പൊളിസാനം റിച്ചാർഡ് കുടുങ്ങി..! കുടുങ്ങിയത് ഇ ബുൾജെറ്റ് വിവാദത്തിൽ പൊലീസിനെ അസഭ്യം പറഞ്ഞതിനെ തുടർന്ന്; കൊല്ലം രാമൻകുളങ്ങരയിലെ വീട്ടിലെത്തി റിച്ചാർഡിനെ പൊലീസ് പൊക്കി
സ്വന്തം ലേഖകൻ
കൊല്ലം: ഇ ബുൾജെറ്റ് വിവാദത്തിൽ പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞ പൊളിസാനം യുട്യൂബർ കുടുങ്ങി.
പൊളിസാനം എന്ന പേരിൽ യു ട്യൂബിൽ വൈറലായി മാറിയ കൊല്ലം രാമൻകുളങ്ങര സ്വദേശിയായ യുവാവിനെയാണ് വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലം രാമൻകുളങ്ങര സ്വദേശി റിച്ചാർഡ് റിച്ചുവിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇ ബുൾജറ്റ് യൂട്യൂബർ സഹോദരന്മാരെ പിന്തുണച്ച വീഡിയോയിലാണ് റിച്ചാർഡ് പോലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും അധിക്ഷേപിച്ചത്.
തന്റെ യൂടൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസമാണ് റിച്ചാർഡ് പോലീസിനെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും അസഭ്യം പറഞ്ഞത്. 4 മിനിറ്റും 11 സെക്കന്റുമുള്ള വീഡിയോ കലാപാഹ്വാനത്തിന് വഴിവയ്ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസെടുത്തത്.
ഐ.പി.സി.153,294.ബി,34 വകുപ്പുകൾ പ്രകാരം സാമൂഹ്യമാധ്യമങ്ങളിലൂടെ കലാപാഹ്വാനം, അസഭ്യവർഷം, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
വീഡിയോ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ശക്തികുളങ്ങര സിഐ ബിജു പ്രതിയെ പിടികൂടുകയായിരുന്നു.
തെളിവ് ശേഖരണത്തിന്റെ ഭാഗമായി റിച്ചാർഡിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണും പെൻഡ്രൈവും പിടിച്ചെടുത്തു.
ഇവ പിന്നീട് ഫോറൻസിക് ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി അയക്കും.