ഭാര്യയെ ഭർത്താവ് വിവാഹം ചെയ്തയച്ചു: പനച്ചിക്കാട്ട് പഞ്ചായത്തിൽ യുവതിയുടെ വോട്ട് വെട്ടി സി.പി.എം; പ്രതിഷേധവുമായി കോൺഗ്രസ്

ഭാര്യയെ ഭർത്താവ് വിവാഹം ചെയ്തയച്ചു: പനച്ചിക്കാട്ട് പഞ്ചായത്തിൽ യുവതിയുടെ വോട്ട് വെട്ടി സി.പി.എം; പ്രതിഷേധവുമായി കോൺഗ്രസ്

Spread the love

സ്വന്തം ലേഖകൻ

പനച്ചിക്കാട്: ഭാര്യയെ ഭർത്താവ് വിവാഹം ചെയ്ത് അയച്ചതിനാൽ വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അപേക്ഷ. പനച്ചിക്കാട് പഞ്ചായത്തിലാണ് വോട്ടർ പട്ടികയിൽ പേര് വെട്ടാൻ വിചിത്രമായ അപേക്ഷ ലഭിച്ചിരിക്കുന്നത്. പേര് നീക്കം ചെയ്യാതിരിക്കുവാൻ വാദം കേൾക്കുന്നതിന് ഹാജരാകണമെന്ന് കാണിച്ച് പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ നോട്ടീസ് ലഭിച്ചപ്പോഴാണ് പലരും ഇതറിയുന്നത്.

പഞ്ചായത്ത് വോട്ടർ പട്ടികയിൽ നിന്നും വ്യാപകമായി പേരുകൾ നീക്കം ചെയ്യുവാൻ ശ്രമം നടക്കുന്നതായാണ് കോൺഗ്രസ് പരാതി ഉയർത്തിയിരിക്കുന്നത്. സ്വന്തം ഭാര്യയെ വിവാഹം ചെയ്തയച്ചതിനാൽ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയാണ് എന്ന പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത് കണ്ട് ഭർത്താവ് ഞെട്ടി. കത്തുമായി ഭർത്താവ് പഞ്ചായത്താഫീസിൽ എത്തി പരാതി സമർപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷങ്ങളായി താമസിക്കുന്നവർക്കെതിരേ പോലും താമസമില്ല എന്ന് തെറ്റായി കാണിച്ച് സി.പി.എം പ്രവർത്തകർ പരാതി നൽകിയതിൻ പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം.
സ്വന്തം മകളുടെ വിവാഹ കാര്യത്തെപ്പറ്റി ഇതുവരെ ചിന്തിക്കാത്ത മാതാപിതാക്കൾ മകളെ വിവാഹം ചെയ്തയച്ചതായി കാണിച്ച് പേര്‌നീക്കം ചെയ്യുവാൻ നോട്ടീസ് ലഭിച്ചിരിക്കുന്നത്.

പാത്താമുട്ടം വിളക്കാംകുന്ന് വാർഡിലാണ് സംഭവം. മകളുടെ വിവാഹത്തെപ്പറ്റി പഞ്ചായത്തിനും പരാതിക്കാർക്കമുള്ള താല്പര്യം ഓർത്ത് പിതാവ് ആശ്ചര്യത്തിലാണ്. സ്വന്തം സഹോദരിയെ വർഷങ്ങൾക്ക് മുമ്പ് വിവാഹം ചെയ്തയച്ചിട്ടും ആ പേര് നീക്കം ചെയ്യാൻ ശ്രമിക്കാത്ത പ്രാദേശിക സി.പി.എം നേതാവാണ് പരാതിയ്ക്കു പിന്നിലെന്നു കോൺഗ്രസ് ആരോപിക്കുന്നു.

മറ്റൊരു സ്ഥലത്തേക്കും താമസം മാറാതെ 15 വർഷമായി സ്ഥിരതാമസമാക്കിയ ദമ്പതികളുടെ പേരുകൾ നീക്കം ചെയ്യാൻ വീട്ടിൽ ആൾതാമസമില്ലെന്നാണ് കാരണം കാണിച്ച് നോട്ടീസ് നൽകിയിരിക്കുന്നത്. കുഴിമറ്റം ഹൈസ്‌ക്കൂൾ വാർഡിലാണ് ഈ പരാതി ലഭിച്ചിരിക്കുന്നത്.

ഇത്തരത്തിൽ ആയിരത്തിലധികം ആളുകൾക്കാണ് പഞ്ചായത്തിൽ നിന്നും നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഏകപക്ഷീയമായി കോൺഗ്രസ് അനുഭാവികളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യുവാനുള്ള സി.പി.എം ശ്രമത്തിനെതിരെ കോൺഗ്രസ് പനച്ചിക്കാട് കൊല്ലാട് മണ്ഡലം കമ്മറ്റികൾ ജില്ലാ കളക്ടർക്ക് പരാതി നൽകി.

വോട്ടർ പട്ടികയിൽ നിന്നും ഏകപക്ഷീയമായി വോട്ട് നീക്കം ചെയ്യുവാനുള്ള പഞ്ചായത്തധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് പനച്ചിക്കാട് കൊല്ലാട് മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്താഫീസ് പടിക്കൽ ധർണ്ണ നടത്തി. കൊല്ലാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് സിബി ജോൺ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി വൈസ് പ്രസിഡന്റ് മോഹൻ കെ നായർ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു.ബാബുക്കുട്ടി ഈപ്പൻ,ഡോ.ശോഭാ സലിമോൻ, റോയി മാത്യു, എബിസൺ കെ ഏബ്രഹാം ജെസ്സി ചാക്കോ തുടങ്ങിയവർ സംസാരിച്ചു