പൊതു സ്ഥലത്ത്മാലിന്യം നിക്ഷേപിക്കുന്നവര്‍ കുടുങ്ങും

പൊതു സ്ഥലത്ത്മാലിന്യം നിക്ഷേപിക്കുന്നവര്‍ കുടുങ്ങും

സ്വന്തംലേഖകൻ

കോട്ടയം : പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നടപടി കര്‍ശനമാ ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.  മാലിന്യ നീക്കം സംബന്ധിച്ച് നിലവിലുളള നിയമങ്ങളും കോടതി നിര്‍ദ്ദേശങ്ങളും പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും.
ജനജീവിതത്തിന് ഹാനികരമാകുംവിധം മാലിന്യം കൈകാര്യം ചെയ്യരുതെന്ന നിര്‍ദ്ദേശം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് വ്യാപകമായ സാഹചര്യത്തിലാണിത്.  ജില്ലയിലെ ജലാശയങ്ങളും റോഡുകളുടെ വശങ്ങളും മാലിന്യ  നിക്ഷേപ കേന്ദ്രങ്ങളാക്കി മാറ്റുന്നവര്‍ക്ക് നിയമം അനുശാസിക്കുന്ന പിഴയും തടവും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ നേരിടേണ്ടിവരും.
ഇതിനായി പോലീസ് പട്രോളിംഗ് ശക്തമാക്കും.  ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ജില്ലാ പോലീസ് മേധാവിയെ അറിയിച്ചിട്ടുണ്ട്. രാത്രിയില്‍ വാഹനത്തില്‍ മാലിന്യം കൊണ്ടുവന്ന് തള്ളുന്നവരെ വാഹനമടക്കം പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്യും.
ഫ്‌ളാറ്റുകളിലും മറ്റ് ജനവാസ കേന്ദ്രങ്ങിലും ഏര്‍പ്പെടുത്തിയിട്ടുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പരിശോധിക്കുന്നന്നതിന്  എല്ലാ മുനിസിപ്പാലിറ്റികളിലും പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു. മാലിന്യം അലക്ഷ്യമായി  കൈകാര്യം ചെയ്യുന്ന വീടുകളുടെയും സ്ഥാപനങ്ങളുടെയും ഉടമകള്‍ക്കെതിരെയും കേസെടുക്കും. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദു ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിന് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കെല്‍ട്രോണിനെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുളളത്. ക്യാമറകളിലെ ദൃശ്യങ്ങള്‍ നിരീക്ഷിക്കു ന്നതിനുള്ള ക്രമീകരണം തദ്ദേശ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തും.
മാലിന്യം സുരക്ഷിതമായി നിക്ഷേപിക്കുന്നതിനുള്ള പൊതുകേന്ദ്രം സജ്ജമാക്കണമെന്നും മാലിന്യനിക്ഷേപം സംബന്ധിച്ച് ലഭിക്കുന്ന പരാതികളിന്‍മേല്‍ അതിവേഗത്തില്‍ നടപടി സ്വീകരിക്കണമെന്നും കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ മുനിസിപ്പല്‍ സെക്രട്ടറിമാര്‍ക്ക് ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബു നിര്‍ദ്ദേശം നല്‍കി.