‘അമ്മയ്ക്കും അച്ഛനും വീട് വെക്കാൻ വാങ്ങിയ ഭൂമിയാണ് ‘ ; വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിര്‍മ്മിക്കാൻ 20 സെന്റ് സ്ഥലം വാഗ്ദാനം ചെയ്ത് യുവതി
തൃശൂർ : വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിര്‍മ്മിക്കാൻ മേപ്പാടിക്കടുത്ത് കമ്ബളക്കാട് ഭൂമി വാഗ്ദാനം ചെയ്ത് കെഎസ്‌എഫ്‌ഇ ജീവനക്കാരി.
വയനാട് സ്വദേശിയും തൃശ്ശൂരില്‍ താമസക്കാരിയുമായ അജിഷ ഹരിദാസാണ് 20 സെൻ്റ് ഭൂമി വാഗ്ദാനം ചെയ്തത്.
വയനാട് കോട്ടത്തറ സ്വദേശിയാണ് അജിഷ. വിവാഹം കഴിച്ച് തൃശ്ശൂരിലാണ് ഇവർ താമസിക്കുന്നത്. മുൻപ് മേപ്പാടി കൃഷി ഭവനില്‍ ഇവർ ജോലി ചെയ്തിരുന്നു. ദുരന്ത മേഖല നേരിട്ട് അറിയാമെന്നും ഇപ്പോഴത്തെ ദൃശ്യങ്ങള്‍ ഹൃദയഭേദകമെന്നും അവർ പറഞ്ഞു. അച്ഛനും അമ്മയും വാടക വീട്ടിലാണ് താമസിച്ചിരുന്നത്. സ്വന്തമായി വീടുണ്ടായിരുന്നില്ല. അവർക്ക് താമസിക്കാനായാണ് തൻ്റെ വിവാഹം കഴിഞ്ഞ് 2 വർഷത്തിന് ശേഷം ഒരു വീട് നിർമ്മിക്കുകയെന്ന ഉദ്ദേശത്തോടെ കമ്ബളക്കാട് കുമ്ബളാട് എന്ന സ്ഥലത്ത് 20 സെൻ്റ് ഭൂമി വാങ്ങിയത്. ഇപ്പോള്‍ അനിയൻ വലുതായി സ്വന്തമായി വീട് വച്ചു. അച്ഛനും അമ്മയും ഇപ്പോള്‍ താമസിക്കുന്നത് അനിയനൊപ്പമാണ്. നേരത്തെ വാങ്ങിയ സ്ഥലം അവിടെ തന്നെയുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വീട് വച്ച് നല്‍കുന്ന ഉദ്യമത്തിന് ഈ ഭൂമി ഉപയോഗിക്കാമെന്നും അവർ പറഞ്ഞു. തൃശ്ശൂർ പാറമേക്കാവ് ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന കെഎസ്‌എഫ്‌ഇയുടെ ഈവനിംഗ് ബ്രാഞ്ചില്‍ സ്പെഷല്‍ ഗ്രേഡ് അസിസ്റ്റൻ്റായി ജോലി ചെയ്യുകയാണ് അജിഷ.
Whatsapp Group 1 | Whatsapp Group 2 |Telegram Group