11 കെവി ലൈന് അരികിൽ ഏറ്റുമാനൂർ നഗരസഭ വാട്ടർ ടാങ്ക് പണിതത് അനുമതിയില്ലാതെ: രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റതിന് പിന്നിൽ നഗരസഭയുടെ അനാസ്ഥ

11 കെവി ലൈന് അരികിൽ ഏറ്റുമാനൂർ നഗരസഭ വാട്ടർ ടാങ്ക് പണിതത് അനുമതിയില്ലാതെ: രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റതിന് പിന്നിൽ നഗരസഭയുടെ അനാസ്ഥ

സ്വന്തം ലേഖകൻ

ഏറ്റുമാനൂര്‍: ഏറ്റുമാനൂരിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഷോക്കേറ്റ സംഭവത്തിൽ നഗരസഭയ്ക്ക് വേണ്ടി വാട്ടർ ടാങ്ക് നിർമ്മിച്ചത് അനുമതിയില്ലാതെയെന്ന് കണ്ടെത്തൽ. വൈദ്യുതി ലൈനുകൾ കടന്നു പോകുന്ന സ്ഥലങ്ങളിൽ ഉയരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് കെ.എസ്.ഇ.ബിയുടെ അനുമതി വാങ്ങണമെന്നാണ് ചട്ടം. എന്നാൽ , ഇത് അനുമതിയില്ലാതെയാണ് നിർമ്മാണ പ്രവർത്തനം നടത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഇത്തരത്തിൽ നിർമ്മാണ പ്രവർത്തനം നടത്തിയതാണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഷോക്കേറ്റതിന് പിന്നിലെന്നാണ് സൂചന. നീണ്ടൂര്‍ റോഡില്‍ പടിഞ്ഞാറെനട കുടിവെള്ളപദ്ധതിയുടെ ടാങ്ക് നിര്‍മ്മാണത്തിലേര്‍പെട്ടിരുന്ന ഒഡീഷാ സ്വദേശികളായ ലുദിയാദാസ് (22), രാജോഷ് (21) എന്നിവര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്. ടാങ്കിന്‍റെ നിര്‍മ്മാണത്തിന് ഉപയോഗിച്ച ഇരുമ്പുകമ്പി എടുത്തു പൊക്കിയപ്പോള്‍ തൊട്ടു ചേര്‍ന്നുള്ള 11 കെ.വി. വൈദ്യുതി ലൈനില്‍ മുട്ടിയാണ് ഷോക്കേറ്റത്.
വൈദ്യുതാഘാതമേറ്റ ഒരാള്‍ അപ്പോള്‍തന്നെ 30 അടിയോളം താഴേക്ക് തെറിച്ചുവീണു. പൊള്ളലേറ്റ അടുത്ത തൊഴിലാളി താഴേക്ക് ഇറങ്ങാനാവാതെ മുകളില്‍ കുരുങ്ങി. കോട്ടയത്തുനിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഇയാളെ താഴെയിറക്കി. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍ സ്റ്റേഷൻ ഹൗസ് ഓഫിസർ സി ഐ എ.ജെ തോമസ് , പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അനൂപ് സി നായർ എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
എന്നാൽ ,അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ ഇതുവരെ നടപടി ആരംഭിച്ചിട്ടില്ല. അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനം നടത്തിയ നഗരസഭയ്ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്.