കൈക്കൂലിക്കേസിൽ പിടിയിലായ മുണ്ടക്കയം സി .ഐ. ഷിബുകുമാറിനെതിരെ കൂടുതൽ പരാതികൾ; വയറിൽ ശസ്ത്രക്രിയ ചെയ്ത കാൻസർ രോഗിയെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച് തുന്നൽ വലിച്ചു പൊട്ടിച്ചു; മുണ്ടക്കയത്തെ വ്യാപാരികൾക്ക് നല്കാനുള്ളത് ലക്ഷങ്ങൾ ; കാൻറീനിൽ ഇലക്ട്രിക് വർക്ക് ചെയ്തതയാൾക്ക് നല്കാനുള്ളത് ഒരു ലക്ഷം രൂപ; പണം ചോദിക്കുമ്പോൾ അകത്താക്കുമെന്ന ഭീഷണിയും; പിടിച്ചുപറിയുടെ കാര്യത്തിൽ തിരുട്ട് ഗ്രാമത്തിലെ പെരുങ്കള്ളന്മാർ വരെ ഷിബുകുമാറിന് മുന്നിൽ തോറ്റു പോകും
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൈക്കൂലിക്കേസിൽ വിജിലൻസിന്റെ പിടിയിലായ മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഷിബുകുമാറിനെതിരായ പരാതികൾ തീരുന്നില്ല. കൈക്കൂലിക്കേസിൽ റിമാൻഡിലാകുകയും, വകുപ്പ് തല അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ ഷിബുകുമാറിനെതിരായ പരാതികളുടെ പ്രവാഹമാണ്. മുണ്ടക്കയം പെങ്ങന സ്വദേശിയായ കാൻസർരോഗിയെ കള്ളക്കേസിൽ കുടുക്കി മർദിച്ച് ഇയാളുടെ ശസ്ത്രക്രിയ ചെയ്ത വയറിലെ തയ്യൽ വലിച്ചു പൊട്ടിച്ചതായാണ് ഇപ്പോൾ ഷിബുകുമാറിനെതിരായി പരാതി ഉയരുന്നത്.
മാസങ്ങൾക്ക് മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. മുണ്ടക്കയം പൈങ്ങന സ്വദേശിയായ പരാതിക്കാരനും അയൽവാസിയും തമ്മിൽ അതിർത്തി തർക്കമുണ്ടായിരുന്നു. അയൽവാസിയുടെ പരാതിയിൽ കാൻസർ രോഗിയായ ഇയാളെ ഷിബുകുമാർ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി. കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഷിബുകുമാർ പെങ്ങന സ്വദേശിയായ കാൻസർ രോഗിയുടെ മുഖത്ത് അടിക്കുകയും, വയറിൽ ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് കൂട്ടിപിടിക്കുകയും ചെയ്തു. ഇതോടെ ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ തുന്നൽ വിട്ടു പോകുകയും ഇയാൾ വേദനയോടെ നിലവിളിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നു, പരിക്കുകളുമായി ഇദ്ദേഹം ആശുപത്രിയിൽ പോയി. പിന്നീട്, തിരികെ എത്തിയ ഇദ്ദേഹം പ്രദേശത്തെ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയോട് സി.ഐയ്‌ക്കെതിരെ പരാതി പറഞ്ഞു. എന്നാൽ, കേസിനു പോയാൽ പുലിവാല് ആകുമെന്നും എല്ലാം ഒത്തു തീർക്കാമെന്നുമായിരുന്നു ലോക്കൽ സെക്രട്ടറിയുടെ മറുപടി. അതോടെ കേസ് മുക്കിയെന്നും, പിന്നീട് ഒന്നും സംഭവിച്ചില്ലെന്നും പരാതിക്കാരൻ പറയുന്നു.
ഇത് കൂടാതെ പ്രദേശത്തെ പാറമട ഉടമകളിൽ നിന്നും പൊലീസ് ക്യാന്റിൻ നിർമ്മാണത്തിനായി ഇദ്ദേഹം സാധനങ്ങൾ ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നതായും ആരോപണം ഉയർന്നിരുന്നു. മുണ്ടക്കയത്തെ വെളിച്ചെണ്ണക്കടയിൽ നിന്നും ലിറ്ററുകണക്കിന് വെളിച്ചെണ്ണ കൈപ്പറ്റിയിരുന്നെന്നും, പണം ചോദിക്കുമ്പോൾ ഭീഷണി മുഴക്കിയിരുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.
കാൻറീനിൻ്റെ ഇലക്ട്രിക്കൽ ജോലികൾ ചെയ്ത യുവാവിന് ഒരു ലക്ഷത്തിലധികം രൂപയാണ് നല്കാനുള്ളത്. ചോദിച്ചാൽ തെറിയും വിരട്ടുമാണ് മറുപടി.
മുട്ടക്കട, പച്ചക്കറിക്കടകൾ, പലചരക്ക് കടകൾ, തുടങ്ങിയ കടകളിലെല്ലാം ലക്ഷങ്ങളുടെ ബാധ്യതയാണ് മുണ്ടക്കയം പോലിസിനുള്ളത്.
സിമൻ്റ് കട മുതൽ ചെരിപ്പുകട വരെ നടത്തുന്നവർക്ക് ഷിബുകുമാർ പണം നല്കാനുണ്ട്. പണം ചോദിക്കുന്ന കടകളുടെ മുന്നിൽ പിന്നീട് വാഹന പരിശോധന നടത്തുന്നതാണ് ഇയാളുടെ രീതി. ഇതോടെ ഗതികെട്ട കടയുടമ പണം വേണ്ടന്ന് വെയ്ക്കും.
മാസ്ക് തയ്ക്കാനെന്ന പേരിൽ മുണ്ടക്കയത്തെ സ്റ്റേഷനറി കടയിൽ നിന്നും പതിനായിരത്തിലധികം രൂപയുടെ നൂലും, മറ്റ് സാധനങ്ങളുമാണ് ഇയാൾ എടുത്തു കൊണ്ടുപോയത്. നയാ പൈസ കടക്കാരന് നല്കിയിട്ടില്ല.
അവസാനം മാസ്ക് തയ്ക്കാക്കാനെത്തിയ യുവതിയുമായി അവിഹിതം ഉണ്ടാകുകയും, ഈ വിവരം സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്യുകയും ചെയ്തതോടെ മാസ്ക് കച്ചവടം പൂട്ടി.
കൈക്കൂലിക്ക് പുറമേ അവിഹിതവും, ഗുണ്ടാ ബന്ധവും, നാട്ടുകാരെ പറ്റിക്കലും കൂടി ആയതോടെ കേരളാ പോലീസ് കണ്ട ഏറ്റവും വലിയ പിടിച്ചുപറിക്കാരൻ്റെ ജോലി പോകുമെന്ന് ഉറപ്പായിട്ടുണ്ട്. ഷിബുകുമാറെന്ന ഒറ്റയാൾ ചെയ്ത വൃത്തികേടുകൾ കാരണം നയാ പൈസ കൈക്കൂലി വാങ്ങാതെ അന്തസായി പണിയെടുക്കുന്ന ആയിരക്കണക്കിന് പോലീസുകാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയായി.