പൊതുമരാമത്ത് വകുപ്പിന്റെ ‘സഹായം’: ഒരു ദിവസം കോട്ടയത്ത് ഒഴുകി പോകുന്നത് ഒരു ലക്ഷം ലിറ്റർ വെള്ളം

പൊതുമരാമത്ത് വകുപ്പിന്റെ ‘സഹായം’: ഒരു ദിവസം കോട്ടയത്ത് ഒഴുകി പോകുന്നത് ഒരു ലക്ഷം ലിറ്റർ വെള്ളം

സ്വന്തംലേഖകൻ

കോട്ടയം: തൊണ്ട നനക്കാൻ ഒരു തുള്ളി വെള്ളത്തിന് ജനങ്ങൾ പരക്കം പായുമ്പോൾ കോട്ടയം നഗരത്തിൽ ദിവസവും പാഴാകുന്നത് 1 ലക്ഷം ലിറ്റർ വെള്ളം.
കാലപ്പഴക്കം ചെന്ന പൈപ്പുകളുടെ തകരാറുകൾ പരിഹരിക്കുന്നതിന് റോഡ് പൊളിച്ചു മാറ്റാൻ പൊതുമരാമത്തു വകുപ്പ് അനുമതി നൽകാത്തതാണ് കാരണം. നഗരത്തിലെ പൈപ്പുകളിൽ ഭൂരിഭാഗവും കാലപ്പഴക്കം ചെന്ന് മിക്ക ഭാഗങ്ങളും തകാറിലായതാണ്.
കൊടും വേനലിൽ ജനങ്ങൾക്കു വെള്ളം വിതരണം ചെയ്യാതിരിക്കാൻ കഴിയാത്തതിനാൽ ചോർച്ചയുള്ള പൈപ്പുകളിലൂടെയാണ് ദിവസവും വാട്ടർ അതോറിറ്റി വെള്ളം വിതരണം ചെയ്യുന്നത്.
ഇങ്ങനെ ദിവസവും ഒരു ലക്ഷം ലിറ്ററോളം വെള്ളം നഗരത്തിന്റെ വിവിധ
ഭാഗങ്ങളിലായി പാഴായി പോകുന്നു. ഇത് കാരണം ആളുകൾക്ക് ലഭിക്കുന്ന വെള്ളത്തിന്റെ അളവും കുറയുന്നുണ്ട്. വാട്ടർ അതോറിറ്റി പൈപ്പുകളിൽ ഭൂരിഭാഗവും പി.ഡബ്ല്യൂ.ഡി റോഡുകളിലൂടെയാണ് കടന്നു പോകുന്നത്. പൈപ്പുകളുടെ തകരാറുകൾ പരിഹരിക്കുന്നതിന് റോഡ് പൊളിക്കാൻ അനുമതി ചോദിച്ചു കത്ത് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും മറുപടി ലഭിച്ചിട്ടില്ലെന്നാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്.