play-sharp-fill
സംസ്‌ഥാനത്തു വേനല്‍മഴ കൂടുതല്‍ ശക്‌തമാകുന്നു; ജാ​ഗ്രതാ നിർദ്ദേശവും മുന്നറിയിപ്പുമായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം

സംസ്‌ഥാനത്തു വേനല്‍മഴ കൂടുതല്‍ ശക്‌തമാകുന്നു; ജാ​ഗ്രതാ നിർദ്ദേശവും മുന്നറിയിപ്പുമായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്‌ഥാനത്തു വേനല്‍മഴ കൂടുതല്‍ ശക്‌തമാകുമെന്നു കാലാവസ്‌ഥാനിരീക്ഷണകേന്ദ്രം. 13 വരെ ഇടിമിന്നലോടുകൂടിയ കനത്തമഴയും കാറ്റുമുണ്ടാകുമെന്നാണു മുന്നറിയിപ്പ്‌.


ഇന്ന്‌ 30-40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത. മത്സ്യബന്ധനത്തിനു വിലക്ക്‌. ഇന്ന്‌ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെലോ അലെര്‍ട്ട്‌ പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്‌തമായ കാറ്റുമുണ്ടാകുമെന്നതിനാല്‍ അതീവജാഗ്രത പുലര്‍ത്തണമെന്നു സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ്‌ നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരങ്ങള്‍ കടപുഴകിയും ചില്ലകളൊടിഞ്ഞും അപകടങ്ങള്‍ക്കു സാധ്യതയുണ്ട്‌. വാഹനയാത്രികര്‍ ഏറെ ജാഗ്രത പുലര്‍ത്തണം. ഉച്ചകഴിഞ്ഞ്‌ രണ്ടുമുതല്‍ രാത്രി പത്തുവരെയാണു ശക്‌തമായ ഇടിമിന്നലിനുള്ള സാധ്യത.

പത്രം, പാല്‍ വിതരണക്കാരുള്‍പ്പെടെ പുലര്‍ച്ചെ ജോലിക്കിറങ്ങുന്നവര്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന്‌ ഉറപ്പാക്കണം.
അപകടം സംശയിക്കുന്നപക്ഷം കെ.എസ്‌.ഇ.ബി. (1912), ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (1077) കണ്‍ട്രോള്‍ റൂമുകളില്‍ വിവരമറിയിക്കണം.
ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്‌ഥലങ്ങളില്‍ നില്‍ക്കരുത്‌.
മിന്നലുള്ളപ്പോള്‍ ജനാലകളും വാതിലുകളും അടച്ചിടണം.

തുണികള്‍ എടുക്കാനും മറ്റും ടെറസിലോ മുറ്റത്തോ പോകരുത്‌.
ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിേഛദിക്കണം.
ഉയരമുള്ള സ്‌ഥലങ്ങളിലോ വൃക്ഷക്കൊമ്ബിലോ ഇരിക്കരുത്‌, പട്ടം പറത്തരുത്‌.

കുട്ടികളെ ഉച്ചകഴിഞ്ഞ്‌ രണ്ടുമുതല്‍ രാത്രി 10 വരെ തുറസായ സ്‌ഥലത്തും ടെറസിലും കളിക്കാന്‍ അനുവദിക്കരുത്‌.
ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്‌.
മിന്നലുള്ളപ്പോള്‍ വാഹനത്തിലാണെങ്കില്‍ അതിനുള്ളില്‍ തുടരുന്നതാണു സുരക്ഷിതം.
ഇരുചക്രവാഹനങ്ങളിലും തുറന്ന വാഹനങ്ങളിലും യാത്ര ഒഴിവാക്കണം.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയുണ്ടായ കനത്തമഴയില്‍ വന്‍നാശനഷ്‌ടം. മലബാര്‍ മേഖലയില്‍ ഉള്‍പ്പെടെ വ്യാപകകൃഷിനാശം. ആളപായമില്ല. കോട്ടയം ജില്ലയില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി. ഉച്ചകഴിഞ്ഞ്‌ ശക്‌തമായ കാറ്റിന്റെ അകമ്ബടിയോടെയായിരുന്നു മഴ. ഏറ്റുമാനൂര്‍, അയര്‍ക്കുന്നം മേഖലകളില്‍ വീടുകള്‍ക്കു മുകളില്‍ മരം വീണു. ആറുമാനൂര്‍, ഇലക്കൊടിഞ്ഞി, കോത്തല എന്നിവിടങ്ങളില്‍ മരം വീണ്‌ റോഡ്‌ ഗതാഗതം തടസപ്പെട്ടു. ഇടുക്കിജില്ലയിലും വ്യാപക കൃഷിനാശമുണ്ടായി.

ആലപ്പുഴ ജില്ലയിലെ തകഴി, കേളമംഗലം തെക്കേതുണ്ടം പാടത്ത്‌ കൊയ്‌തുകൂട്ടിയ നെല്ല്‌ വെള്ളത്തില്‍ മുങ്ങി. 16 കൊയ്‌ത്തുയന്ത്രങ്ങള്‍ ഉപയോഗിച്ച്‌ വിളവെടുത്ത നെല്ല്‌ കരയ്‌ക്കുകയറ്റാന്‍ കഴിയാത്ത സാഹചര്യത്തില്‍ പാടത്തുതന്നെ കൂട്ടിയിടുകയായിരുന്നു.