സുറുമ എഴുതിയ മിഴികളെ” എന്ന ഗാനത്തോടെയാണ് യൂസഫലി മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവായി മാറുന്നത്: പ്രണയത്തിന്റെ മധുരമുള്ള തേനിൽ മുക്കി എഴുതിയ ഈ ഗാനത്തിലെ ഓരോ വരിയും എക്കാലത്തും കാമുക ഹൃദയങ്ങളെ കോരിത്തരിപ്പിച്ചിട്ടുണ്ട്
കോട്ടയം: സംസ്കൃത പണ്ഡിതനായിരുന്ന
ഇ പി ഭരതപിഷാരടിയുടെ മുന്നിലെത്തിയ ആ രണ്ടു കുട്ടികളെ അദ്ദേഹം കുറച്ചു നേരം നോക്കി നിന്നു . ആശ്ചര്യമായിരുന്നു അദ്ദേഹത്തിന്റെ കണ്ണുകളിൽ .
എങ്ങിനെ ആശ്ചര്യപ്പെടാതിരിക്കും .?
തന്റെ ദീർഘകാല അദ്ധ്യാപക ജീവിതത്തിനിടയിൽ ആദ്യമായാണ് ഒരു മുസ്ലിം കുട്ടി സംസ്കൃതം പഠിക്കാനായി എത്തിയിരിക്കുന്നത്.
പാട്ടിൽ അത്യധികം താൽപര്യമുണ്ടായിരുന്ന അനുജൻ യൂസഫലിയെ സംസ്കൃതം പഠിപ്പിക്കാനായി കൂട്ടിക്കൊണ്ടു വന്നിരിക്കുന്നത് ജേഷ്ഠൻ അഹമ്മദാണ്. നാട്ടുകാരുടെ പരിഹാസങ്ങൾ കേട്ടെങ്കിലും അറിവിന്റെ ഉപാസകനായി എത്തിയ ആ കുട്ടിയെ അദ്ദേഹം സംസ്കൃതം പഠിപ്പിക്കാൻ തന്നെ തയ്യാറായി.
ആ തപസ്യ വിഫലമായില്ല. പിൽക്കാലത്ത് സംസ്കൃതത്തിൽ പാട്ടെഴുതി കൊണ്ട് ഭാരതത്തിലെ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്ക്കാരം വരെ നേടിയെടുത്ത ആ മുസ്ലിം കുട്ടിയാണ് യൂസഫലി കേച്ചേരിയെന്ന മലയാളത്തിലെ പ്രസിദ്ധ ഗാനരചയിതാവ്.
വിദ്യാഭ്യാസം ഒന്നുമില്ലെങ്കിലും മാപ്പിളപ്പാട്ടുകൾ ശ്രുതിമധുരമായി പാടിയിരുന്ന ഉമ്മ നജ്മ കുട്ടിയിൽ നിന്നാണ് കൊച്ചുയൂസഫലിയുടെ സംഗീതവാസന തളിരിടുന്നത്.
ഉപരിപഠനത്തിനിടയിൽ മഹാപണ്ഡിതനായിരുന്ന
ഡോ: കെ.പി. നാരായണ പിഷാരടിയെ കണ്ടുമുട്ടിയതായിരുന്നു യൂസഫലിയുടെ ജീവിതത്തെ ആകെ മാറ്റിമറിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്കൃത കാവ്യങ്ങളും വേദോപനിഷത്തുകളുമെല്ലാം
മതജാതിഭേദമില്ലാതെ അദ്ദേഹം പ്രിയ ശിഷ്യന് പകർന്നു നൽകി.
വിദ്യാഭ്യാസത്തിനുശേഷം തൃശ്ശൂർ ബാറിലെ അഭിഭാഷകനായി ജീവിതം ആരംഭിച്ചെങ്കിലും യൂസഫലിയുടെ മനസ്സ് എന്നും കലാലോകത്ത് സഞ്ചരിക്കുകയായിരുന്നു.
മലയാള സിനിമയുടെ ഭീഷ്മാചാര്യനായിരുന്ന രാമുകാര്യാട്ടാണ് യൂസഫലിയുടെ ചലച്ചിത്ര രംഗത്തേക്കുള്ള കടന്നുവരവിന് ഒരു നിമിത്തമായത് .
അദ്ദേഹം സംവിധാനം ചെയ്ത
” മൂടുപടം “എന്ന ചിത്രത്തിൽ ഒരു പാട്ടെഴുതാനായി സുഹൃത്തായ യൂസഫലിക്ക് അവസരം നൽകുന്നു. മൂടുപടത്തിൽ മുഖ്യ ഗാനരചയിതാവായി
പി ഭാസ്കരൻ ഉണ്ടായിരുന്നുവെങ്കിലും യൂസഫലി എന്ന ഗാനരചയിതാവിനെ
വിശാലഹൃദയനായ അദ്ദേഹവും സ്വാഗതം ചെയ്തു.
