വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തർക്കം; യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു: ഡ്രൈവർ പിടിയിൽ
സ്വന്തം ലേഖകൻ
ആലുവ: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പാഴ്സൽ വാഹന ഡ്രൈവർ പിടിയിൽ. ആലങ്ങാട് ചെരിയേലിൽ ബിനീഷ്(26) ആണ് പിടിയിലായത്. ആലുവ ടൗൺ പൊലീസാണ് പ്രതിയെ പിടികൂടിയത്. എരുമത്തല സ്വദേശി അരുണിനാണ് കുത്തേറ്റത്.
ഈ മാസം 25-ന് ആയിരുന്നു സംഭവം നടന്നത്. അശോകപുരത്തെ ഗോഡൗണിലേക്ക് പാഴ്സലുമായി വന്ന വാഹനം റോഡിൽ സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുചക്രവാഹനത്തിൽ വന്നവരും പാഴ്സൽ വാഹന ഡ്രൈവറും തർക്കിക്കുന്നത് കണ്ട് അരുൺ പ്രശ്നത്തിൽ ഇടപെട്ടതാണ്. പ്രകോപിതനായ ബിനീഷ് കത്തി ഉപയോഗിച്ച് അരുണിനെ കുത്തിവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അരുണിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വിവിധ സ്റ്റേഷൻ പരിധിയിൽ മൂന്ന് അടിപിടിക്കേസിലെ പ്രതിയാണ് ബിനീഷെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.