വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ല; തീരുമാനത്തിൽ മാറ്റമില്ല; അനിശ്ചിത കാല ബസ് സമരം നവംബർ 21 മുതല്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരമെന്ന് സ്വകാര്യ ബസ് ഉടമകള്‍. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കി. നവംബര്‍ 1 മുതല്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കുന്നതില്‍ ഗതാഗത മന്ത്രിക്കെതിരെ ബസ് ഉടമകള്‍ പ്രതിഷേധവും രേഖപ്പെടുത്തി.
സീറ്റ് ബെല്‍റ്റും ക്യാമറയും നവംബര്‍ 1നകം വെക്കാന്‍ പറ്റില്ലെന്നും ഇതിന് കൂടുതല്‍ സമയം നല്‍കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. ഏപ്രില്‍ വരെ സമയം നല്‍കണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഇവര്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 31ലെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ബസ് ഉടമകള്‍ നിലപാട് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാര്‍ത്ഥികളുടെ യാത്രക്കൂലി വര്‍ദ്ധന, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയ തീരുമാനം എന്നിവയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബര്‍ 31ന് ബസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
അടുത്തിടെയാണ് നവംബര്‍ ഒന്ന് മുതല്‍ ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കാനുളള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. കേന്ദ്ര നിയമ പ്രകാരമാണ് നടപടിയെന്നും, അതിനാല്‍ ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. എന്നാല്‍ ഈ തീരുമാനം അപ്രായോഗികമാണ് എന്നാണ് ബസ് ഉടമകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ബസുകളില്‍ നിരീക്ഷണക്യാമറയും ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റും ഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. സ്വകാര്യ ബസ് ഉടമകളുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ല. അവരുമായി ചര്‍ച്ച നടത്തിയിരുന്നു. നവംബര്‍ ഒന്നിന് ശേഷം ഫിറ്റ്നസ് തീരുന്നതുവരെ ക്യാമറ സ്ഥാപിക്കാന്‍ സാവകാശം നല്‍കുന്നത് പരിഗണിക്കാമെന്ന് സ്വകാര്യ ബസുടമകളെ അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.