രൂപം മാറിയെന്നു പറഞ്ഞുള്ള സഹപ്രവർത്തകരുടെ കളിയാക്കൽ മടുത്ത് ഡിഎൻഎടെസ്റ്റ് നടത്തിയ യുവതി റിസൽട്ട് കണ്ട് ഞെട്ടി: അപ്പനും അമ്മയും മാറി: ഇക്കാര്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താൻ രംഗത്തിറങ്ങി ജനങ്ങൾ
ഹെനാൻ: അവശ്യ ഘട്ടങ്ങളില്‍ പിതൃത്വം തെളിയിക്കുന്നതിനും മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുമെല്ലാം ഏറെ സഹായകരമാണ് ഡിഎൻഎ ടെസ്റ്റ്.
എന്നാല്‍ വടക്കൻ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ സിൻസിയാങ്ങില് നിന്നുള്ള ഒരു യുവതി ഡിഎൻഎ ടെസ്റ്റിന് വിധേയയായത് തനിക്ക് വ്യത്യസ്ത രൂപമാണെന്ന സഹപ്രവർത്തകരുടെ കളിയാക്കലുകള്‍ കാരണമായിരുന്നു.
എന്നാല്‍ ആ ഡിഎൻഎ ഫലം അവളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ പോന്നതായിരുന്നു. ഒപ്പം കഴിയുന്ന മാതാപിതാക്കള്‍ക്ക് പിറന്ന മകളല്ല താനെന്ന യാഥാർഥ്യമാണ് ഡിഎൻഎ പരിശോധനയില്‍ നിന്ന് യുവതിക്ക് മനസിലായത്.
കാണാൻ ഹെനാൻ പ്രവിശ്യയിലുള്ള തങ്ങളെപോലെയില്ലെന്നു പറഞ്ഞാണ് സഹപ്രവർത്തകർ യുവതിയെ പലപ്പോഴും കളിയാക്കിയിരുന്നത്. ഇടയ്ക്ക് കാര്യമായും ഇടയ്ക്ക് തമാശരൂപേണയും മറ്റു ചിലപ്പോള്‍ കളിയാക്കിയും പറയുന്ന ഇക്കാര്യം ശരിയാണെന്ന് യുവതിക്കും സംശയം തോന്നി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നാലെ അവള് ഉടൻ ചെയ്തത് ഇക്കാര്യത്തെ കുറിച്ച് തന്റെ കുടുംബത്തോട് ചോദിക്കുക എന്നതായിരുന്നു. എന്നാല്‍, ചോദ്യങ്ങള്‍ക്ക് അവളുടെ കുടുംബം വ്യക്തമല്ലാത്തതും പരസ്പര വിരുദ്ധവുമായ ഉത്തരങ്ങള്‍ നല്‍കിയതോടെ യുവതിയുടെ മനസിലും സംശയം ഉയർന്നു.
”ഓർമവെച്ച കാലംമുതല്‍ ഞാൻ സിൻസിയാങ്ങിലാണ് താമസിച്ചിരുന്നത്.
പക്ഷേ, ഞാൻ ജോലി ചെയ്യാൻ തുടങ്ങിയപ്പോള്‍, എന്റെ സഹപ്രവർത്തകർ പറഞ്ഞു, ഞാൻ കാണാൻ അവരെ പോലെയല്ലെന്ന്. നിങ്ങള്‍ക്ക് ഞങ്ങളേക്കാള്‍ വലിയ മൂക്കും കട്ടിയുള്ള ചുണ്ടുകളും വലുതും ആഴമുള്ളതുമായ കണ്ണുകളുണ്ട്. നിന്നെ ഹെനാനില്‍ നിന്നുള്ള ഒരാളെപ്പോലെയല്ല തോന്നുന്നത്.
എല്ലാ രാത്രിയിലും ഇക്കാര്യം എന്നെ അലട്ടിത്തുടങ്ങി.” – സൗത്ത് ചൈന മോണിങ് പോസ്റ്റിന് നല്കിയ അഭിമുഖത്തില്‍ യുവതി പറഞ്ഞു.
തന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ കുംടുംബം ഉരുണ്ടുകളിച്ചതോടെയാണ് യുവതി ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരണം തേടാൻ തീരുമാനിച്ചത്.
ഫലം വന്നപ്പോള്‍ യുവതിയുടെ സംശയങ്ങള്‍ ശരിയാകുകയായിരുന്നു. അവളെ വളർത്തിയത് അവളുടെ സ്വന്തം മാതാപിതാക്കളല്ലായിരുന്നു. മാത്രമല്ല, ചൈനയുടെ തെക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗ്വാങ്സി പ്രവിശ്യയാണ് യുവതിയുടെ നാടെന്നും പരിശോധനയില്‍ വ്യക്തമായി.
ഈ സംഭവം ഒക്ടോബർ 24-ാം തീയതി ഹെനാൻ ബ്രോഡ്കാസ്റ്റിങ് സിസ്റ്റത്തിലൂടെ രാജ്യത്തെല്ലാവരും അറിഞ്ഞു. സോഷ്യല്‍ മീഡിയയിലടക്കം സംഭവം വൈറലായി. ഇതോടെ ചൈനയിലെ സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകള്‍ യുവതിയുടെ യഥാർഥ മാതാപിതാക്കളെ കണ്ടെത്താൻ ഒന്നിച്ചിറങ്ങിയിട്ടുണ്ട്.