വയനാട്ടിൽ കനത്തവെല്ലുവിളി; 50 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, മൂന്നിലൊന്ന് മൃതദേഹങ്ങളും കണ്ടെത്തിയത് അതിര്‍ത്തി ജില്ലയായ മലപ്പുറത്തുനിന്ന്, മൃതദേഹങ്ങള്‍ പുഴയിലൂടെ ഒഴുകിയെത്തിയപ്പോള്‍ ചിലത് വനത്തിനോട് ചേര്‍ന്നുള്ള ഉള്‍പ്രദേശങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി, പ്രതിസന്ധിയെ അതിജീവിച്ച് സാഹസിക രക്ഷാപ്രവർത്തനം
മലപ്പുറം: മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെയുള്ള ഔദ്യോഗിക മരണസംഖ്യ 119 ആണ്. ഇത് ഇനിയും ഉയരാനാണ് സാധ്യത. നിലവില്‍ 50ന് അടുത്ത് ആളുകളുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതില്‍ മൂന്നിലൊന്ന് മൃതദേഹങ്ങളും കണ്ടെത്തിയത് അതിര്‍ത്തി ജില്ലയായ മലപ്പുറത്ത് നിന്നാണ്. മലപ്പുറം പോത്തുകല്ലില്‍ നിന്നും ചാലിയാറിന്റെ പരിസരപ്രദേശങ്ങളില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത് തിരച്ചില്‍ നടത്തിയവരാണ്.
ചില മൃതദേഹങ്ങള്‍ പുഴയിലൂടെ ഒഴികിയെത്തിയപ്പോള്‍ ചിലത് വനത്തിനോട് ചേര്‍ന്നുള്ള ഉള്‍പ്രദേശങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു. എന്‍ഡിആര്‍എഫ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളും ശരീരഭാഗങ്ങളും പുറത്തേക്ക് കൊണ്ടുവന്നത് കനത്ത വെല്ലുവിളികളെ അതിജീവിച്ചാണ്. ചാലിയാര്‍ പുഴയില്‍ കുത്തൊഴുക്കായതിനാല്‍ മറുകരയിലേക്ക് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുന്നതിനും വലിയ പ്രതിസന്ധി നേരിട്ടു.
ചാലിയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പോത്തുകല്ല് ഭാഗത്ത് കുമ്പളപ്പാറ കരിപ്പ്പെട്ടി വാണിയം ഇരുട്ട് കുട്ടി കോളനി നിവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് രാത്രി ഉറങ്ങാതെ പുഴയില്‍നിന്ന് വെള്ളം ഉയരുന്നത് നോക്കിനിന്നവര്‍ക്കാണ് വയനാട്ടിലെ ഉരുള്‍പൊട്ടലിനെകുറിച്ച് ആദ്യം സൂചന ലഭിച്ചത്.
പുലര്‍ച്ചെ രണ്ടുമണിയോടെ ഗ്യാസ് കുറ്റികളും അതിനുപിന്നാലെ മരത്തടികളും ഒലിച്ചുവരുന്നതാണ് ആദ്യം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഇവര്‍ കൂടുതല്‍ നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു.
ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണ്. എന്‍ഡിആര്‍എഫിന്റെയും സൈന്യത്തിന്റെയും സംഘം പുഴ കടന്ന് മുണ്ടക്കൈയിലെത്തി.
മഴയായിരുന്നു ഇതുവരെ പ്രതിസന്ധി സൃഷ്ടിച്ചതെങ്കില്‍ ഇപ്പോള്‍ കനത്ത മൂടല്‍മഞ്ഞ് കാഴ്ച മറക്കുന്ന സ്ഥിതിയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുന്നു.ചൂരല്‍മലയില്‍ മന്ത്രിമാരും രക്ഷാപ്രവര്‍ത്തകരും തമ്മില്‍ ചര്‍ച്ച നടത്തി.
മന്ത്രിമാരായ കെ രാജന്‍, ഒ ആര്‍ കേളു, പി എ മുഹമ്മദ് റിയാസ്, എംഎല്‍എമാരായ ഐ സി ബാലകൃഷ്ണന്‍, ടി സിദ്ദിഖ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.രക്ഷാപ്രവര്‍ത്തനം ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച.
മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. ചാലിയാറിലൂടെ ഒഴുകി നിലമ്പൂരിലെത്തിയ മൃതദേഹങ്ങളുടെ എണ്ണം 26 ആയതായി അധികൃതര്‍ പറയുന്നു. ഈ മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ 52 മൃതദേഹങ്ങളാണ് ഉള്ളത്. ഇവരില്‍ 35 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രിയിലുള്ള അഞ്ച് മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. വൈത്തിരി താലൂക്ക് ആശുപത്രിയിലും ബത്തേരി താലൂക്ക് ആശുപത്രിയിലും ഓരോ മൃതദേഹങ്ങള്‍ വീതമുണ്ട്.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 30 മൃതദേഹങ്ങളുണ്ട്. സൈന്യവും ഫയര്‍ഫോഴ്‌സും നാട്ടുകാരും ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തില്‍ ഉള്‍പ്പെട്ടിട്ടിള്ളത്. അനാവശ്യമായി ദുരന്ത സ്ഥലത്തേക്ക് പോകരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.