കാര്യാട്ടിന്റെ “മൂടുപടം ” ആയിരുന്നു യൂസഫലിയുടെ ആദ്യ ചിത്രമെങ്കിലും ഖദീജയിലെ
“സുറുമ എഴുതിയ മിഴികളെ
പ്രണയ മധുരതേൻ തുളുമ്പും സൂര്യകാന്തി പൂക്കളേ…… ”
എന്ന ഗാനത്തോടെയാണ് യൂസഫലി മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവായി മാറുന്നത്. പ്രണയത്തിന്റെ മധുരമുള്ള തേനിൽ മുക്കി എഴുതിയ ഈ ഗാനത്തിലെ ഓരോ വരിയും എക്കാലത്തും കാമുക ഹൃദയങ്ങളെ അക്ഷരാർത്ഥത്തിൽ കോരിത്തരിപ്പിച്ചിട്ടുണ്ട്.
പെൺകുട്ടികളുടെ മനസ്സിൽ പ്രണയം പൂവിടുന്നത് കണ്ണുകളിൽ തെളിഞ്ഞുകാണുമല്ലോ ….?
കാമുകിയുടെ കണ്ണുകളിൽ പ്രണയത്തിന്റെ മധുരമുള്ള തേൻ നിറഞ്ഞു തുളുമ്പുകയാണ്. അതുകൊണ്ടാണ് കവി ഗാനത്തിന്റെ അനു പല്ലവിയിൽ
“ജാലകത്തിരശ്ശീല നീക്കി
ജാലമെറിയുവതെന്തിനോ
തേൻ പുരട്ടിയ മുള്ളുകൾ നീ കരളിലെറിയുവതെന്തിനോ ….”
എന്നെഴുതിയത്. ജാലകത്തിരശ്ശീലയുടെ പിന്നിൽ നിന്നും തേടി വരുന്ന പ്രണയ മിഴികളുടെ സൗന്ദര്യം മൊബൈൽ ഫോണിലൂടെ പ്രണയിക്കുന്ന പുതു തലമുറക്ക് ഒരു പക്ഷേ അറിയില്ലായിരിക്കും.
പ്രണയം തുളുമ്പുന്ന നീലമിഴികളുടെ സൗന്ദര്യം കവിക്ക് എത്ര പറഞ്ഞിട്ടും മതി വരുന്നില്ല …
ഗാനം പുരോഗമിക്കുന്നതെങ്ങിനെയാണെന്ന് നോക്കൂ …..
“ഒരു കിനാവിൻ ചിറകിലേറി ഓമലാളെ നീ വരൂ
നീലമിഴിയിലെ രാഗലഹരി നീ പകർന്നു തരൂ തരൂ … ” (സുറുമ )
യുവമനസ്സുകളെ ഏറ്റവും രാഗാർദ്രമാക്കുന്ന വികാരമാണ് പ്രണയം . പ്രണയത്തിന്റെ അനുഭൂതികളെ ലളിതവും മധുരമൂറുന്നതുമായ വാക്കുകളിലൂടെ വരച്ചിടുകയായിരുന്നു കവി ശ്രേഷ്ഠനായ യൂസഫലി കേച്ചേരി ഈ സുന്ദര പ്രണയ ഗാനത്തിലൂടെ .
അതുകൊണ്ടാണ് 57 വർഷം കഴിഞ്ഞിട്ടും പുതുമ നശിക്കാതെ ഇന്നും പ്രണയ മനസ്സുകൾ ഈ ഗാനത്തെ ഹൃദയത്തിൽ താലോലിച്ചു കൊണ്ടിരിക്കുന്നത്.
എല്ലാ തരം ഗാനങ്ങളും എഴുതിയിട്ടുണ്ടെങ്കിലും പ്രണയഗാനങ്ങൾ എഴുതുമ്പോഴാണ് യൂസഫലിയുടെ തൂലിക അതിമനോഹരമാകുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് “പരിണയം “എന്ന ചിത്രത്തിലെ
“അഞ്ചു ശരങ്ങളും പോരാതെ മൻമഥൻ നിൻ ചിരി സായകമാക്കി …”
എന്ന ഗാനത്തിന്റെ കല്പനകൾ എത്ര മനോഹരമാണെന്ന് നോക്കൂ !
“ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ ……” (സിന്ദൂരച്ചെപ്പ് ) “എന്തു ഭംഗി നിന്നെക്കാണാൻ
എന്റെ ഓമലാളെ …. ” (ജോക്കർ ) “എഴുതിയതാരാണ് സുജാത നിൻ കടമിഴി കോണിലെ കവിത …. “.( ഉദ്യോഗസ്ഥ)
“പതിനാലാം രാവുദിച്ചത്
മാനത്തോ കല്ലായിക്കടവത്തോ ..”
(മരം)
“പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു … ” (സ്നേഹം )
“അനുരാഗഗാനം പോലെ …. ”
(ഉദ്യോഗസ്ഥ )
എന്നിവ ചില ഉദാഹരണങ്ങൾ മാത്രം.
