വോട്ടർപട്ടിക പുതുക്കൽ നടപടി തൃപ്തികരമെന്ന് നിരീക്ഷകൻ; വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇനി അഞ്ചു ദിവസം കൂടി; നവംബർ 30ന് വോട്ടർ പട്ടിക പുതുക്കൽ യജ്ഞം അവസാനിക്കും
സ്വന്തം ലേഖകൻ
കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ തൃപ്തികരണമാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടർപട്ടിക നിരീക്ഷകൻ അലി അസ്ഗർ പാഷ.
വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനും വിവരങ്ങൾ തിരുത്തുന്നതിനുമായി ജില്ലയിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് രാഷ്ട്രീയ പാർട്ടികൾക്കും ജന പ്രതിനിധികൾക്കുമുള്ള പരാതികളും സംശയങ്ങളും ചർച്ച ചെയ്യുന്നതിന് കളക്‌ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് വിലയിരുത്തൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം നവംബർ 30 വരെയാണ്. 2022 ജനുവരി ഒന്നിന് 18 വയസോ അതിനു മുകളിലോ പ്രായമെത്തിയവർക്ക് പുതിയ വോട്ടറായി രജിസ്റ്റർ ചെയ്യാം.
അടുത്തിടെ താമസം മാറിയവരാണെങ്കിൽ മേൽവിലാസം മാറ്റാനും വോട്ടർ തിരിച്ചറിയൽ കാർഡിൽ തെറ്റുണ്ടെങ്കിൽ വിവരങ്ങൾ തിരുത്താനും വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്പ്, www.nvsp.in, www.voterportal.eci.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഓൺലൈനായി സാധിക്കും. വോട്ടർ ഫെസിലിറ്റേഷൻ സെന്റർ മുഖാന്തരവും ബിഎൽഒയുമായി നേരിട്ട് ബന്ധപ്പെട്ടും സേവനം നേടാം. 1950 എന്ന വോട്ടർ ഹെൽപ് ലൈൻ നമ്പറിലും സേവനങ്ങൾക്കായി ബന്ധപ്പെടാം.
ഒരു സമ്മതിദായകനും ഒഴിവാക്കപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടിക പുതുക്കൽ യജ്ഞം നടത്തുന്നത്. പൊതുജനങ്ങൾ അവസരം പരമാവധി വിനിയോഗിക്കണമെന്ന് നിരീക്ഷകൻ പറഞ്ഞു.
നടക്കുന്ന പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പരാതികൾ [email protected] എന്ന ഇമെയിലിൽ ലഭ്യമാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആക്ഷേപങ്ങൾക്കിടയില്ലാത്ത വിധം കുറ്റമറ്റതും കാര്യക്ഷമവുമായ രീതിയിലാണ് ജില്ലാ-താലൂക്ക്തലങ്ങളിൽ വോട്ടർപട്ടിക പുതുക്കൽ യജ്ഞം നടപ്പാക്കുന്നതെന്ന് യോഗത്തിൽ പങ്കെടുത്ത രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ് പട്ടിക പുതുക്കൽ പ്രവർത്തനങ്ങൾ വിശദീകരിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോഷി ഫിലിപ്പ്, മാഞ്ഞൂർ മോഹൻ കുമാർ, ടി.എൻ. ഹരികുമാർ, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.