ലോകം നടുങ്ങും കോപ്പയിലെ സെമിയിൽ: ബ്രസീൽ അർജന്റീന സ്വപ്ന പോരാട്ടത്തിന് കോപ്പ അമേരിക്കയൊരുങ്ങുന്നു; ചരിത്രം ജൂലൈ മൂന്നിന് വിറച്ചു നൽക്കും

ലോകം നടുങ്ങും കോപ്പയിലെ സെമിയിൽ: ബ്രസീൽ അർജന്റീന സ്വപ്ന പോരാട്ടത്തിന് കോപ്പ അമേരിക്കയൊരുങ്ങുന്നു; ചരിത്രം ജൂലൈ മൂന്നിന് വിറച്ചു നൽക്കും

സ്വന്തം ലേഖകൻ

പോട്ടെ അലൈഗ്രോ: ലോകം ജൂലൈ മൂന്നിന് ഞെട്ടി വിറച്ചു നിൽക്കും. മിന്നുന്ന ഫോമിൽ കളിക്കുന്ന ബ്രസീലിനെ കോപ്പ അമേരിക്കയുടെ സെമിയിൽ മെസിയുടെ അർജന്റീന നേരിടും. വെള്ളിയാഴ്ച അർധരാത്രിയിൽ നടന്ന മത്സരത്തിൽ വെനസ്വേലയെ എതിരില്ലാത്ത രണ്ടു ഗോളിന് അർജന്റീന തകർത്തപ്പോൾ, വെള്ളിയാഴ്ച പുലർച്ചെ പെനാലിറ്റി ഷൂട്ട് ഔട്ടിലായിരുന്നു ബ്രസീൽ പരാഗ്വയെ കെട്ടുകെട്ടിച്ചത്. ഇനി എല്ലാ കണ്ണുകളും ജൂലൈ മൂന്നിനു നടക്കുന്ന സ്വപ്‌ന സെമി ഫൈനലിലേയ്ക്ക്..!
2008 ബീജിങ് ഒളിംപിക്‌സിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നേർക്കുനേർ വരുന്നത് ഇതാദ്യമാണ്. ജൂലൈ മൂന്ന് ബുധനാഴ്ച രാവിലെ ആറു മണിക്കാണ് ഈ സ്വപ്ന സെമി. 2008 ബെയ്ജിങ് ഒളിമ്പിക്സ് സെമിഫൈനലിലാണ്അർജന്റീനയും ബ്രസീലും അവസാനമായി മുഖാമുഖം വന്നത്. 2007ൽ വെനസ്വേലയിൽ നടന്ന ഫൈനലിലായിരുന്നു കോപ്പയിലെ അവസാന പോരാട്ടം. മെസ്സി കളിച്ച ആ മത്സരത്തിൽ അർജന്റീന 3-0ത്തിന് പരാജയപ്പെടുകയാണ് ഉണ്ടായത്.
പരാഗ്വേയ്ക്കെതിരായ ക്വാർട്ടറിൽ ഇത്തവണ പെനൽറ്റി ഷൂട്ടൗട്ടിന്റെ ഭാഗ്യം (43) ബ്രസീലിനൊപ്പമായിരുന്നു. 90 മിനിറ്റിൽ ആരും ഗോളടിച്ചില്ല. അധിക സമയത്തേക്ക് പോകാതെ നടന്ന ഷൂട്ടൗട്ടിൽ പരാഗ്വേയുടെ രണ്ട് കിക്കുകൾ പാഴായി. 2011ലും 2015ലും ഷൂട്ടൗട്ടിലേക്ക് നീണ്ട ക്വാർട്ടറിൽ പരാഗ്വേ ബ്രസീലിനെ പരാജയപ്പെടുത്തിയിരുന്നു.
പെനൽറ്റിയിൽ ആദ്യ അവസരം പരാഗ്വേ പാഴാക്കി. ഗുസ്താവോ ഗോമസ് എടുത്ത കിക്ക് ബ്രസീൽ ഗോളി അലിസൺ ബെക്കർ തട്ടിയകറ്റി. ബ്രസീലിനായി കിക്കെടുത്ത വില്ലിയനു തെറ്റിയില്ല. പരാഗ്വേയ്ക്കായി പിന്നീട് കിക്കെടുത്ത മിഗ്വേൽ അൽമിറോൻ, ബ്രൂണോ വാൽദേസ്, റോഡ്രിഗോ റോജസ് എന്നിവരും ബ്രസീലിനായി മാർക്വിന്യോസും കുടീന്യോയും ലക്ഷ്യംകണ്ടു. നാലാം കിക്കെടുത്ത ബ്രസീലിന്റെ ഫിർമിനോയുടെ ഷോട്ട് ബാറിനു മുകളിലേക്കാണ് പോയത്. അഞ്ചാം കിക്കെടുത്ത പരാഗ്വേയുടെ ഡെർലിസ് ഗോൺസാലെസിനും ഉന്നം പിഴച്ചു. ബ്രസീലിനായി അവസാന കിക്കെടുത്ത മാഞ്ചസ്റ്റർ സിറ്റി താരം ഗബ്രിയേൽ ജെസ്യൂസ് പന്ത് ലക്ഷ്യത്തിലെത്തിച്ച് കാനറികളെ സെമിയിലേക്ക് വഴികാട്ടി.
രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ പരാഗ്വേയുടെ ഫാബിയൻ ബാൽബുവേന ചുവപ്പ്കാർഡ് കണ്ട് പുറത്തായി. ഫിർമിനോയെ ഫൗൾ ചെയ്തതിനായിരുന്നു ശിക്ഷ. പരാഗ്വേ പത്തു പേരായി ചുരുങ്ങിയിട്ടും മുതലെടുക്കാൻ ബ്രസീലിനായില്ല. കളി തുടങ്ങി ആദ്യ മിനിറ്റിൽ പരാഗ്വേയ്ക്ക് അവസരം ലഭിച്ചതാണ്. മധ്യനിരതാരം സെൽസോ ഓർട്ടിസിന്റെ ഷോട്ട് ബ്രസീലിയൻ ഗോളിയെ ഭേദിക്കാൻ പോന്നതായിരുന്നില്ല. പിന്നാലെ ആതിഥേയർക്ക് രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യംകണ്ടില്ല. പരാഗ്വേ ഗോളി റോബർട്ടോ ഫെർണാണ്ടസും മികച്ച ഫോമിലായിരുന്നു. ഫിർമിനോയുടെയും അലന്റെയും മുന്നേറ്റങ്ങൾ ഫെർണാണ്ടസ് തടഞ്ഞിട്ടു.
ഫിലിപെ കുടീന്യോയും ആർതറുമെല്ലാം ലക്ഷ്യത്തിനടുത്തെത്തി. എന്നാൽ, ഫെർണാണ്ടസും ക്രോസ് ബാറും തടസ്സമായി. രണ്ടാം പകുതി തുടങ്ങി പത്തുമിനിറ്റിനുള്ളിൽ ബ്രസീലിന് റഫറി പെനൽറ്റി അനുവദിച്ചതാണ്. ഫാബിയൻ ബാൽബുവേന ഫിർമനോയെ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. എന്നാൽ, വാർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ബോക്‌സിനു പുറത്താണ് ഫൗൾ എന്നു മനസ്സിലായി. പിന്നാലെ ഫിർമിനോയെ വീണ്ടും ഫൗൾ ചെയ്ത ബാൽബുവേന ചുവപ്പുകാർഡ് കണ്ടു പുറത്തായി.
ക്വാർട്ടറിൽ വെനസ്വേലയ്ക്ക് എതിരെ മികച്ച കളിയാണ് അർജന്റീന പുറത്തെടുത്തത്. കളി തുടങ്ങി 10-ാം മിനിറ്റിൽ തന്നെ അവർ മുന്നിലെത്തി. ലൗട്ടാറൊ മാർട്ടിനെസാണ് ഗോൾ നേടിയത്. 74-ാം മിനിറ്റിൽ ജിയോവാനി ലോ സെൽസോയും വല ചലിപ്പിച്ചു. ലയണൽ മെസ്സിയെടുത്ത കോർണർ കിക്കിൽ സെർജിയോ അഗ്യൂറോയുടെ അസിസ്റ്റിൽ നിന്നായിരുന്നു മാർട്ടിനെസിന്റെ ഗോൾ.
വെനസ്വേല പ്രതിരോധത്തിന്റെ വിള്ളൽ മുതലെടുത്തായിരുന്നു അർജന്റീനയുടെ രണ്ടാം ഗോൾ. ഡി പോൾ നൽകിയ പാസിൽ ബോക്സിന് തൊട്ടുപുറത്ത് വെച്ച് അഗ്യൂറോ അടിച്ച ഷോട്ട് ഗോളി തടുത്തിട്ടു. ബോക്സിലേക്ക് ഓടിക്കയറിയ സെൽസോ പന്ത് തട്ടി വലയിലാക്കി. 68-ാം മിനിറ്റിൽ അക്യൂനയ്ക്ക് പകരം സെൽസോയെ ഇറക്കിയത് വെറുതെയായില്ല. അർജന്റീന 2-0 വെനസ്വേല.

തുടക്കം മുതൽ ആക്രമിച്ച് കളിച്ച അർജന്റീനയ്ക്ക്, നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും പാഴായി. മെസ്സി നിരവധി ഗോൾ അവസരങ്ങൾ ഒരുക്കിയെങ്കിലും ഫിനിഷിംഗിലെ പോരായ്മ അവർക്ക് തിരിച്ചടിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group