കോട്ടയം നഗരമധ്യത്തിൽ വാഹനം തടഞ്ഞു: ചങ്ങനാശേരിയിൽ ട്രെയിൻ തടഞ്ഞു: പണിമുടക്കുകാർ രണ്ടാം ദിവസം ഹർത്താലാക്കാൻ നോക്കുന്നു

കോട്ടയം നഗരമധ്യത്തിൽ വാഹനം തടഞ്ഞു: ചങ്ങനാശേരിയിൽ ട്രെയിൻ തടഞ്ഞു: പണിമുടക്കുകാർ രണ്ടാം ദിവസം ഹർത്താലാക്കാൻ നോക്കുന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: 48 മണിക്കൂർ നീണ്ടു നിൽക്കുന്ന ദേശീയ പൊതുപണിമുടക്കിനെ രണ്ടാം ദിനം ഹർത്താലാക്കി മാറ്റാൻ പണിമുടക്ക് അനൂകൂലികളുടെ ശ്രമം. കോട്ടയം നഗമധ്യത്തിൽ വാഹനങ്ങൾ തടഞ്ഞ പണിമുടക്ക് അനുകൂലികൾ ചങ്ങനാശേരിയിൽ ട്രെയിൻ തടഞ്ഞിട്ടു. ആദ്യ ദിനം സമാധാനപരമായ ജില്ലയിൽ നടന്ന പണിമുടക്കാണ് രണ്ടാം ദിനം നേരിയ അക്രമത്തിലേയ്ക്ക് നീങ്ങുന്നതെന്നാണ് സൂചന.


ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് ഒരു സംഘം പണിമുടക്ക് അനൂകൂലികൾ നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ എത്തിയത്. കൊടികെട്ടിയ വടികളുമായി നഗരമധ്യത്തിൽ ഇറങ്ങിയ ഇവർ, പൊലീസ് നോക്കി നിൽക്കെ വാഹനങ്ങൾ തടയുകയായിരുന്നു. സ്വകാര്യ വാഹനങ്ങൾ അടക്കം ഇവർ തടയുകയും, യാത്രക്കാരെ ഇറക്കി വിടാൻ ശ്രമിക്കുകയും ചെയ്തു. കാറിലെത്തിയ ഒരു കുടുംബം ഇതിനെ പ്രതിരോധിച്ചതോടെ നടുറോഡിൽ തർക്കമായി. ഇതോടെയാണ് പ്രശ്‌നത്തിൽ പൊലീസ് ഇടപെട്ടത്. തുടർന്ന് ഈ കുടുംബത്തെ സുരക്ഷിതമായി ഇവർ കടത്തി വിടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ നിരവധി ആളുകൾ വാഹനങ്ങളിൽ എത്തിയെങ്കിലും പൊലീസ് സ്ഥലത്തുണ്ടായിരുന്നതിനാൽ വീണ്ടും പണിമുടക്ക് അനുകൂലികൾ വാഹനങ്ങൾ തടഞ്ഞില്ല. ഓട്ടോയും ടാക്‌സി വാഹനങ്ങളും തടയുന്നതിന് വേണ്ടി ഇവർ സമര സ്ഥലം പിന്നീട് ഗാന്ധിസ്‌ക്വയറിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ തടയുന്നത് ഒഴിവാക്കിയിട്ടുമുണ്ട്.
ഇതിനിടെ ചങ്ങനാശേരിയിൽ രാവിലെ പണിമുടക്ക് അനുകൂലികൾ വേണാട് എക്‌സ്പ്രസ് തടഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി അഞ്ചു മിനിറ്റ് പാളത്തിലിറങ്ങി നിന്ന് ട്രെയിൻ തടയുകയായിരുന്നു. ട്രെയിൻ അധികനേരം തടഞ്ഞിടാതിരുന്നതിനാൽ ക്രമസമാധാന പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല.

ഇതോടെ ട്രെയിൻ ഗതാഗതവും സാധാരണ നിലയിലായിട്ടുണ്ട്. ഇതിനിടെ ട്രെയിൻ തടഞ്ഞ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച പണിമുടക്കിന്റെ ഭാഗമായി ജില്ലയിൽ പല സ്ഥലത്തും വാഹന ഷോറൂമുകൾ ബലമായി അടപ്പിക്കാൻ യൂണിയൻ പ്രവർത്തകർ നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് കോടിമതയിലെ ഹുണ്ടായ് ഷോറൂമിൽ എത്തിയ പ്രവർത്തകർ ഈ ഷോറും അടയ്ക്കാൻ നിർദേശം നൽകി. തുടർന്ന് പ്രവർത്തകർ ഷോറൂം ബലമായി അടപ്പിക്കുകയായിരുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തുറന്ന ഷോറൂമുകൾ ഇതേ രീതിയിലാണ് യൂണിയനുകൾ അടപ്പിച്ചത്.


കടകളും ജുവലറികളും തുറന്ന് പ്രവർത്തിച്ചെങ്കിലും ഇവിടങ്ങളിലൊന്നും ആളുകൾ ഇന്നലെ എത്തിയിരുന്നില്ല. സ്വകാര്യ – കെഎസ്ആർടിസി ബസുകളും ടാക്‌സി വാഹനങ്ങളും സർവീസ് നടത്താതെ വന്നതോടെയാണ് ഇത്തരത്തിൽ ആളുകൾ നഗരത്തിലേയ്ക്ക് എത്താതെ വന്നത്. ഇന്നും സമാന രീതിയിൽ തന്നെയാവും കാര്യങ്ങൾ നടക്കുക എന്നാണ് സൂചന. ഇതുവരെയും വാഹനങ്ങൾ ഒന്നും ഓടുന്നില്ല. പണിമുടക്ക് അനുകൂലികൾ വാഹനങ്ങൾ തടയാൻ തുടങ്ങുക കൂടി ചെയ്ത സാഹചര്യത്തിൽ ഇന്ന് ദീർഘദൂര യാത്ര കൂടുതൽ ദുഷ്‌കരമാകുമെന്ന് ഉറപ്പാകും.