play-sharp-fill
വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിദഗ്ധ സമിതി റിപ്പോർട്ട് രണ്ട് ദിവസത്തിനകം സമർപ്പിക്കും ; പ്രഥമപരിഗണന എസ്.എസ്.എൽ.സി-പ്ലസ് ടു വിദ്യാർത്ഥികൾക്ക് : നിർദ്ദേശങ്ങൾ ഇങ്ങനെ

വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിദഗ്ധ സമിതി റിപ്പോർട്ട് രണ്ട് ദിവസത്തിനകം സമർപ്പിക്കും ; പ്രഥമപരിഗണന എസ്.എസ്.എൽ.സി-പ്ലസ് ടു വിദ്യാർത്ഥികൾക്ക് : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി റിപ്പോർട്ട് സർക്കാരിന് രണ്ട് ദിവസത്തിനകം സമർപ്പിക്കും. അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കുമ്പോൾ ക്ലാസും പഠനവും എങ്ങനെ വേണമെന്ന് പരിശോധിക്കുന്നതിനായി സ്‌കൂൾ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു.


ഇതുമായി ബന്ധപ്പെട്ട്‌  എൻ.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സമിതി കരട് റിപ്പോർട്ടിൽ തിങ്കളാഴ്ച അവസാനവട്ട ചർച്ച നടത്തുകയും ചെയ്തിരുന്നു. സമിതി അംഗങ്ങൾ ഒടുവിൽ സമർപ്പിച്ച നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയായിരിക്കും റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് കൈമാറുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂൾ തുറന്നാൽ 10,12 ക്ലാസിലെ വിദ്യാർഥികൾക്ക് പ്രഥമ പരിഗണന നൽകി സ്‌കൂളിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തുന്നതിനെക്കുറിച്ച് വിദഗ്ധ സമിതി വിലയിരുത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ക്ലാസിലെ ഒരു നിശ്ചിത എണ്ണം വിദ്യാർഥികൾക്ക് മാനദണ്ഡങ്ങൾ പാലിച്ച് അധ്യാപകരിൽനിന്ന് നേരിട്ട് സംശയനിവാരണം നടത്താനുള്ള സൗകര്യം ഉണ്ടായിരിക്കും. അതേസമയം സാഹചര്യം കൂടുതൽ അനുകൂലമാകുമ്പോൾ ക്ലാസിൽ നിശ്ചിത വിദ്യാർഥികളെവച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകളും പരിഗണിക്കാമെന്നാണ് സമിതിയുടെ കണക്കുകൂട്ടൽ.

വിദ്യാലയങ്ങൾ തുറക്കുമ്പോൾ എങ്ങനെ അധ്യയനം സാധ്യമാക്കാം, സിലബസ് ചുരുക്കാതെ പാഠഭാഗങ്ങൾ എങ്ങനെ വിദ്യാർഥികളിലെത്തിക്കാം തുടങ്ങിയ കാര്യങ്ങളാണ് സമിതി വിലയിരുത്തിയിരിക്കുന്നത്.

നിലവിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് കേന്ദ്ര അനുമതിയുണ്ടെങ്കിലും സംസ്ഥാനത്തെ സാഹചര്യം മെച്ചപ്പെടാതെ മുഴുവൻ കുട്ടികളെയും സ്‌കൂളിലെത്തിക്കില്ല.

എസ്എസ്എൽസി, പ്ലസ്ടു വിദ്യാർഥികൾക്ക് പിന്നാലെ ഒൻപത്, 11 ക്ലാസുകളിലെ വിദ്യാർഥികൾക്ക് അവസരം നൽകുന്ന കാര്യവും റിപ്പോർട്ടിലുണ്ട്. നിലവിൽ എസ്‌സിഇആർടിയും സമഗ്രശിക്ഷാ കേരളയും തയ്യാറാക്കി വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന പാഠഭാഗങ്ങൾക്കൊപ്പം കുട്ടികൾക്ക് വർക്ക് ഷീറ്റുകൾകൂടി നൽകണമെന്നും വിദഗ്ധ സമിതി യോഗത്തിൽ നിർദേശമുയർന്നു.