കേരളത്തിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത;  12 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യുനമർദത്തിന്റെയും ന്യുനമർദ പാത്തിയുടെയും സ്വാധീന ഫലമായി കേരളത്തിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്ത മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് നേരത്തെ ആറു ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന തീവ്രമഴ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.

പകരം 12 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ കനത്തമഴയുണ്ടാകുമെന്നാണ് ഉച്ചയ്ക്ക് ഒരുമണിക്ക് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെയും ഞായറാഴ്ചയും സംസ്ഥാനത്ത് കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയുണ്ട്. അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ന്യുനമർദം പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നിലവിൽ തമിഴ്‌നാട് തീരത്തിനു സമീപം സ്ഥിതി ചെയ്യുകയാണ്. ന്യൂനമർദം അടുത്ത 48 മണിക്കൂർ കൂടി പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ന്യൂനമർദത്തിൽ നിന്ന് ഒരു ന്യൂനമർദ പാത്തി വടക്കു പടിഞ്ഞാറു ബംഗാൾ ഉൾക്കടൽ വരെ നിലനിൽക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക്പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന് കിടക്കുന്ന ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. നാളെയും മറ്റന്നാളും ഗൾഫ് ഓഫ് മാന്നാർ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ ഈ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.