എസ്.എസ്.എൽ.സി പരീക്ഷാ വിജയം: പിന്നിൽ പ്രവർത്തിച്ചവരെ ജില്ലാ പഞ്ചായത്ത് അഭിനന്ദിച്ചു

എസ്.എസ്.എൽ.സി പരീക്ഷാ വിജയം: പിന്നിൽ പ്രവർത്തിച്ചവരെ ജില്ലാ പഞ്ചായത്ത് അഭിനന്ദിച്ചു

തേർഡ് ഐ ബ്യൂറോ

കോട്ടയം : എസ്.എസ്.എൽ.സി വിജയത്തിൽ കോട്ടയം ജില്ല സംസ്ഥാനത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കിയതിൽ വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും, സ്‌കൂൾ അധികൃതരേയും കൂടാതെ വിദ്യാഭ്യാസ ഉപഡയറക്ടർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ, സമഗ്ര ശിക്ഷാ കേരള,ജില്ലാ പ്രോഗ്രാം മാനേജർ, ഡയറ്റ് വൈഭവം ടീം എന്നിവരെയും ജില്ലാ പഞ്ചായത്ത് അഭിനന്ദിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ പഞ്ചായത്ത് കമ്മറ്റിയാണ് അഭിനന്ദിച്ചത്. ഏഴാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്കുള്ള കുതിച്ച് ചാട്ടത്തിന് കാരണമായത് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൂന്ന് കോടിയോളം രൂപാ ചെലവഴിച്ച് നടപ്പിലാക്കിയ വിദ്യാഭ്യാസ പുരോഗതിയ്ക്കുളള പദ്ധതിയായ എബിൾ കോട്ടയം വിജയോത്സവം പദ്ധതി അക്കാദമിക വർഷം തുടക്കം മുതലെ വിദ്യാഭ്യാസ വകുപ്പ്, പൊതുവിദ്യാഭ്യാസ സംക്ഷണ യജ്ഞം, സമഗ്രശിക്ഷാ കേരളം , ഡയറ്റ് എന്നിവയുടെ നേതൃത്വത്തിൽ വിജയകരമായി നടപ്പിലാക്കിയതിലൂടെയാണെന്നും കമ്മറ്റി വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏബിൾ 2 വിജയോത്സവം പദ്ധതിയിലുൾപ്പെട്ട 42 ഗവ.സ്‌കൂളുകളിൽ 32 എണ്ണവും നൂറു മേനി വിജയം നേടി. ഈ സ്‌കൂളുകളിൽ നിന്നും 1851 വിദ്യാർത്ഥികൾ ഫുൾ എ+ നേടി. ജില്ലയിലെ 190 സ്‌കൂളുകൾ 100 % വിജയം നേടി. വിജയോൽസവത്തിന്റെ ഭാഗമായി ജില്ലയെ നാല് സോണുകളാക്കി തിരിച്ച് പ്രഥമാധ്യാപകർക്കും, മറ്റ് അധ്യാപകർക്കും, പി .റ്റി.എ പ്രസിഡന്റുമാർക്കും ,വാർഡ് മെമ്പർ മാർക്കും ശില്പശാലകൾ നടത്തിയാണ് പഠന രൂപരേഖ തയ്യാറാക്കിയത്.

പ്രയാസമുള്ള വിഷയങ്ങൾക്ക് ഡയറ്റ് വൈഭവം ടീം തയ്യാറാക്കിയ പരീക്ഷാ പരിശീലന മോഡ്യൂൾ സി.ഡി. യിലാക്കി പരിശീലനം നൽകി. റിട്ടയർ ചെയ്ത അധ്യാപകർ ടീമായി സ്‌കൂളുകൾ സന്ദർശിച്ച് വിദ്യാർത്ഥികൾക്ക് വേണ്ട പിന്തുണ നൽകി.

വൈഭവം ടീമിന്റെ നേതൃത്വത്തിൽ പിന്നോക്ക സ്‌കൂളുകളെ തെരഞ്ഞെടുത്ത്, അധിക പഠനം സാധ്യമാക്കി. സമഗ്ര ശിക്ഷാ കേരളായുടെ ഇടപെടലിൽ ഭിന്നശേഷി കുട്ടികളുടെ പ്രശ്‌നങ്ങൾ പരിഹരിച്ചതും ലോക് ഡൌൺ കാലത്ത് പിന്നോക്ക മേഖലകളിൽ പ്രാദേശിക പഠനകേന്ദ്രങ്ങളിൽ കുട്ടികൾക്ക് ഓൺലൈൻ പഠന സംവിധാനവും ഒരുക്കിയിരുന്നു.

ഫുൾ എ+ കിട്ടിയ മുഴുവൻ വിദ്യാർത്ഥികൾക്കും 100% വിജയം നേടിയ സ്‌കൂളുകൾക്കും ജില്ലാ പഞ്ചായത്ത് ഉപഹാരം നൽകുമെന്നും ലോക് ഡൌൺ കാലമായതിനാൽ യോഗം വിളിച്ച് കൂട്ടാതെ വീടുകളിലും സ്‌കൂളുകളിലുമായി ഉപഹാരം എത്തിച്ച് നൽകുമെന്നും പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

യോഗത്തിൽ വൈസ് പ്രസിഡന്റ് ഡോ.ശോഭാ സലിമോൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സക്കറിയാസ് കുതിരവേലി, ലിസമ്മ ബേബി, മാഗി ജോസഫ്, പെണ്ണമ്മ ജോസഫ്, മെമ്പർമാരായ അഡ്വ. സണ്ണി പാമ്പാടി, പി.സുഗതൻ, വി.കെ.സുനിൽകുമാർ, അഡ്വ.കെ.കെ.രഞ്ജിത്ത്, അജിത് മുതിരമല, ജയേഷ് മോഹൻ, ബി.മഹേഷ് ചന്ദ്രൻ, ലിസ്സി സെബാസ്റ്റ്യൻ, ബെറ്റി റോയി, ശശികല നായർ, മേരി സെബാസ്റ്റ്യൻ, അനിതാ രാജു , ജെസ്സിമോൾ മനോജ് എന്നിവർ പ്രസംഗിച്ചു.