അനീതിയ്‌ക്കെതിരെ ശബ്ദമുയർത്തുന്ന സ്ത്രീകളെ അവർക്ക് ഭയമാണ് ; ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന്റെ പേരിൽ സ്വന്തം രാഷ്ട്രീയ നിലപാട് തുറന്ന് പറഞ്ഞതിന്റെ പേരിൽ പരസ്യമായി ബോഡി ഷെയ്മിംങ്ങിന് വിധേയമാകേണ്ടി വന്നിട്ടുണ്ട് ; വനിതാ ദിനത്തിൽ തുറന്ന് പറച്ചിലുകളുമായി ഹനാൻ
സ്വന്തം ലേഖകൻ
കൊച്ചി : വളരെ പെട്ടെന്ന് ജനമനസിൽ ഇടം നേടിയ വ്യക്തിയാണ് ഹനാൻ. ഇതോടൊപ്പം സൈബർ ആക്രമണങ്ങൾക്കും ഇരയായ വ്യക്തി കൂടിയാണ് ഹനാൻ. ഇപ്പോഴിതാ വനിതാ ദിനത്തിൽ തുറന്നുപറച്ചിലുകളുമായി ഹനാൻ രംഗത്ത്്. പൊതു ഇടങ്ങളിൽ പോലും ചില വ്യക്തികളുടെയോ വിഭാഗങ്ങളുടെയോ പ്രത്യേക താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണ് അവളെ അമ്മയായോ മകളായോ പെങ്ങളായോ പരിഗണിക്കുന്നതെന്നും ഹനാൻ കുറിച്ചു.
ഹനാന്റെ കുറിപ്പിന്റെ പൂർണ്ണരൂപം
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീ എന്നും അമ്മപെങ്ങൾ സ്ഥാനം നൽകി ബഹുമാനിക്കപ്പെടേണ്ടവളാണ്. എന്നാൽ പൊതു ഇടങ്ങളിൽ പോലും ചില വ്യക്തികളുടെയോ വിഭാഗങ്ങളുടെയോ പ്രത്യേക താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണ് അവളെ അമ്മയായോ മകളായോ പെങ്ങളായോ പരിഗണിക്കപ്പെടുന്നത്. മാർച്ച് 8 വനിതാ ദിനം എന്റെ ജമ്മദിനം കൂടെയാണ്. സ്വന്തം വീട്ടിലുള്ള സ്ത്രീകളെ അമ്മ പെങ്ങളായി കാണുകയും പുറത്തിറങ്ങുമ്പോൾ കാണുന്ന മറ്റു സ്ത്രീകളെ അവളുടെ നിറം, ധരിച്ചിരിക്കുന്ന വസ്ത്രം, സ്വഭാവം, ശരീര പ്രകൃതം എന്നിവയെല്ലാം അടിമുടി അളന്നെടുത്താണ് ചൂക്ഷണം ചെയ്യപ്പെടുന്നത്.
സൈബർ ഇടങ്ങളിൽ സ്ത്രീകൾ ആൾക്കൂട്ട ആക്രമങ്ങൾക്ക് വിധേയരാകുന്നു. അനീതിക്കെതിരെ ശബ്ദം ഉയർത്തുന്ന സ്ത്രീകളെ അവർക്ക് ഭയമാണ്.ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചതിന്റെ പേരിൽ , സ്വന്തം രാഷ്ട്രീയ നിലപാട് തുറന്ന് പറഞ്ഞതിന്റെ പേരിൽ പരസ്യമായി ബോഡി ഷെയ്മിംങ്ങിന് വിധേയയാകേണ്ടി വന്നപ്പോഴും ‘ഞാൻ നിങ്ങളുടെ വീട്ടിലെ അമ്മയോ പെങ്ങളോ അല്ലാത്തത് കൊണ്ട് തന്നെ ഇത്തരം മോശം അധിക്ഷേപങ്ങളെ നേരിടേണ്ടി വരുന്നത് വളരെ സ്വാഭാവികമായാണ് കണ്ടിരുന്നത്’.
വനിതാ ദിനത്തിൽ എനിക്ക് പറയാനുള്ളത് സ്ത്രീകൾ എപ്പോഴും പൂർണ്ണരായും സന്തുഷ്ട്ടരല്ല. അവരുടെ സന്തോഷം ഒരു കണ്ടെത്തലാണ്. കാരണം ഒരു അമ്മയും മകളും ഭാര്യയുമായി ജീവിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ ജീവനു തുല്യം സ്‌നേഹിക്കുന്നവരിൽ നിന്നും വാളെടുത്ത് കുത്തിയ പോലെ ചങ്കിൽ തറച്ച് കയറുന്ന വാക്കുകളോടെല്ലാം കണ്ടില്ലെന്നും കേട്ടില്ലെന്നും പറയേണ്ടി വന്നിട്ടുണ്ടാകാം.
ഓരോ നിമിഷവും മനസ്സ് സമ്മർദ്ധത്തിലാകുമ്പഴും അവൾ വീണ്ടും വീണ്ടും പുഞ്ചിരിക്കാനായി ശ്രമിക്കുന്നുണ്ടാകാം. അവൾ എവിടെയും സുരക്ഷിതയല്ല എന്ന യാഥാർത്ഥ്യബോധത്തോടെ വീണ്ടും വീണ്ടും ഓരോ പ്രതിബന്ധങ്ങളെയും നേരിട്ട് ജീവിതത്തെ ഉൾക്കരുത്തോടെ നേരിടുകയാണ്.തനിക്കുണ്ടായ മാനക്കേടുകളെയും അപമാനത്തെയും ശക്തമായി പ്രതിരോധിച്ച് കൊണ്ട് മുന്നോട്ട് സഞ്ചരിക്കുകയാണ്. അമ്മയായി ,മകളായി, പെങ്ങളായി ജീവിക്കാൻ പഠിച്ച് കൊണ്ടിരിക്കുകയാണ്.