അപവാദം പരത്തി കല്യാണം മുടക്കിയാൽ വീട്ടില്‍ കയറി തല്ലും; കല്യാണം മുടക്കികള്‍ക്ക് ‘പുരനിറഞ്ഞു’നില്‍ക്കുന്നവരുടെ മുന്നറിയിപ്പ് ബോർഡ്; ഇരുട്ടിവെളുത്തില്ല,  ഫ്ലക്സ് കീറിക്കളഞ്ഞു; കുട്ടനാട്ടിലെ പരദൂഷണമുക്കിലെ കല്യാണമുടക്കികളും, ഫ്ലക്സ്ബോർഡും സോഷ്യൽ മീഡിയയിൽ വൈറൽ

അപവാദം പരത്തി കല്യാണം മുടക്കിയാൽ വീട്ടില്‍ കയറി തല്ലും; കല്യാണം മുടക്കികള്‍ക്ക് ‘പുരനിറഞ്ഞു’നില്‍ക്കുന്നവരുടെ മുന്നറിയിപ്പ് ബോർഡ്; ഇരുട്ടിവെളുത്തില്ല, ഫ്ലക്സ് കീറിക്കളഞ്ഞു; കുട്ടനാട്ടിലെ പരദൂഷണമുക്കിലെ കല്യാണമുടക്കികളും, ഫ്ലക്സ്ബോർഡും സോഷ്യൽ മീഡിയയിൽ വൈറൽ

സ്വന്തം ലേഖകൻ

കുട്ടനാട്: ഒരു കല്യാണം കഴിക്കാൻ പൊരുത്തം, ജാതകം, ജാതി, കുടുംബപശ്ചാത്തലം, വിദ്യാഭ്യാസം, ജോലി ഇതെല്ലാം ഒത്തുവരണം. എല്ലാം ശരിയായി ചെക്കനും പെണ്ണും പരസ്പരം ഇഷ്ടപ്പെട്ടാൽ അപവാദം പരത്തി കല്യാണം മുടക്കിയാലോ?ഇത്തരക്കാരെ വീട്ടിൽക്കയറി തല്ലുമെന്ന് കുട്ടനാട്ടിലെ ചെറുപ്പക്കാർ.

അങ്ങനെയാണ്കല്യാണംമുടക്കികളെ ‘കൈകാര്യം’ചെയ്യുമെന്ന് ബോർഡുവെക്കാൻ യുവാക്കൾ നിർബന്ധിതരായത്. ഇരുട്ടിവെളുത്തില്ല, അതിനുമുമ്പേ ചിലർ ഫ്ലക്സ് കീറിക്കളഞ്ഞു. വെളിയനാട് പഞ്ചായത്തിലും പരിസരങ്ങളിലുമാണ് ഇത്തരം കല്യാണംമുടക്കികൾ വ്യാപകമായുള്ളതെന്ന് ചെറുപ്പക്കാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടിലെ പലരുടെയും കല്യാണം പലപ്പോഴായി മുടങ്ങിയെങ്കിലും ആദ്യമാരും ഗൗരവമായെടുത്തില്ല. രണ്ടുവർഷമായി ഇതു വ്യാപകമായതോടെയാണ് എല്ലാവരും ശ്രദ്ധിച്ചത്. കോട്ടയത്ത് സ്വകാര്യ കമ്പനിയിൽ തരക്കേടില്ലാത്ത ജോലിയുള്ള ചെറുപ്പക്കാരന്റെ 12 കല്യാണാലോചനകളാണ് ഒന്നരവർഷത്തിനുള്ളിൽ മുടങ്ങിയത്.

പെണ്ണും ചെറുക്കനും പരസ്പരം കണ്ടിഷ്ടപ്പെട്ട്, ഇരുകുടുംബങ്ങളും ധാരണയായ ശേഷമാണ് മിക്കവയും മുടങ്ങിയത്. ഇങ്ങനെ നിശ്ചയംവരെ തീരുമാനിച്ചു മുടങ്ങിയവയുമുണ്ട്. അഞ്ചും ആറും ആലോചനകൾ കാരണമറിയാതെ മുടങ്ങിയവരും ഏറെ. ഫോൺവിളിച്ചും അന്വേഷിക്കാനെത്തുന്നവരോട് അപവാദം പറഞ്ഞുമാണ് മുടക്കുന്നതെന്ന് ചെറുപ്പക്കാർ പറയുന്നു.

പിന്നിൽ ആരെന്നു കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ചെറുപ്പക്കാർ ചേർന്ന് കല്യാണംമുടക്കികൾക്കു മുന്നറിയിപ്പായി ബോർഡ് സ്ഥാപിച്ചത്. വെളിയനാട് പുളിഞ്ചുവട് കവലയിൽ സ്ഥാപിച്ച ബോർഡിന് അധികം ആയുസ്സില്ലായിരുന്നു. എന്തായാലും ഫ്ളക്സ് കീറിയ പുളിഞ്ചുവട് കവലയ്ക്ക് ചെറുപ്പക്കാർ പുതിയ പേരുമിട്ടു- ‘പരദൂഷണം മുക്ക്’.

പുതിയ പേര് ബോർഡെഴുതി സ്ഥാപിക്കുകയും ചെയ്തു. ഇനിയും കല്യാണം മുടക്കിയാൽ കളി കാര്യമാകുമെന്ന് വാട്‌സാപ്പ് കൂട്ടായ്മകളിലൂടെയും മുന്നറിയിപ്പു നൽകുന്നുണ്ട്.