സംസ്കൃതഭാഷയിൽ മാത്രമല്ല അറബി ഭാഷയിലും ഇദ്ദേഹത്തിന്റെ പാണ്ഡിത്യം പ്രകടമാകുന്നതാണ് “സഞ്ചാരി ” എന്ന ചിത്രത്തിലെ “റസൂലേ നിൻ കനിവാലേ “എന്ന ഗാനം .
ഗാനരചന കൂടാതെ സിനിമാ നിർമ്മാണത്തിലും സംവിധാനത്തിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള വ്യക്തികൂടിയാണ് യൂസഫലി കേച്ചേരി . നീലത്താമര , മരം, വനദേവത തുടങ്ങിയ ചിത്രങ്ങൾ യൂസഫലിയുടെ സംവിധാനത്തിലൂടെയാണ് പുറത്തുവന്നത്.
മധു സംവിധാനം ചെയ്ത “സിന്ദൂരച്ചെപ്പ് “എന്ന ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയത് യൂസഫലിയായിരുന്നു.
ഇന്ത്യയിൽ മറ്റൊരു ഗാനരചയിതാവിനും അവകാശപ്പെടാനില്ലാത്ത ഒരു വിശേഷ ഗാനരചനാ വൈഭവത്തിനുടമയാണ് ഈ ബഹുഭാഷാ കവി.
ദേവഭാഷയായ സംസ്കൃതത്തിൽ ഏതാനും ഗാനങ്ങൾ എഴുതിക്കൊണ്ട് ഭാരതീയ സംസ്കൃതിയുടെ കൊടിയടയാളമാവാൻ ഈ കവിക്ക് കഴിഞ്ഞത് ചെറിയ കാര്യമല്ല.
“ചഞ്ചല ചഞ്ചല നയനം … ”
( കല്യാണപ്പന്തൽ )
“ജാനകി ജാനെ രാമ …. ” (ധ്വനി)
” കൃഷ്ണകൃപാസാഗരം …. ”
( സർഗ്ഗം )
“ഗേയം ഹരി നാമധേയം…” (മഴ ) എന്നീ സംസ്കൃത ഗാനങ്ങളിൽ 2000-ത്തിൽ പ്രദർശനത്തിനെത്തിയ ” മഴ” എന്ന ചിത്രത്തിലെ ഗാനത്തിനാണ് യൂസഫലിക്ക് മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്ക്കാരം ലഭിക്കുന്നത്.
ജന്മം കൊണ്ട് മുസ്ലീമാണെങ്കിലും യൂസഫലിയുടെ ഹൈന്ദവ ഭക്തി ഗാനങ്ങൾ പ്രത്യേകിച്ച് കൃഷ്ണഗീതികൾ ഭക്തകോടികളുടെ മനസ്സിൽ നിർവൃതികളുടെ നിറമാല ചാർത്തുന്നവയായിരുന്നു.
എം.ടി. ഹരിഹരൻ ടീമിന്റെ “പരിണയം ” എന്ന ചിത്രത്തിലെ “പാർവ്വണേന്ദു മുഖി പാർവ്വതി …..”എന്ന തിരുവാതിര ഗാനം ഒന്ന് ഓർത്തു നോക്കൂ.
കേരളത്തിന്റെ ഐതിഹ്യങ്ങളിൽ തുടിച്ചുനിൽക്കുന്ന തിരുവാതിര എന്ന മലയാളി മങ്കമാരുടെ തനതു കലാരൂപത്തിന്റെ ഭാവാത്മകത ഒട്ടും ചോർന്നുപോകാതെ കേരളീയ സംസ്കൃതിയുടെ താള ബോധത്തോടെ എത്ര സുന്ദരമായാണ് ഈ ഗാനം യൂസഫലി പുണ്യപുരാണ പശ്ചാത്തലത്തിൽ രചിച്ചിരിക്കുന്നത് .
“പ്രിയ ” എന്ന ചിത്രത്തിലെ
” കണ്ണിനു കണ്ണായ കണ്ണാ
എന്നും ഗുരുവായൂർ വാഴും താമരക്കണ്ണാ …”
എന്ന ഗീതികയാണ് യൂസഫലിയുടെ കൃഷ്ണഭക്തി പ്രകടമാകുന്ന മറ്റൊരു പ്രശസ്ത ഗാനം .
മലയാളഗാന സാഹിത്യ ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭാവനകൾ കൊണ്ട് സ്വന്തം ഇരിപ്പിടം തീർത്ത യൂസഫലി കേച്ചേരി 2015 മാർച്ച്
21 -നാണ് അന്തരിച്ചത്.
ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മദിനം. പ്രണയമധുരത്തിന്റെ തേൻനിലാവിൽ ഈ കവി നെയ്തെടുത്ത സുന്ദര കല്പനകൾ സൂര്യകാന്തി പൂക്കളെ പോലെ മലയാളികളുടെ മനസ്സിൽ എന്നും വിരിഞ്ഞു നിൽക്കുന്നു..