പനമരം ഇരട്ടകൊലപാതകം: പ്രതികളിൽ എത്തിപെടാനാവാതെ വലഞ്ഞ് പോലീസ്, പ്രതികളിൽ ഒരാൾ ഇടം കൈയ്യൻ എന്ന് സൂചന
സ്വന്തം ലേഖകൻ
പനമരം: പനമരം ഇരട്ടകൊലപാതക കേസിൽ പ്രതികളിൽ എത്തിപെടാനാവാതെ വലഞ്ഞ് പോലീസ്. സംഭവം നടന്ന് ഒരു മാസമായിട്ടും വയോധികരായ ദമ്പതികളുടെ കൊലപാതകത്തിലെ പ്രതികളെ പിടിക്കാനോ, കേസിൽ കാര്യമായ തുമ്പുണ്ടാക്കാനോ പോലീസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ മാസം 10 നാണ് പത്മാലയത്തിൽ കേശവൻ, ഭാര്യ പത്മാവതി എന്നിവർ രാത്രി 8.30 നു മുഖംമൂടികളുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്.
കൊലപാതകത്തെ തുടർന്ന് മാനന്തവാടി ഡിവൈഎസ്പി എ.പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സ്ഥലത്ത് ക്യാംപ് ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ചില സൂചനകളല്ലാതെ പ്രതിയിലേക്ക് നേരിട്ടെത്തുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. പോലീസ് സംഘം നാട്ടുകാരെയും ബന്ധുക്കളെയും തൊഴിലാളികളെയും പലകുറി ചോദ്യം ചെയ്തെങ്കിലും പ്രതികളിലേക്കെത്താനുള്ള തെളിവുകൾ ലഭിച്ചിട്ടില്ല.
കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും അവശേഷിക്കാത്തതും, സംഭവ ദിവസം മാനന്തവാടി മെഡിക്കൽ കോളജിൽ എത്തുന്നതു വരെ സംസാരിച്ചിരുന്ന കേശവന്റെ ഭാര്യ പത്മാവതിയോട് വിവരങ്ങൾ ചോദിച്ചറിയാതിരുന്നതും പോലീസിന് തിരിച്ചടിയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് ആശുപത്രിയിൽ എത്തി വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചിരുന്നെങ്കിലും മാരകമായി പരുക്കേറ്റ പത്മാവതിക്ക് പറയാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനുള്ള സാധ്യതയും അടഞ്ഞു.
സംഭവം നടന്നയുടൻ വീട്ടിലെത്തിയവരോട് ഇവർ പറഞ്ഞ വിവരങ്ങൾ വച്ചാണ് നിലവിൽ അന്വേഷണം നീങ്ങുന്നത്. സംഭവം നടന്ന വീടിനടുത്തു കണ്ടെത്തിയ രക്തക്കറ പുരണ്ട തുണിയുടെ ഭാഗവും സിഗരറ്റ് പാക്കറ്റിനെക്കുറിച്ചുമുള്ള അന്വേഷണവും ഇപ്പോഴും നടക്കുന്നുണ്ട്. ഇതിനോടകം വീടിനടുത്തും സമീപ പ്രദേശത്തുള്ള ഒട്ടേറെ പേരുടെ കൈകാൽ വിരലടയാളങ്ങളും മുഖത്തിന്റെ പടങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്.
പലരെയും വിളിച്ചു വരുത്തി പലതരത്തിൽ ചോദ്യം ചെയ്യുന്നതിന് പുറമേ ചിലരുടെ ഫോണുകളിലേക്കു വിളിച്ച് പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സംഭവത്തിന് മുൻപും ശേഷവും പ്രദേശത്തു നിന്ന് കാണാതായവരെയും തിരിച്ചെത്തിയവരെയും കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ പരിസരത്ത് എവിടെയെങ്കിലും ഉപേക്ഷിച്ചോ എന്നറിയാൻ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചും കിണർ വറ്റിച്ചും പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. ഇരട്ടക്കൊല ആസൂത്രിതമെന്ന സംശയം വർധിക്കുമ്പോൾ മോഷണശ്രമത്തിനിടെയാണു വയോധികർ കൊല്ലപ്പെട്ടതെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ കൊല നടത്തിയവർ പ്രഫഷനൽ ടീം ആണെന്ന സംശയവുമുണ്ട്.
വീട്ടിൽ നിന്ന് വസ്തുവകകൾ നഷ്ടപ്പെടാത്തതിനാൽ ആദ്യദിനം തന്നെ കൊലപാതകം ആസൂത്രിതമെന്ന നിലയിലേക്ക് നീങ്ങിയിരുന്നു. കൊലപാതകികൾ അകത്ത് കടന്നത് വീടിന്റെ പിറകിലെ ജനലഴി ഊരിമാറ്റിയതിനു ശേഷമെന്നാണ് സൂചന. വീടിനു പിറകിലുള്ള പഴയ രീതിയിലുള്ള ഒരു ജനലിന്റെ 2 അഴികൾ എടുത്തു മാറ്റിയ നിലയിലാണ്.
കൂടാതെ കൃത്യം നടത്തിയത് ഇടം കയ്യനും ചെറിയ കാൽപാദവും ഉള്ളവനാണോ എന്ന സംശയവും പൊലീസിനുണ്ട് . 2 പേർക്കും കുത്തു കിട്ടിയത് വച്ച് നോക്കുമ്പോൾ ഇടംകയ്യനാകാനാണ് എന്ന സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. അതേസമയം, പ്രതിയെ ഉടൻ പിടികൂടുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ ആവർത്തിക്കുന്നത്.