കൊവിഡ് മാനദണ്ഡം ലംഘിച്ച് നിശാപാര്‍ട്ടി; കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍

കൊവിഡ് മാനദണ്ഡം ലംഘിച്ച് നിശാപാര്‍ട്ടി; കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍

സ്വന്തം ലേഖകൻ

ഇടുക്കി: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടിയും ബെല്ലി ഡാൻസും നടത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ അഞ്ച് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 33 ആയി. ആകെ 47 പേര്‍ക്കെതിരെയാണ് കേസ്. സേനാപതി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റുമായ ജെയിംസ് തെങ്ങുംകുടിയാണ് ഇന്ന് അറസ്റ്റിലായത്.

ജൂണ്‍ 28 നാണ് തണ്ണിക്കോട്ട് മെറ്റല്‍സ് എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്തത്. മന്ത്രി എം.എം മണിയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ സ്ഥാപനം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിശാപാര്‍ട്ടി നടത്തിയത് വന്‍ വിവാദമായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു ബെല്ലി ഡാന്‍സും മദ്യസല്‍ക്കാരമൊക്കെയുള്ള പാര്‍ട്ടി. ഇതിന് പിന്നാലെ മന്ത്രി എം.എം മണിക്കും സി.പി.ഐ.എമ്മിനുമെതിരെ കെ.പി.സി.സി അടക്കം ആരോപണം ഉന്നയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിശാപാര്‍ട്ടി നടത്തിയ റിസോര്‍ട്ടിന് ശാന്തന്‍പാറ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്.. രാജാപ്പാറയിലെ ജംഗിള്‍ പാലസ് റിസോര്‍ട്ടിനാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. തണ്ണിക്കോട്ട് മെറ്റല്‍സ് റവന്യു വകുപ്പ് അടപ്പിക്കുകയും ചെയ്തു. ലൈസന്‍സ് ഇല്ലാത്ത ക്രഷര്‍ തുറന്നതിനെ തുടര്‍ന്നാണ് നടപടി. തണ്ണിക്കോട്ട് മെറ്റല്‍സ് ഉടമ റോയി കുര്യനെതിരെ നടപടിയെടുക്കുമെന്നും റവന്യു വകുപ്പ് അറിയിച്ചിട്ടുണ്ട്.