play-sharp-fill
ബന്ധുവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ പ്രവാസി യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി; നാലു മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ചു; ആളുമാറി കൊണ്ടുപോയതെന്ന് നിഗമനം

ബന്ധുവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ പ്രവാസി യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി; നാലു മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ചു; ആളുമാറി കൊണ്ടുപോയതെന്ന് നിഗമനം

സ്വന്തം ലേഖകൻ

കോഴിക്കോട്:ബന്ധുവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി നാലുമണിക്കൂറിനു ശേഷം വിട്ടയച്ചു. കുന്നമംഗലം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ശാന്തിച്ചിറ ഷിജില്‍ ഷാന്‍ (25) നെയാണ് പെരിങ്ങളം റോഡില്‍ വച്ച് ഒരു സംഘം ബലമായി കാറില്‍ കയറ്റി കൊണ്ടുപോയത്. ശനിയാഴ്ചയാണ് ഷിജില്‍ ദുബായില്‍ നിന്നു നാട്ടിലെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

പെരിങ്ങളം വയലിനു സമീപത്തുവച്ച് യുവാവിനെ പിടിച്ചുവലിച്ച് കാറില്‍ കയറ്റിയ സംഘം കുന്നമംഗലം ഭാഗത്തേക്കു ഓടിച്ചുപോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധുവാണ് വിവരം പോലിസില്‍ അറിയിച്ചത്. പോലീസ് ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയവര്‍ ഷിജിലിനെ താമരശേരിയില്‍ ഇറക്കിവിട്ടത്. ഇയാളുടെ നെഞ്ചില്‍ നഖം കൊണ്ട് മുറിവേറ്റതിന്റെ പാടുണ്ട്. അഞ്ചുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് ഷിജില്‍ പോലീസിനു നല്‍കിയ വിവരം.

ആളുമാറി തന്നെ പിടികൂടിയതാകാം എന്ന സംശയമാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറിനെക്കുറിച്ചും സംഭവവുമായി ബന്ധപ്പെട്ട ഒരാളെക്കുറിച്ചും പോലീസിനു സൂചന ലഭിച്ചതായാണ് വിവരം. ഷിജില്‍ ഷാനിനെ സംഭവസ്ഥലത്തു കൊണ്ടുപോയി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇയാളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.

തട്ടിക്കൊണ്ടുപോകലിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടത്തുന്നതായി കുന്നമംഗലം പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം താമരശേരി പരപ്പന്‍ പൊയിലില്‍ മുന്‍ പ്രവാസിയായ യുവാവിനെയും ഭാര്യയെയും വീട്ടിലെത്തി ഒരുസംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഭാര്യയെ കുറച്ചകലെ ഇറക്കിവിട്ടുവെങ്കിലും ഗൃഹനാഥനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് ഷാഫി എന്നയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള വിവരം