സംസ്ഥാനത്ത് കുടിവെള്ളം കിട്ടാകനി ; വെള്ളം വാങ്ങാൻ പണമില്ലാത്തതിനാൽ താമസക്കാർ വീടുകൾ ഉപേക്ഷിച്ച് ബന്ധുവീടുകളിലേക്ക്

സംസ്ഥാനത്ത് കുടിവെള്ളം കിട്ടാകനി ; വെള്ളം വാങ്ങാൻ പണമില്ലാത്തതിനാൽ താമസക്കാർ വീടുകൾ ഉപേക്ഷിച്ച് ബന്ധുവീടുകളിലേക്ക്

സ്വന്തം ലേഖിക

പാലക്കാട്: സംസ്ഥാനത്ത് കുടവെള്ള പ്രതിസന്ധി രൂക്ഷമാകുന്നു. പാലക്കാട് പണംകൊടുത്ത് വെള്ളം വാങ്ങാൻ സാമ്പത്തികം ഇല്ലാത്തതിനാൽ രണ്ടു കുടുംബങ്ങൾ സ്വന്തം വീടൊഴിഞ്ഞു പോയി. ജില്ലയിലെ വണ്ടാഴിയിൽ പൂളയ്ക്കൽമടയിൽ പ്രകാശനും മോഹനനുമാണ് വീടുകൾ ഉപേക്ഷിച്ചത്. ഇവരിപ്പോൾ ബന്ധുവീടുകളിലാണ്.രണ്ടു കുടുംബങ്ങളിലായി 10 അംഗങ്ങളാണ് ഉള്ളത്. എന്നാൽ മുറ്റത്തെ കിണർ വറ്റിയതോടെ കുടിവെള്ളം ഇവർക്ക് കിട്ടാ കനിയായി. ആദ്യമൊക്കം ദിവസവും 300 രൂപ നൽകി വെള്ളം എത്തിച്ചിരുന്നെങ്കിലും അതിന് കഴിയാതായതോടെ ബന്ധു വീടുകളിലേയ്ക്ക് മാറുകയായിരുന്നു.കിണർ വറ്റിയശേഷം ഒരു മാസത്തോളം ഇവർ പെട്ടിഓട്ടോയിലെ ടാങ്കറിൽ വെള്ളമെത്തിച്ചിരുന്നു. കിണറിൽ വെള്ളം കുറഞ്ഞപ്പോൾ തന്നെ പൈപ്പ് കണക്ഷനു വേണ്ടി പഞ്ചായത്തിനെ സമീപിച്ചെങ്കിലും കിട്ടിയില്ല. പൈപ്പ് എത്തുന്ന ഭാഗത്ത് പൊതുടാപ്പെങ്കിലും ഇട്ടുതരാൻ ആവശ്യപ്പെട്ടെങ്കിലും അതിനു അധികൃതർ കരുണ കാട്ടിയില്ലെന്നു കുടുംബം പറഞ്ഞു. സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹൻദാസ് അറിയിച്ചു.