വന്യജീവി ആക്രമണം: അഞ്ചുവര്‍ഷത്തിനിടെ മരണം 551; കൂടുതലും പാമ്പുകടിയേറ്റ്; കാട്ടാന ആക്രമണത്തിൽ മരിച്ചത് 113 പേര്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: എരുമേലിയിലും കൊല്ലം അഞ്ചലിലും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതുള്‍പ്പെടെ വന്യജീവി ആക്രമണങ്ങളില്‍ പൊലിഞ്ഞത് നിരവധി ജീവന്‍.
ആവാസവ്യവസ്ഥയിലെ മാറ്റങ്ങളാണ് ജനവാസമേഖലയിലേക്ക് വന്യമൃഗങ്ങള്‍ എത്താന്‍ കാരണമെന്ന് പറയുമ്പോഴും വനാതിര്‍ത്തികളില്‍ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കാട്ടുന്ന അലംഭാവം ആശങ്ക കൂട്ടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റ് വന്യമൃഗങ്ങളെ അപേക്ഷിച്ച് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മരിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. 2017 മുതല്‍ 2022 വരെ രണ്ടുപേരാണ് കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കണ്ണൂരിലും മറയൂരിലും. പിന്നീട് ഇപ്പോഴാണ് മൂന്നുപേരുടെ മരണം രണ്ട് ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, മൂന്നുവര്‍ഷത്തിനിടെ എട്ടുപേര്‍ക്ക് കാട്ടുപോത്തിന്‍റെ കുത്തേറ്റു.
തിരുവനന്തപുരത്ത് അഞ്ചുപേര്‍ക്കും മറയൂരില്‍ രണ്ടുപേര്‍ക്കും കോട്ടയത്ത് ഒരാള്‍ക്കുമാണ് പരിക്കേറ്റത്.
2017 മുതല്‍ 2022 വരെ വന്യജീവി ആക്രമണങ്ങളില്‍ 551 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. അതില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് പാമ്പുകടിയേറ്റാണ്. 403 പേരാണ് പാമ്പുകടിയേറ്റു മരിച്ചത്.
തൊട്ടടുത്ത് കാട്ടാന ആക്രമണമാണ്. 113 പേര്‍. കാട്ടുപന്നിയുടെ കുത്തേറ്റ് 25 പേരും കടുവ ആക്രമണത്തില്‍ എട്ടുപേരും കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ രണ്ടാളുമാണ് മരിച്ചത്. 34,875 വന്യജീവി ആക്രമണങ്ങളാണ് ഈ സര്‍ക്കാറിന്‍റെ കാലത്ത് റിപ്പോര്‍ട്ട് ചെയ്തത്.