play-sharp-fill
കളിയ്ക്കാവിളയിൽ നടന്നത് വെറുതെ ഒരു കൊലപാതകം മാത്രം ; പൊലീസുകാരനെ കൊലപ്പെടുത്തിയത് ഭീകരരുടെ റിഹേഴ്‌സൽ മാത്രമെന്ന്  വെളിപ്പെടുത്തൽ

കളിയ്ക്കാവിളയിൽ നടന്നത് വെറുതെ ഒരു കൊലപാതകം മാത്രം ; പൊലീസുകാരനെ കൊലപ്പെടുത്തിയത് ഭീകരരുടെ റിഹേഴ്‌സൽ മാത്രമെന്ന്  വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം :കളിയ്ക്കാവിളയിൽ നടന്നത് വെറുതെ ഒരു കൊലപാതകം മാത്രം. പൊലീസ് ഉദ്യേഗദസ്ഥനെ കൊലപ്പെടുത്തിയത് ദക്ഷിണേന്ത്യയിൽ ഭീകരരുടെ സാന്നിധ്യമറിയിക്കാനും ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുമാണെന്നാണ് പോലീസ് നിഗമനം. ദക്ഷിണേന്ത്യയിലെ ഭീകരാക്രമണത്തിന്റെ ‘ടെസ്റ്റ് ഡോസ്’ നടപ്പാക്കാൻ കേരളാതമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിള തെരഞ്ഞെടുത്തതു കൃത്യമായ ലക്ഷ്യത്തോടെയാണ്. രാജ്യത്തെ രണ്ടു സംസ്ഥാനങ്ങളിലെ സുരക്ഷാസംവിധാനങ്ങളോടുള്ള വെല്ലുവിളികൂടിയായിരുന്നു അത്. എന്നാൽ, ഇരയായി എ.എസ്.ഐ. വിൽസണെ തെരഞ്ഞെടുത്തതു പൊലീസിന്റെ ‘പ്രതിനിധി’ എന്ന നിലയിൽ മാത്രം. വിൽസൺ അല്ലെങ്കിൽ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ ഭീകരരുടെ ക്രൂരതയ്ക്ക് ഇരയാകുമായിരുന്നു എന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.

ശ്രീലങ്കയിൽ കഴിഞ്ഞ ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണത്തേത്തുടർന്ന്, ദക്ഷിണേന്ത്യയിലെ ഭീകരസാന്നിധ്യം അന്വേഷണ ഏജൻസികൾ നിരീക്ഷിച്ചുവരുകയായിരുന്നു. തമിഴ്‌നാട്ടിലും കർണാടകത്തിലും നടന്ന നിരന്തര റെയ്ഡുകളിൽ ഇക്കാര്യം വ്യക്തമാകുകയും ചെയ്തു.
പൊലീസിനെത്തന്നെ ലക്ഷ്യമിട്ട് ജനങ്ങളിൽ ഭീതി വിതയ്ക്കുകയായിരുന്നു കളിയിക്കാവിള കൊലപാതകത്തിന്റെ ലക്ഷ്യം. ലോകത്തു പലയിടത്തും ഭീകരർ ഇതേ മാതൃകയിലുള്ള ആക്രമണങ്ങൾ നടത്താറുണ്ട്. ശാന്തമായ സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽപ്പോലും. കേരളത്തിൽ ഇതിനു മുൻപ് സമാനമായ സംഭവമുണ്ടായതു 2009 സെപ്റ്റംബർ 29നു വർക്കലയിലാണ്. അന്നു ശിവപ്രസാദ് എന്ന നിരപരാധിയെ വെട്ടിക്കൊലപ്പെടുത്തുകയും സമീപത്തെ ചായക്കട ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് (ഡി.എച്ച്.ആർ.എം) സ്ഥാപകനേതാവ് ഉൾപ്പെടെ 14 പേർ അറസ്റ്റിലായിരുന്നു. എട്ട് പ്രതികൾക്കു കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. രണ്ടുപേരെ ഇനിയും പിടികിട്ടാനുണ്ട്. കൊല്ലപ്പെട്ട ശിവപ്രസാദിനോടു പ്രതികൾക്കു വൈരാഗ്യമില്ലായിരുന്നെന്നും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ജനശ്രദ്ധ നേടാനുമാണു ‘വെറുതേ ഒരു കൊലപാതകം’ നടത്തിയതെന്നുമാണു പൊലീസ് വിശദീകരിച്ചത്. എന്നാൽ, ഡി.എച്ച്.ആർ.എം. ഇതു നിഷേധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ.എസ്.ഐ വിൽസണെ വധിച്ച കേസിലെ മുഖ്യപ്രതികളായ അബ്ദുൾ ഷമീം, തൗഫീക്ക് എന്നിവർ കർണാടകയിലെ ഉഡുപ്പി റെയിൽവേ സ്‌റ്റേഷനിൽനിന്നു പിടിയിലായി.
കർണാടകത്തിലേക്കു കടന്ന പ്രതികൾ സംസ്ഥാനം വിടാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ചേർന്ന് ഇന്നലെ ഉച്ചയോടെ പിടികൂടുകയായിരുന്നു. രണ്ടുപ്രതികൾക്കും തോക്ക് എത്തിച്ച് നൽകിയ ഇജാസ് പാഷയെ ഇന്നലെ ബെംഗളുരു പൊലീസ് പിടികൂടിയിരുന്നു. നിരോധിത തീവ്രവാദ സംഘടനയായ അൽഉമ്മയുടെ പുതിയ രൂപമായ തമിഴ്‌നാട് നാഷണൽ ലീഗിന്റെ പ്രവർത്തകനായ ഇജാസിൽനിന്നു ലഭിച്ച പ്രതികളുടെ പുതിയ ഫോൺ നമ്പർ നിരീക്ഷിച്ചാണ് അറസ്റ്റ്.