍ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍
സ്വന്തം ലേഖിക
കോട്ടയം: കള്ളുഷാപ്പില്‍ കയറി കരിമീന്‍ മപ്പാസും താറാവ് കറിയും മൂക്കുമുട്ടെ കഴിച്ചശേഷം പണം കൊടുക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേരെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.
കുമരകത്തെ കണ്ണാടിച്ചാലിന് സമീപത്തായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശികളായ രണ്ടുപേരാണ് പണം കൊടുക്കാതെ മുങ്ങാന്‍ ശ്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. മാന്യമായ വേഷം ധരിച്ച യുവാക്കള്‍ കാറിലാണ് ഷാപ്പില്‍ എത്തിയത്. വന്നപാടെ ഇഷ്ട ഐറ്റങ്ങള്‍ ഓര്‍ഡര്‍ ചെയ്തു.
മുന്നില്‍ എത്തിയതെല്ലാം മൂക്കുമുട്ടെ കഴിച്ചു. കൈകഴുകിയെത്തിയ ഒരാള്‍ നേരെ പോയി കാറിലിരുന്നു. ഐറ്റങ്ങള്‍ മതിയാണെന്ന് പറഞ്ഞതോടെ വെയിറ്റര്‍ ബില്ലെടുക്കാന്‍ പോയി. ആയിരത്തിലധികമായിരുന്നു ഇവരുടെ ബില്‍ തുക.
ഈ തക്കം നോക്കി രണ്ടാമനും കാറില്‍ കയറി. ഞൊടിയിടയ്ക്കുള്ളില്‍ ഇവര്‍ കാറുമായി സ്ഥലം വിടുകയും ചെയ്തു. തൊട്ടടുത്തുണ്ടായിരുന്ന ചിലര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇതോടെ ഷാപ്പിലെ ജീവനക്കാര്‍ ബൈക്കുമെടുത്ത് പുറകേ പാഞ്ഞു. ഇതിനിടെതന്നെ കാര്‍ പോകാന്‍ ഇടയുള്ള സ്ഥലങ്ങളിലെ പരിചയക്കാരെയും ഷാപ്പിലുള്ളവരെയും നാട്ടുകാര്‍ വിവരം അറിയിച്ചു. അതോടെ അവര്‍ തയ്യാറായി നിന്നു.
കാര്‍ ഇതുവഴി എത്തിയതോടെ അവര്‍ തടഞ്ഞിട്ടു. പണം കൊടുത്താൽ വിടാമെന്ന് നാട്ടുകാര്‍ പറഞ്ഞെങ്കിലും കാറിലുണ്ടായിരുന്നവര്‍ അതിന് തയ്യാറായില്ല. അതോടെ നാട്ടുകാര്‍ പൊലീസിനെ വിളിച്ച് ഇരുവരെയും കൈമാറി.
പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെ ഇവര്‍ ഗൂഗിള്‍ പേ വഴി പണം നല്‍കി പ്രശ്നം പരിഹരിച്ചു.