പശുവിനെ മേയ്ച്ചു വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കിണറ്റിൽ വീണു; കടുത്തുരുത്തിയിൽ വയോധികയെയും പശുവിനെയും ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി
കടുത്തുരുത്തി: പശുവിനെ മേയ്ച്ചു വീട്ടിലേക്കു കൊണ്ടുപോകുന്നതിനിടെ പശുവുമായി കിണറ്റില്‍ വീണ വയോധികയെ ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം അഞ്ചോടെ ഞീഴൂര്‍ പഞ്ചായത്തിലെ മരങ്ങോലി പുലികുത്തിമലയിലാണ് സംഭവം.
കടുവാകുഴിയില്‍ ഏലിയാമ്മ സെബാസ്റ്റ്യ (82) നാണ് പശുവിനൊപ്പം കിണറ്റില്‍ വീണത്. വൈകുന്നേരം തീറ്റ കഴിഞ്ഞു പശുവിനെ അഴിച്ചു വീട്ടിലേക്കു കൊണ്ടുപോകുമ്പോഴാണ് സംഭവം.വീടിനു സമീപത്തായുള്ള സ്ഥലത്തെ ഉപയോഗശൂന്യമായ ചുറ്റുമതിലില്ലാത്ത കിണറ്റിലാണ് വയോധികയും പശുവും വീണത്.
മുന്നോട്ടോടിയ പശുവാണ് ആദ്യം കിണറ്റില്‍ വീണത്. പിന്നാലെ കയറില്‍ പിടിച്ചിരുന്ന ഏലിയാമ്മയും കിണറ്റില്‍ പതിക്കുകയായിരുന്നു. 15 അടി താഴ്ചയുള്ള കിണറ്റില്‍ അരയാള്‍പ്പൊക്കത്തില്‍ മാത്രമെ വെള്ളമുണ്ടായിരുന്നുള്ളു. ഏലിയാമ്മയുടെ കരച്ചില് കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഇവരെ രക്ഷപ്പെടുത്താനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്നു കടുത്തുരുത്തി ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. അപകടത്തില്‍ ഏലിയാമ്മയും പശുവും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ടി. ഷാജികുമാറിന്റെ നേതൃത്വത്തില്‍ ജീവനക്കാരായ സി.എം. അലക്സ്, എ.കെ. സുരേഷ്കുമാര്‍, കെ.എസ്. നന്ദു, ആര്. രഞ്ചുമോന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.