നാല് ദിവസമായി തുടർച്ചയായി പെരുമഴ : വയനാടും മാനന്തവാടിയും ഒറ്റപ്പെട്ടു ; ഉരുൾപൊട്ടലിൽ പുത്തുമലയാകെ ഒലിച്ചുപോയി ; നാല് മൃതദേഹങ്ങൾ കണ്ടെത്തി ; അതീവജാഗ്രതയിൽ രക്ഷാ പ്രവർത്തനവും പുരോഗമിക്കുന്നു
സ്വന്തം ലേഖകൻ
കൽപ്പറ്റ: തുടർച്ചയായി നാല് ദിവസമായി മഴ പെയ്യുകയാണ് വയനാട്ടിൽ. തോരാമഴ പതിവായതോട ഈ മലയോര ജില്ലയായ വയനാട് തീർത്തും ഒറ്റപ്പെട്ട നിലയിലാണ്. ചുരങ്ങളിൽ മണ്ണിടിച്ചിലായതോടെ ഗതാഗതസൗകര്യങ്ങളും നിലച്ചു. കഴിഞ്ഞ വർഷം 8,9,10 തീയതികളിലെ പ്രളയദിനങ്ങളിലേതിനു സമാനമായാണ് ഇത്തവണത്തെയും സംഭവങ്ങൾ. 4 ദിവസമായി നിലയ്ക്കാതെ പെയ്ത മഴ ആളപായവും കനത്ത നാശനഷ്ടവും ഉണ്ടാക്കി.നാല് മൃതദേഹങ്ങൾ കണ്ടെത്തി.ജില്ലയിൽ ഇന്ന് ‘റെഡ്’ അലർട്ട് പ്രഖ്യാപിച്ചു. വയനാട് ചുരത്തിലും പേര്യ ചുരത്തിലും ദേശീയപാതയിൽ മുത്തങ്ങയിലും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. 60 പേരടങ്ങുന്ന എൻഡിആർഎഫും ഡിഫൻസ് സെക്യൂരിറ്റി കോറും വയനാട്ടിലെത്തിയിട്ടുണ്ട്.
ഇന്നലെ മാത്രം കനത്ത മഴയാണ് പെയ്തത്. മാനന്തവാടിയിൽ 259 മില്ലി മീറ്ററും വൈത്തിരിയിൽ 244 മില്ലി മീറ്ററും മഴ പെയ്തു. കുപ്പാടിയിൽ 188 മി. മീറ്റർ മഴ ലഭിച്ചപ്പോൾ അമ്ബലവയലിൽ 121.1മി. മീറ്ററും മഴ പെയ്തു. സംസ്ഥാനത്ത് വ്യാഴാഴ്ച ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വയനാട് ജില്ലയിലാണ്. കണ്ണൂർ ഇരിക്കൂറിൽ 156 മി. മീറ്റർ മഴപെയ്തു. അതിനിടെ മുട്ടിൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ ഇന്നലെ ദമ്ബതികൾ മരിച്ചു. മുട്ടിൽ കുട്ടമംഗലം പഴശ്ശി കോളനിയിലെ മഹേഷ് (23), ഭാര്യ പ്രീതി (19) എന്നിവരാണു മരിച്ചത്. വെള്ളം കയറി വീട്ടിൽനിന്നു ദുരിതാശ്വാസ ക്യാംപിലേക്കു മാറുന്നതിനിടെ മാതോത്ത് പൊയിൽ കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തു (24) കുഴഞ്ഞുവീണു മരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മേപ്പാടി പുത്തുമലയിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെ ഉണ്ടായ വൻ ഉരുൾപ്പൊട്ടലിൽ ഒരു പ്രദേശം ഒന്നാകെ ഒലിച്ചുപോയതിന്റെ ഞെട്ടൽ മാറിയിട്ടില്ല. റോഡ് ഗതാഗതം തടസ്സപ്പെട്ടതിനാൽ രാത്രി സൈന്യത്തിന് രക്ഷാ പ്രവർത്തനം നടത്താനായില്ല. രക്ഷാപ്രവർത്തനം തുടങ്ങുമ്‌ബോൾ വയനാട്ടുകാരുടെ നെഞ്ചിടിപ്പ് വർദ്ധിക്കുകയാണ്. അപകടത്തിന്റെ യഥാർത്ഥ വ്യാപ്തി എത്രയാണെന്ന് രക്ഷാപ്രവർത്തനത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. പ്രാഥമിക സൂചനകൾ അനുസരിച്ച് വൻ നാശനഷ്ടമാണ് പുത്തുമലയിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണമില്ല. ആളപായം ഉണ്ടായതായി നിലവി്ൽ റിപ്പോർട്ടുകളില്ല.
വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ ഒരു ക്ഷേത്രം, മുസ്ലിം പള്ളി, ഒരു കാന്റീൻ, എഴുപതോളം വീടുകൾ എന്നിവ ഒലിച്ചു പോയെന്നാണ് പുറത്തു വരുന്ന വിവരം. ഇന്നലെ രാത്രി മുതൽ പുത്തുമലയിൽ ചെറിയ തോതിൽ ഉരുൾ പൊട്ടലുണ്ടായിരുന്നു ഇതേ തുടർന്ന് ഇവിടെ നിന്നും ആളുകൾ മാറിതാമസിച്ചു. എന്നാൽ ആളുകൾ മാറിതാമസിച്ച സ്ഥലമടക്കം മണ്ണിനടിയിലാണെന്നാണ് സംശയിക്കുന്നത്.
ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായ വിവരം മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹദാണ് ഏതാനും സെക്കൻഡുള്ള മൊബൈൽ വീഡിയോയായി പകർത്തി പുറം ലോകത്തെ അറിയിച്ചത്. എന്നാൽ ദിവസങ്ങളായി വൈദ്യുതി ഇല്ലാത്തതിനാൽ സഹദ് അടക്കം പ്രദേശത്തുള്ള ആരേയും മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ല. മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിയ ശേഷം സബ്ബ് കളക്ടറുടെ നേതൃത്വത്തിലുള്ള സർക്കാർ ഉദ്യോഗസ്ഥരും അപകട സ്ഥലത്ത് എത്തി. എന്നാൽ എന്താണ് പുത്തുമലയിലെ ശരിയായ ചിത്രമെന്ന് ഇനിയും വ്യക്തമല്ല.
ഒറ്റപ്പെട്ട മേഖലയായ പുത്തുമലയിലേക്കുള്ള യാത്ര ദുർഘടമായ പാതയിലൂടെയാണ്. ഇവിടേക്കുള്ള ഗതാഗതം ഇപ്പോൾ പൊലീസ് നിയന്ത്രണത്തിലാണ്. അവിടേക്ക് പോയവരെ ആരേയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. പോയവർ ആരും മടങ്ങിയെത്തുകയും ചെയ്തിട്ടില്ല. നേരം വെളുത്താൽ മാത്രമേ എന്താണ് സംഭവിച്ചതെന്നറിയാൻ സാധിക്കൂവെന്നാണ് രക്ഷാപ്രവർത്തകർ അറിയിക്കുന്നത്. ഇതുവരെ പത്ത് പേരെ ഇവിടെ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ആരുടേയും പരിക്ക് ഗുരുതരമല്ല എന്നതാണ് ആശ്വാസകരമായ വാർത്ത. രാത്രി വൈകിയും മഴ പെയ്തത് സ്ഥിതിഗതികൾ രൂക്ഷമാക്കിയിട്ടുണ്ട്. മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയെന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്തു വന്നിരുന്നു.
അതിനിടെ കോറോം, കുറുമ്ബാലക്കോട്ട എന്നിവിടങ്ങളിലും ഉരുൾപൊട്ടി. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഇന്ന് ‘റെഡ്’ അലർട്ട് പ്രഖ്യാപിച്ചു. അമ്ബലവയൽ ആറാട്ടുപാറയിൽ റോഡിലേക്ക് മണ്ണും കല്ലും ഇടിഞ്ഞ് വീണ് ഗതാഗതം നിലച്ചപ്പോൾ. മഴ ശക്തമായി തുടർന്നാണ് മണ്ണിടിയൽ തുടരാൻ സാധ്യതയുള്ള ഭാഗമാണിത്. നാളെ ‘ഓറഞ്ച്’ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 11നും 12നും ജില്ലയിൽ മഞ്ഞ അലർട്ടാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രളയക്കെടുതിയിൽ വയനാട്ടിൽ 2538 കുടുംബങ്ങളിലെ8860 ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ആകെ 96 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. മാനന്തവാടി താലൂക്കിൽ 33, വൈത്തിരി താലൂക്കിൽ 26, ബത്തേരി താലൂക്കിൽ 14 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നത്. ദുരന്തനിവാരണപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി 60 പേരടങ്ങുന്ന എൻഡിആർഎഫും ഡിഫൻസ് സെക്യൂരിറ്റി കോറും വയനാട്ടിലെത്തിയിട്ടുണ്ട്.
കബനി നദിയുടെ തീരങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മണ്ണുസംരക്ഷണ വകുപ്പ് ഓഫിസർ പി.യു ദാസ് അറിയിച്ചു. തുടർച്ചയായി പെയ്യുന്ന അതിതീവ്ര മഴ കബനിയിൽ നീരൊഴുക്കു കൂടാൻ കാരണമായിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ കലക്ടർ എ.ആർ. അജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഡിഎം കെ. അജീഷ്, സബ് കലക്ടർ എൻ.എസ്.കെ ഉമേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.