ലോക്ക് ഡൗണിൽ വിദ്യാഭ്യാസത്തിൻ്റെ ലോക്കഴിച്ചു: ഓൺലൈൻ ക്ലാസുകൾ തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങൾ
തേർഡ് ഐ ബ്യൂറോ
കോട്ടയം : പുതിയൊരു അധ്യയന വർഷത്തിന് തുടക്കമായി. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഓൺലൈനാ യാണ് ക്ലാസ്സുകൾ ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച വിശദാംശങ്ങൾ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു കഴിഞ്ഞുവല്ലോ.
കോവിഡ് 19 ഭീഷണിമൂലം ഇപ്പോൾ സ്കൂൾ തുറക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. സ്കൂൾ അടച്ചുപൂട്ടൽ മൂലം ഏതാനും പ്രവൃത്തി ദിനങ്ങൾ മാത്രമേ കഴിഞ്ഞ അക്കാദമിക വർഷം കുട്ടികൾക്ക് നഷ്ടപ്പെട്ടിട്ടുള്ളൂവെന്ന് സമാധാനിക്കാം. സ്കൂൾ ദിനങ്ങൾ ഇനി നഷ്ടപ്പെടാതെയും നോക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശം’ സംരക്ഷിച്ചേ മതിയാകൂ. പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ടായാലും, ഓൺലൈൻ രീതിയിൽ ജൂൺ ഒന്നിനു തന്നെ ക്ലാസ്സുകൾ തുടങ്ങാൻ സർക്കാർ തീരുമാനിച്ചതും അതുകൊണ്ടാണ്.
മറ്റ് ലോക രാജ്യങ്ങളിലും ഇന്ത്യൻ സംസ്ഥാനങ്ങളിലുമെന്നപോലെ കേരളത്തെ സംബന്ധിച്ചും ഇതൊരു ആദ്യ അനുഭവമാണ്. അതു കൊണ്ടു തന്നെ ഇത്തരം ക്ലാസുകൾ കൂട്ടികൾക്ക് പ്രയോജനപ്പെടുത്താൻ എല്ലാവരുടേയും കുട്ടായ ശ്രമം ആവശ്യമാണ്. രക്ഷിതാക്കളും ഇക്കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെയാണവ?
1. പഠന സൗകര്യമുണ്ടെന്ന് ഉറപ്പാക്കുക.
ഇന്റർനെറ്റ് സൗകര്യം, ക്ലാസ് കാണാനും കേൾക്കാനുള്ള ഉപകരണങ്ങൾ ( ടി.വി, സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയ ) എന്നിവ ലഭ്യമായിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. ലഭ്യമല്ലെങ്കിൽ, ബന്ധപ്പെട്ട സ്കൂളിനെ വിവരമറിയിക്കുക. വിദ്യാഭ്യാസ വകുപ്പ് , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വായനശാലകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയ ഇതിനുള്ള പരിഹാരമുണ്ടാക്കും.
2. യോജിച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുക
ക്ലാസ് കാണുന്നതിനായി കുട്ടിയ്ക്ക് ഏതുപകരണമാണോ ലഭ്യമാക്കിയത്, നിശ്ചിത സമയങ്ങളിൽ അത് സ്വതന്ത്രമായി ഉപയോഗിക്കാൻ കുട്ടിയ്ക്ക് സാധിക്കണം. ആ സമയം മറ്റുള്ളവർ അതുയോഗിക്കുന്നത് നിയന്ത്രിക്കണം. ക്ലാസ് നടക്കുന്ന വേളയിൽ മറ്റ് ശബ്ദകോലാഹലങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ക്ലാസ് അനായാസം കാണാനും കേൾക്കാനും ആവശ്യമായ കാര്യങ്ങൾ രേഖപ്പെടുത്താനും പറ്റിയ വിധം ഇരിപ്പിട ക്രമീകരണം നടത്തണം. കുട്ടിയ്ക്ക് ആവശ്യമായ പഠന സാമഗ്രികളും ( പാo പുസ്തകം, നോട്ട് ബുക്ക്, പേന, പെൻസിൽ തുടങ്ങിയവ) മുൻകൂട്ടി കരുതിയിരിക്കണം. തികച്ചും ഭയരഹിതവും ആത്മവിശ്വാസത്തിന്റേതുമായ ഒരു അന്തരീക്ഷമായിരിമായിരിക്കണം വീട്ടിലേത്.
3. കുട്ടിയെ മാനസികമായി തയ്യാറാക്കുക.
