കുറവിലങ്ങാട്ട് യൂത്ത് കോൺഗ്രസ് ‘സ്നേഹവീട്’ നിർമ്മാണം തുടങ്ങി
സ്വന്തം ലേഖകൻ
കുറവിലങ്ങാട്: സ്‌പെഷ്യൽ സ്കൂൾ ഒളിംപിക്‌സ് താരം ജോജോ ജോസിന് യൂത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി നിർമ്മിച്ചുനല്കുന്ന സ്നേഹവീടിന്റെ നിർമ്മാണ ജോലികൾ ആരംഭിച്ചു.
ആദ്യ ഘട്ടമായി മേൽക്കൂര പൊളിച്ചുമേയുന്ന ജോലികൾ പൂർത്തിയാക്കി. ചോർന്നൊലിക്കുന്ന അവസ്ഥയിലായിരുന്ന വീട്ടിൽ ആണ് ജോജോയും അമ്മയും സഹോദരിയും ഉൾപ്പെടെ താമസിക്കുന്നത്. ഇവരുടെ കഷ്ടപ്പാട് നേരിട്ട് കണ്ട യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ കൊച്ചുതറപ്പിലാണ് വീട് പുനരുദ്ധരിക്കാമെന്ന് വാഗ്ദാനം ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ തുടർന്നാണ് യൂത് കോൺഗ്രസ് സംസ്ഥാനത്താകെ നടപ്പാക്കുന്ന യൂത്ത് കെയറിന്റെ ഭാഗമായി “സ്നേഹവീട്’ എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചത്. മഴ ശക്തമായതോടെ ചോർന്നൊലിക്കുന്ന വീട്ടിലെ താമസം സുരക്ഷിതമല്ലാത്തതിനാലാണ് അടിയതിരമായി മേച്ചിൽ പൊളിച്ചുപണിതത്. ഇതോടെ ചോർച്ച ഒഴിവാക്കാനായി.
വീടിന്റെ തേപ്പ്, വയറിങ്, പ്ലംബിംഗ് ജോലികളും വരും ദിവസങ്ങളിൽ ആരംഭിക്കും.
ഡൽഹിയിലും ആസ്സാമിലും ഉൾപ്പെടെ ദേശീയ സ്‌പെഷ്യൽ സ്കൂൾ ഒളിംപിക്‌സുകളിൽ ജോജോ കേരളത്തിനുവേണ്ടി മാറ്റുരച്ചിട്ടുണ്ട്. സ്പ്രിന്റ്, വോളിബോൾ, ഫുട്‌ബോൾ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുമുണ്ട്.
മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പതിമൂന്നാം വാർഡിലെ ഒലിക്കാട് ഭാഗത്ത് വലിയനിരപ്പിൽ പരേതനായ ജോസ് ആന്റണിയുടെ മകനായ ജോജോയും കുടുംബവും അമ്മ റീത്താമ്മയുടെ തൊഴിലുറപ്പ് വേതനത്തിന്റെ തുച്ഛമായ വരുമാനത്തിലാണ് ജീവിക്കുന്നത്. സ്കൂൾ ബസിലെ ക്ലീനർ ഉൾപ്പെടെ ചില്ലറ ജോലികൾക്കു പോകുന്ന ജോജോയുടെ ചെറിയ വരുമാനവും ലോക്ക്ഡൗണിൽ നിലച്ചു.
സുമനസ്സുകളുടെ സഹായത്തോടെ ഓണത്തിന് മുമ്പായി വീടിന്റെ പുനരുദ്ധാരണം പൂർത്തിയാക്കുമെന്ന് അരുൺ കൊച്ചുതറപ്പിൽ അറിയിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് വീട് സന്ദർശിച്ച് നിർമ്മാണപ്രവർത്തികൾ വിലയിരുത്തി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എസ് അജികുമാർ, എ.ഐ.യു.ഡബ്യു.സി പ്രസിഡന്റ് വിജികുമാർ എ.കെ , യൂത്ത് കോൺഗ്രസ് ഭാരവാഹികളായ സെബാസ്റ്റ്യൻ ജോയ്, അനൂപ് കെ എസ്, കെ ആർ ഹരികുമാർ, അരുൺ പി തങ്കച്ചൻ തുടങ്ങിയവർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.