ബിവറേജിനു മുന്നിൽ ക്യൂ നിൽക്കുന്നവർ ഇനി കൊവിഡ് സർട്ടിഫിക്കറ്റോ, വാക്സിനോ കരുതുക..! ഹൈക്കോടതി വിധിയിൽ സർക്കാരിന്റെയും ഇടപെടൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിവറേജിലും ബാറിലും ക്യൂ നിൽക്കുന്നവർക്ക് ഇനി വാക്സിനെടുത്ത സർട്ടിഫിക്കറ്റോ, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാക്കി.
കടകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രവേശിക്കാൻ വാക്സിനോ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാക്കിയ സർക്കാർ നടപടിയ്ക്കു പിന്നാലെ ഹൈക്കോടതി ഇടപെട്ടതോടെയാണ് സർക്കാർ തീരുമാനമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ കടകളിലും മറ്റും പോകുമ്ബോൾ വാക്സിൻ എടുത്തതോ, കൊവിഡ് നെഗറ്റീവ് എന്നതോ തെളിയിക്കുന്ന രേഖകൾ കൈവശം വയ്ക്കണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു.
അതേസമയം ഈ മാനദണ്ഡങ്ങൾ പാലിക്കാതെ ബെവ്കോയ്ക്ക് മുന്നിൽ നീണ്ട ക്യൂവിൽ നിൽക്കുന്നവരെ പെറ്റി അടിക്കാതെ പൊലീസ് ഒഴിവാക്കുകയും ചെയ്തിരുന്നു. സർക്കാരിന്റെ വിവാദമായ ഈ നടപടികൾ നാളെ മുതൽ മാറുകയാണ്.
പുതുക്കിയ കൊവിഡ് നിയന്ത്രണങ്ങൾ പ്രകാരം സംസ്ഥാനത്തെ മദ്യശാലകളിൽ നിന്നും മദ്യം വാങ്ങണമെങ്കിൽ മാസ്ക് മാത്രം ധരിച്ചാൽ പോര, ഒരു ഡോസ് വാക്സിനെടുത്തതിന്റെ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ കൈവശം കരുതേണ്ടി വരും. ഇവർക്ക് മാത്രം മദ്യം നൽകിയാൽ മതി എന്നാണ് തീരുമാനം. ഔട്ലെറ്റുകൾക്ക് മുന്നിൽ നോട്ടീസ് പതിക്കുകയും ചെയ്യും.
കടകളിൽ പോകുന്നവർ വാക്സിൻ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവിൽപ്പനശാലകൾക്കും ബാധകമാക്കണമെന്ന് കോടതി ഇന്ന് നിർദേശിച്ചിരുന്നു. വാക്സിൻ സ്വീകരിച്ചവർക്കോ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് മാത്രമേ മദ്യം വിൽക്കുകയുള്ളൂവെന്ന് തീരുമാനിക്കണം.
മദ്യം വാങ്ങേണ്ടതിനാൽ കൂടുതൽ ആളുകൾ കുത്തിവയ്പെടുക്കും. രൂക്ഷമായ വിമർശനമാണ് ഇക്കാര്യത്തിൽ സർക്കാരിന് കോടതിയിൽ നിന്നും ഇന്ന് കേൾക്കേണ്ടി വന്നത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നാളെ മറുപടി നൽകണമെന്ന് കോടതി അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഈ നടപടിയുണ്ടായിരിക്കുന്നത്.