കുട്ടിയേയും രക്ഷിതാവിനെയും സംബന്ധിച്ച് തികച്ചും വ്യത്യസ്തമായ ഒരു പഠന രീതിയിലൂടെ കടന്നുപോകാൻ തുടങ്ങുകയാണ്. പൊതുവിദ്യാലയങ്ങളെ സംബന്ധിച്ചും ഇതൊരു ആദ്യാനുഭവമാണ്. അതു കൊണ്ടു തന്നെ കുട്ടിയുടെ പഠനം എങ്ങനെയായിത്തീരുമെന്ന ആശങ്ക ചിലർക്കെങ്കിലും ഉണ്ടാകാം. രക്ഷിതാക്കളുടെ ഈ ആശങ്കയും മാനസിക പിരിമുറുക്കവും കുട്ടികളിൽ അടിച്ചേല്പിക്കരുത്. ആ രീതിയിൽ അവരോടു സംസാരിക്കുകയോ ഇടപെടുകയോ ചെയ്യരുത്.
ക്ലാസ്സുകൾ കാണാനും അത് ആസ്വദിക്കാനും പ്രചോദനം നൽകുകയാണു വേണ്ടത്. ചില കാര്യങ്ങൾ ക്ലാസ് വേളയിൽ മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു ദിവസത്തെ ക്ലാസ് കേൾക്കാൻ സാധിച്ചില്ലെങ്കിലും പ്രശ്നമില്ലെന്നും , പിന്നീട് ആ ക്ലാസ് കേൾക്കാനും മനസ്സിലാക്കാനും അവസരമുണ്ടെന്നും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തണം.
4. അനാവശ്യ ഇടപെടൽ ഒഴിവാക്കുക.
ക്ലാസ് വേളയിൽ കുട്ടിയുടെ പ0നം തടസ്സപ്പെടും വിധം രക്ഷിതാക്കളുടെയോ വീട്ടിലെ മറ്റ് അംഗങ്ങളുടെയോ ഇടപെടൽ ഒഴിവാക്കണം. ക്ലാസിന് ഇടയ്ക്കു കയറി പഠിപ്പിക്കാനോ വിശദീകരിക്കാനോ ചോദ്യം ചോദിക്കാനോ മുതിരരുത്. ആദ്യാവസാനം ക്ലാസ് കാണുന്നതു കൊണ്ട് കുഴപ്പമില്ല. ക്ലാസിന്റെ ഭാഗമായി കുട്ടിയ്ക്കു നൽകുന്ന പ്രവർത്തനം ഒരു പക്ഷേ അപ്പോൾ തന്നെ അവന് പൂർത്തിയാക്കാൻ കഴിഞ്ഞെന്നു വരില്ല.
ആവശ്യമെങ്കിൽ ക്ലാസ് കഴിഞ്ഞതിതു ശേഷം മാത്രം കുട്ടിയുടെ സംശയങ്ങൾ ദൂരീകരിച്ചു കൊടുക്കുകയോ സഹായിക്കുകയോ ആവാം. എന്നാൽ കുട്ടിയുടെ പ്രായം, അവന്റെ അപ്പോഴത്തെ ശാരീരിക മാനസികാവസ്ഥ, താത്പര്യം എന്നിവ പരിഗണിച്ചു മാത്രമേ ഇക്കാര്യങ്ങൾ ചെയ്യാവൂ. അടുത്ത ഓരോ ക്ലാസും കേൾക്കാനുള്ള അഭിപ്രേരണ സൃഷ്ടിക്കാനാകണം രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്.
5. അധ്യാപകരുമായി ആശയവിനിമയം നടത്തുക.
ക്ലാസിനു ശേഷം ആ വിഷയം പഠിപ്പിക്കുന്ന തന്റെ അധ്യാപികയുമായി ആശയവിനിമയം നടത്താൻ കുട്ടിയെ പ്രേരിപ്പിക്കണം. ഇത് നിർബന്ധിച്ച് ചെയ്യിപ്പിക്കേണ്ട ഒരു കാര്യമല്ല. എപ്പോഴും വേണമെന്നുമില്ല. അവന്റെ സംശയങ്ങൾ ദൂരീകരിക്കുന്നതിനാകണം മുഖ്യമായും ഈ ബന്ധപ്പെടൽ. രക്ഷിതാക്കൾക്കും ഇതാകാം. ആവശ്യമുള്ളപ്പോൾ മാത്രം. ക്ലാസുകൾക്കു ശേഷം അധ്യാപകൻ വാട്സാപ് മുഖേനയോ ഫോൺ മുഖേനയോ തരുന്ന നിർദേശങ്ങൾ പാലിക്കാനും ശ്രദ്ധിക്കണം. ക്ലാസ് തല വാട്സാപ് ഗ്രൂപ്പിൽ താനും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഓരോ രക്ഷിതാവും ഉറപ്പുവരുത്തണം.
ഡോ.ആർ.വിജയമോഹനൻ
(മുൻ ഡയറ്റ് പ്രിൻസിപ്പൽ & ഡി.പി.ഒ ; സമഗ്ര ശിക്ഷ കേരളം, പത്തനംതിട്ട)