മിഷൻ ബേലൂര്‍ മഗ്ന; ദൗത്യത്തില്‍ പങ്കു ചേരാൻ കര്‍ണാടക വനംവകുപ്പിന്റെ 22അംഗ സംഘവും വയനാട്ടില്‍
കല്‍പ്പറ്റ: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള കേരളത്തിന്റെ ദൗത്യത്തില്‍ പങ്കുചേരാൻ കർണാടകയില്‍ നിന്നുള്ള ദൗത്യ സംഘവും.
കർണാടക വനംവകുപ്പിന്റെ 22അംഗ സംഘമാണ് വയനാട്ടിലെ ബേഗൂർ ഫോറസ്റ്റ് ഓഫീസിലെത്തിയത്. നേരത്തെ ബേലൂർ മഗ്നയെ കർണാടകയില്‍ വച്ച് മയക്കുവെടി വച്ച് പിടികൂടിയ സംഘമാണ് വയനാട്ടില്‍ എത്തിച്ചേർന്നിരിക്കുന്നത്.
സംഘത്തില്‍ വെറ്റിനറി ഡോക്ടർ, വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. എന്നാല്‍ ബേലൂർ മഗ്ന ദൗത്യം ആറാം ദിവസവും ദുഷ്കരമായി തുടരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാട്ടാന വനത്തിലൂടെ നിര്‍ത്താതെ നീങ്ങുന്നതും കുന്നിന്‍ചെരുവിലേക്ക് കയറുന്നതുമാണ് നിലവില്‍ ദൗത്യത്തിന് തിരിച്ചടിയാവുന്നത്. നിലവില്‍ മാനിവയല്‍ അമ്മക്കാവ് വനത്തിലാണ് ബേലൂര്‍ മഗ്നയുള്ളത്. മറ്റൊരു മോഴയാനയോടൊപ്പമാണ് ബേലൂര്‍ മഗ്നയുടെ സഞ്ചാരം.
ഈ മോഴയാന അക്രമകാരിയാണെന്നതാണ് പ്രതികൂലമായ മറ്റൊരു ഘടകം. കാട്ടാനയെ ട്രാക്ക് ചെയ്ത വനത്തില്‍ പുലിയുടെ സാന്നിധ്യമുള്ളതും ദൗത്യത്തിന് വെല്ലുവിളിയാണ്. ദൗത്യ സംഘം ഇന്നലെ രണ്ട് തവണ പുലിയുടെ മുന്നില്‍ പെട്ടിരുന്നു.