ആദ്യ കുട്ടി മരിച്ചപ്പോൾ കൃത്യമായ അന്വേഷണം നടന്നില്ല ; ലൈംഗീക അതിക്രമം നടന്നതായി പൊലീസ് സർജൻ റിപ്പോർട്ട് നൽകിയിട്ടും പരിഗണിച്ചില്ല ; രണ്ടാമത്തെകുട്ടിയുടെ മരണം കൊലപാതകമാണോ എന്ന് സംശയമുണ്ടായിട്ടും അന്വേഷണം നടത്തിയില്ല ; പ്രോസിക്യൂഷന്റെ പരാജയം തുറന്നു സമ്മതിച്ച് അപ്പീലുമായി സർക്കാർ

ആദ്യ കുട്ടി മരിച്ചപ്പോൾ കൃത്യമായ അന്വേഷണം നടന്നില്ല ; ലൈംഗീക അതിക്രമം നടന്നതായി പൊലീസ് സർജൻ റിപ്പോർട്ട് നൽകിയിട്ടും പരിഗണിച്ചില്ല ; രണ്ടാമത്തെകുട്ടിയുടെ മരണം കൊലപാതകമാണോ എന്ന് സംശയമുണ്ടായിട്ടും അന്വേഷണം നടത്തിയില്ല ; പ്രോസിക്യൂഷന്റെ പരാജയം തുറന്നു സമ്മതിച്ച് അപ്പീലുമായി സർക്കാർ

 

സ്വന്തം ലേഖിക

കൊച്ചി: വാളയാർ കേസിൽ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.

കേസിൽ തുടരന്വേഷണവും വിചാരണയും ആവശ്യമാണെന്ന് അപ്പീലിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും സംഭവിച്ച വീഴ്ചകളും അപ്പീലിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കുറ്റപത്രം സമർപ്പിക്കുന്നതുവരെയും, പ്രോസിക്യൂഷൻ അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയോ സംവദിക്കുകയോ ചെയ്തിട്ടില്ലെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയ രഹസ്യ സാക്ഷിമൊഴികൾ പോലും ഉപയോഗപ്പെടുത്താൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.

മരണപ്പെട്ട പെൺകുട്ടികളിൽ ഒരാളുടെ രഹസ്യഭാഗത്ത് പീഡനം നടന്നുവെന്ന് സംശയിക്കുന്ന തരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പൊലീസ് മുഖവിലയ്ക്കെടുത്തില്ല.

രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിലും നിരവധി അസ്വാഭാവികതകൾ ഉണ്ടായിരുന്നു. ഇതിലും കടുത്ത വീഴ്ചയാണ് ഉണ്ടായതെന്ന് അപ്പീലിൽ പറയുന്നു. ഇത്തരത്തിൽ പ്രാഥമിക അന്വേഷണത്തിൽ തന്നെ വലിയ പോരായ്മകൾ സംഭവിച്ചു എന്ന് സമ്മതിച്ചുകൊണ്ടുള്ളതാണ് സർക്കാർ ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന അപ്പീൽ.

പ്രതികളെ വെറുതെ വിട്ട നടപടിയ്ക്കെതിരെ തുടരന്വേഷണവും വിചാരണയും ആവശ്യമാണെന്ന് കാട്ടി പെൺകുട്ടികളുടെ അമ്മയും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.

ആറ് പ്രതികളെ വെറുതെ വിട്ട നടപടിയ്ക്കെതിരെ ആറ് അപ്പീലായി തന്നെയാണ് പരാതികൾ സമർപ്പിച്ചിരിക്കുന്നത്. പ്രതികൾക്കെതിരെ പ്രത്യേകം കുറ്റപത്രം സമർപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി ബന്ധുക്കൾ സ്വീകരിച്ചിരിക്കുന്നത്.

സംഭവത്തിൽ വീഴ്ചവരുത്തിയ പ്രോസിക്യൂട്ടർ ലത ജയരാജിനെ തൽസ്ഥാനത്ത് നിന്ന് സർക്കാർ മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

പാലക്കാട് ജില്ലയിലെ വാളയാർ അട്ടപ്പളത്ത് 2017ലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങൾ നടന്നത്. പ്രതികളുടെ പീഡനം സഹിക്കാനാവാതെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് കേസ്. പീഡനത്തിനിരയായ 13കാരിയെ 2017 ജനുവരി 13നും ഒൻപത് വയസുകാരിയെ മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.