ആലുവയിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 192 പാചക വാതക സിലിണ്ടറുകൾ പൊലീസ് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
ആലുവ: വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 192 പാചക വാതക സിലിണ്ടറുകൾ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ ചൂർണ്ണിക്കര സ്വദേശിഷമീർ (44), ഇയാളുടെ സഹായി ബീഹാർ മിസാപ്പൂർ സ്വദേശി രാമാനന്ദ് (48) എന്നിവരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.
കുന്നത്തേരിയിലെ വീട്ടിലാണ് അനധികൃതമായി ഗാർഹിക വാണിജ്യ സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നത്. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗ്യാസ് നിറച്ച സിലിണ്ടറുകൾ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൻ വിലയ്ക്ക് ഹോട്ടലുകൾക്കും വീടുകൾക്കും ഗ്യാസ് മറിച്ചുവിൽക്കുകയാണ് ഇയാളുടെ രീതി. കുറേക്കാലമായി വിപണനം ആരംഭിച്ചിട്ട്. രഹസ്യമായാണ് വീടുകളിലേയ്ക്കും കടകളിലേക്കും ഗ്യാസ് എത്തിച്ചു നൽകുന്നത്.
പൊലീസ് പരിശോധനയ്ക്ക് എത്തുമ്പോൾ വീട് നിറയെ ഗ്യാസ് സിലിണ്ടറുകളായിരുന്നു. ഒരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ഇവ കൂട്ടിയിട്ടിരുന്നത്. ത്രാസ്, സിലിണ്ടറുകൾ കൊണ്ടുപോകുന്ന വാഹനം, മോട്ടോർ, മറ്റ് ഉപകരണങ്ങൾ എന്നിവ വീട്ടിൽനിന്ന് കണ്ടെടുത്തു.
ആലുവ ഡിവൈ.എസ്.പി എ. പ്രസാദിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം.എം. മഞ്ജു ദാസ്, എസ്.ഐ പി.ടി. ലിജിമോൾ, എ.എസ്.ഐമാരായ ബി. സുരേഷ് കുമാർ, കെ.പി. ഷാജി, സി.പി.ഒമാരായ എസ്. സുബ്രഹ്മണ്യൻ, കെ.ആര്‍. രാജേഷ്, വി.എ. അഫ്സൽ എന്നിവരാണ് ഉണ്ടായിരുന്നത്.