ശരീരത്തിലെ നാഡികളെ ഉത്തേജിപ്പിക്കുന്ന മെഷീൻ ; സെയില്‍സ്മാന്‍റെ വാക്കുകളില്‍ വിശ്വസിച്ച്‌ ആരോഗ്യം വീണ്ടെടുക്കാനായി വാങ്ങിയ ഉപകരണത്തില്‍നിന്നു പൊള്ളലേറ്റു ; തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച്‌ രണ്ടു ശസ്ത്രക്രിയകള്‍ നടത്തി ;  ചികിത്സയിലിരിക്കെ വയോധികന്‍ മരിച്ചു ; ഉപകരണത്തിന്‍റെ നിര്‍മാതാക്കള്‍ക്കെതിരേ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി ബന്ധുക്കൾ

ശരീരത്തിലെ നാഡികളെ ഉത്തേജിപ്പിക്കുന്ന മെഷീൻ ; സെയില്‍സ്മാന്‍റെ വാക്കുകളില്‍ വിശ്വസിച്ച്‌ ആരോഗ്യം വീണ്ടെടുക്കാനായി വാങ്ങിയ ഉപകരണത്തില്‍നിന്നു പൊള്ളലേറ്റു ; തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച്‌ രണ്ടു ശസ്ത്രക്രിയകള്‍ നടത്തി ;  ചികിത്സയിലിരിക്കെ വയോധികന്‍ മരിച്ചു ; ഉപകരണത്തിന്‍റെ നിര്‍മാതാക്കള്‍ക്കെതിരേ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി ബന്ധുക്കൾ

സ്വന്തം ലേഖകൻ

ചേര്‍ത്തല: ആരോഗ്യം വീണ്ടെടുക്കാന്‍ സെയില്‍സ്മാന്‍റെ കൈയില്‍നിന്നു വാങ്ങിയ ഉപകരണത്തില്‍നിന്നു ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെ വയോധികന്‍ മരിച്ചു.ചേര്‍ത്തല നഗരസഭ അഞ്ചാം വാർഡ് നെടുമ്പ്രക്കാട് ചാലില്‍നികർത്ത് വീട്ടില്‍ കെ.ഡി. നിശാകരൻ (69) ആണ് മരിച്ചത്. ഉപകരണത്തിന്‍റെ നിര്‍മാതാക്കള്‍ക്കെതിരേ ബന്ധുക്കള്‍ നല്‍കിയ കേസ് നടന്നുകൊണ്ടിരിക്കെയാണ് മരണം.

വീട്ടിലെത്തിയ സെയില്‍സ്മാന്‍റെ വാക്കുകളില്‍ വിശ്വസിച്ച്‌ ആരോഗ്യം വീണ്ടെടുക്കാനായി വാങ്ങിയ ഉപകരണമാണ് നിശാകരന്‍റെ ജീവനെടുത്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ശരീരത്തിലെ നാഡികളെ ഉത്തേജിപ്പിക്കുന്ന മെഷീനെന്ന് വിശ്വസിപ്പിച്ചെന്നാണ് പരാതി. വൈദ്യുതി ഉപയോഗിച്ചാണ് ഇതിന്‍റെ പ്രവര്‍ത്തനമെന്നും വൈദ്യുതി ഓണ്‍ ആക്കുമ്ബോള്‍ ഉപകരണം സ്വയം ചൂടായി ശരീരത്തിന്‍റെ ഏതുഭാഗത്തുമുള്ള നാഡികളെ ഉത്തേജിപ്പിക്കുമെന്നും അതിനായി ഉപകരണം ചുറ്റിയതിനുശേഷം അതിലുള്ള വയര്‍ വൈദ്യുതിയില്‍ കണക്‌ട് ചെയ്ത് സ്വിച്ച്‌ ഓണ്‍ ആക്കണമെന്നും വിശ്വസിപ്പിച്ചെന്നാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങനെ കാലിന്‍റെ ഭാഗത്തെ നാഡിയുടെ ആരോഗ്യം വീണ്ടെടുക്കാനായി കാലില്‍ ഉപകരണം ചുറ്റിയതിനുശേഷം വൈദ്യുതിയുടെ സ്വിച്ച്‌ ഓണ്‍ ചെയ്തത് ആദ്യം ചെറുതായി ചൂടായെങ്കിലും ക്രമേണ അവിചാരിതമായി ചൂട് വര്‍ധിച്ച്‌ നിശാകരന്‍റെ കാലില്‍ ഗുരതരമായ പൊള്ളലിനിടയാക്കി. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച്‌ രണ്ടു ശസ്ത്രക്രിയകള്‍ നടത്തി. തുടര്‍ചികിത്സകള്‍ നടക്കുന്നതിനിടെയാണ് നിശാകരന്‍റെ മരണം.

പ്രായമായ അച്ഛനും അമ്മയും മാത്രം വീട്ടിലുള്ളപ്പോഴാണ് വില്‍പനക്കാരന്‍ വീട്ടിലെത്തി ഉല്‍പന്നം വിറ്റതെന്ന് മകന്‍ സനില്‍കുമാറും മരുമകള്‍ ശാരിയും പറഞ്ഞു. കറണ്ടില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണത്തിനു സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. 850 രൂപ വിലവരുന്ന ഉപകരണമാണ് നിശാകരനു കൊടുത്തത്. ഇതു തവണകളായി കൊടുത്താല്‍ മതിയെന്ന വ്യവസ്ഥയിലാണ് വില്‍പന നടത്തിയത്. ജനുവരി 13 നാണ് ഇതുവാങ്ങി ഉപയോഗിച്ചത്. തുടര്‍ന്ന് 29 ദിവസമാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ കിടന്നത്. പൊള്ളലേറ്റ് നിശാകരൻ ഗുരുതരാവസ്ഥയിലായിരിക്കെ മകന്‍ ഒ.എന്‍. സനല്‍കുമാര്‍ പോലീസില്‍ പരാതി നല്‍കി.

‌പരാതിയെത്തുടര്‍ന്ന് പോലീസ് ഇടപെട്ട് ഉത്പന്ന നിര്‍മാതാക്കളായ സ്വകാര്യ കമ്ബനി പ്രതിനിധികളെ വിളിച്ചുവരുത്തി 1.20 ലക്ഷം നഷ്ടപരിഹാരമായി ചെക്കു നല്‍കിയെങ്കിലും തുക നല്‍കാതെ കബളിപ്പിച്ചിക്കുകയായിരുന്നെന്നു പറയുന്നു. ഇതുസംബന്ധിച്ച്‌ ബന്ധുക്കള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്കിയിട്ടുണ്ട്. കേസുമായി മുന്നോട്ടുപോകാനാണ് ബന്ധുക്കളുടെ തീരുമാനം. നിശാകരന്‍റെ സംസ്കാരം വീട്ടുവളപ്പില്‍ നടത്തി. ഭാര്യ: സരള. മക്കള്‍: സനില്‍കുമാർ, സബി. മരുമക്കള്‍: ശാരിമോള്‍, സജിമോൻ.