എട്ടുനോമ്പിനൊരുങ്ങി മണര്‍കാട്; സെപ്റ്റംബര്‍ ഒന്നിന് കൊടിമരം ഉയര്‍ത്തല്‍ച്ചടങ്ങ്; റാസ ആറിന്, നടതുറക്കല്‍ ഏഴിന്
മണര്‍കാട്: മരിയന്തീര്ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പാചരണത്തിനു സെപ്റ്റംബര്‍ ഒന്നിനു തുടക്കമാകും. ഒന്നിനു വൈകുന്നേരം 4.30ന് കൊടിമരം ഉയര്‍ത്തല്‍ച്ചടങ്ങ് നടത്തും. നാലിനു നടക്കുന്ന പൊതു സമ്മേളനത്തില്‍ തിരുനാളിന്റെ ഭാഗമായി എട്ടു കുടുംബങ്ങള്‍ക്കു നിര്‍മിച്ചു നല്കുന്ന വീടുകളുടെ അടിസ്ഥാനശില കൈമാറും.
ആറിന് ഉച്ചകഴിഞ്ഞ് രണ്ടിന് കുരിശുപള്ളിയിലേക്കുള്ള പ്രസിദ്ധമായ റാസ നടക്കും. ഏഴിനു രാവിലെ 11.30ന് മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായചിത്രം ദര്‍ശനത്തിനു തുറക്കുന്ന ചരിത്ര പ്രസിദ്ധമായ നടതുറക്കല്‍ ചടങ്ങ് നടക്കും. എട്ടിനു നേര്‍ച്ച വിളമ്പോടെ തിരുനാള്‍ സമാപിക്കും.
തിരുനാളിന്റെ ഭാഗമായി പള്ളിയിലെ ഇലുമിനേഷന്‍ കൊടിയേറ്റു ദിവസമായ ഒന്നു മുതല്‍ നട അടയ്ക്കുന്ന 14 വരെയുണ്ടാകും. നോമ്പ് ദിനങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് ഒന്നു മുതല്‍ ഏഴുവരെ നേര്‍ച്ച കഞ്ഞി വിതരണം ചെയ്യും.
തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ ആറിനു കരോട്ടെ പള്ളിയിലും രാവിലെ എട്ടിനു താഴെത്തെ പള്ളിയിലും വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും. ബിഷപ്പുമാര്‍ വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും. ഏഴിനു രാവിലെ 8.30ന് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എട്ടിനു രാവിലെ 8.30ന് കുര്യാക്കോസ് മാര്‍ ദിയസ്കോറസിന്റെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല് കുര്‍ബാന നടക്കും.
നാലിനു വൈകുന്നേരം ആറിനു നടക്കുന്ന പൊതുസമ്മേളനത്തില്‍ ഡോ. തോമസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിക്കും. മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്യും.
ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണവും എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യപ്രഭാഷണവും നടത്തും. മന്ത്രി വി.എന്‍. വാസവന് സേവകസംഘം നിര്‍മിച്ചു നല്കുന്ന ഭവനങ്ങളുടെ അടിസ്ഥാന ശില വിതരണം ചെയ്യും. സെന്റ് മേരീസ് സ്കൂള്‍ രജതജൂബിലി ആഘോഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.
ആറിന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് മണര്‍കാടിനെ ഭക്തിസാന്ദ്രമാക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ആത്മീയഘോഷയാത്രയായ റാസ നടക്കുന്നത്. നടതുറക്കല്‍ ദിനമായ ഏഴിന് ഉച്ചകഴിഞ്ഞ് 1.30ന് പന്തിരുനാഴി ഘോഷയാത്ര. രാത്രി 9.30ന് വെടിക്കെട്ട്.
സ്ലീബ തിരുനാള്‍ ദിനമായ 14നു സന്ധ്യാനമസ്കാരത്തിനുശേഷമാണ് നട അടയ്ക്കുന്നത്. തിരുനാള്‍ ചടങ്ങുകള്‍ ഓണ്‍ലൈനില്‍ തത്സമയം കാണുന്നിനുള്ള ക്രമീകരണമുണ്ട്.
വികാരി ഫാ. ഇ.ടി. കുര്യാക്കോസ് കോറെപ്പിസ്കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫാ. ആന്‍ഡ്രൂസ് ചിരവത്തറ കോറെപ്പിസ്കോപ്പ, ട്രസ്റ്റിമാരായ എം.പി. മാത്യു, ബിജു പി. കോര, ആശിഷ് കുര്യന് ജേക്കബ്, സെക്രട്ടറി തോമസ് മാണി എന്നിവര്‍ തിരുനാള്‍ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്കുന്നു.