വയൽക്കിളികൾ തിരഞ്ഞെടുപ്പിൽ പറക്കും: ലക്ഷ്യം വികസന വിരുദ്ധ വോട്ടുകൾ; പ്രകൃതിയ്ക്ക് വേണ്ടി സുരേഷ് കീഴാറ്റൂർ മത്സരിക്കും

വയൽക്കിളികൾ തിരഞ്ഞെടുപ്പിൽ പറക്കും: ലക്ഷ്യം വികസന വിരുദ്ധ വോട്ടുകൾ; പ്രകൃതിയ്ക്ക് വേണ്ടി സുരേഷ് കീഴാറ്റൂർ മത്സരിക്കും

സ്വന്തം ലേഖകൻ

കണ്ണൂർ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ വയൽകിളികൾ ഇനി പറപറക്കും. സിപിഎമ്മിന് വെല്ലുവിളി ഉയർത്തി മുൻ പാർട്ടി അംഗങ്ങളാണ് മത്സര രംഗത്തേയ്ക്ക് എത്തുന്നത്. കണ്ണൂർ സീറ്റിൽ സുരേഷ് കീഴാറ്റൂർ തന്നെ മത്സര രംഗത്ത് എത്തുമെന്നാണ് ലഭിക്കുന്ന സൂചന. മുൻ സിപിഎം നേതാവും വയൽകിളി സമരനായകനയുമായ സുരേഷ് കീഴാറ്റൂർ കണ്ണൂരിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കും. പരിസ്ഥിതി വാദത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയർത്തി സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് സുരേഷ് കിഴാറ്റൂർ മത്സരിക്കുക.

സിറ്റിങ് എംപി പികെ ശ്രീമതിയെ തന്നെ വീണ്ടും രംഗത്തിറക്കി മണ്ഡലം നിലനിർത്താനുള്ള സിപിഎം ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് സുരേഷിൻറെ സ്ഥാനാർത്ഥിത്വം. സുരേഷ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയ ഉടൻ തന്നെ അദ്ദേഹത്തെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ സിപിഎം ആരംഭിച്ചെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2014 ൽ കനത്ത പോരാട്ടത്തിനൊടുൽ 6566 വോട്ടുകൾക്കായിരുന്നു കോൺഗ്രസിലെ കെ സുധാകരനെ പരാജയപ്പെടുത്തി പികെ ശ്രീമതി ടീച്ചറിലൂടെ സിപിഎം മണ്ഡലം തിരിച്ചു പിടിച്ചത്. ലീഡുകൾ മാറിമറിഞ്ഞ പോരാട്ടത്തിനൊടുവിലായിരുന്നു പികെ ശ്രീമതി ടീച്ചർ കണ്ണൂരിൽ വിജയിച്ചത്.

മണ്ഡലം നിലനിർത്താൻ ഇത്തവണയും ശ്രീമതി ടീച്ചറെ തന്നെയാണ് സിപിഎം നിയോഗിച്ചിരിക്കുന്ന. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും യുഡിഎഫിൽ സുധാകരന് തന്നെയായിരിക്കും സ്ഥാനാർത്ഥിത്വം. രണ്ട് സ്ഥാനാർത്ഥികളും മണ്ഡലത്തിൽ പര്യടനം ആരംഭിച്ചിട്ടുണ്ട്.
സുരേഷ് കീഴാറ്റൂർ

കണ്ണൂരിൽ ഇത്തവണയും നടക്കുക ശക്തമായ രാഷ്ട്രീയ പോരാട്ടമായിരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിനിടയിലാണ് സിപിഎമ്മിന് വെല്ലുവിളി ഉയർത്തി വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുന്നത്.
വിജയത്തെ ബാധിക്കും

കണ്ണൂർ മണ്ഡലത്തിലാകെ സ്വാധീനമൊന്നുമില്ലെങ്കിലും കീഴാറ്റുർ മേഖലയിൽ വയൽക്കിളികളെ പിന്തുണയ്ക്കുന്ന ധാരാളം പ്രവർത്തകരുണ്ട്. പരമ്പരാഗതമായി സിപിഎമ്മിന് കിട്ടിപോരുന്ന ഈ വോട്ടുകൾ സുരേഷ് പിടിച്ചാൽ അത് ശ്രീമതി ടീച്ചറുടെ വിജയത്തെ തന്നെ ബാധിക്കും.

വയൽ നികത്തിയുള്ള ബൈപ്പാസിനെതിരെ പാർട്ടിയുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന സമരത്തിൽ നിന്ന് സിപിഎം പിന്മാറിയതോടെയാണ് സുരേഷ് കീഴാറ്റൂരിൻറെ നേതൃത്വത്തിൽ വയൽക്കിളികൾ എന്ന സംഘടന രൂപീകരീച്ച് സമരം ആരംഭിച്ചത്.

പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ ഉയർന്നു വന്ന സമരത്തെ ആദ്യ ഘട്ടത്തിൽ പിന്തുണച്ച സിപിഎം പിന്നീട് സർക്കാർ നിലപാടിനൊപ്പം മാറുകയായിരുന്നു. പിന്നീട് പാർട്ടി ജില്ലാ സെക്രട്ടറി പി. ജയരാജൻ നേരിട്ട് നടത്തിയ നീക്കങ്ങൾക്കൊടുവിൽ സമരക്കാരിൽ ഒരു വിഭാ?ഗത്തെ ബൈപ്പാസിന് അനുകൂലമായ നിലപാട് സ്വീകരിപ്പിക്കാന് സാധിച്ചു.

എന്നാൽ സുരേഷ് കീഴാറ്റൂരിൻറെ നേതൃത്വത്തിലുള്ള ഒരു വിഭാഗം സിപിഎം പ്രവർത്തകർ വയൽക്കിളികൾ എന്ന പേരിൽ സമരം ശക്തമാക്കുകയായിരുന്നു. സർവേ നടപടികളും സ്ഥലമേറ്റെടുക്കാനുള്ള മറ്റു നീക്കങ്ങളും വയൽക്കിളികൾ ശക്തമായി പ്രതിരോധിച്ചതോടെ സർക്കാർ പ്രതിരോധത്തിലായിരുന്നു.
ബൈപ്പാസ് പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് കീഴാറ്റൂർ ബിജെപി പിന്തുണയോടെ കേന്ദ്ര മന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചതിനെ തുടർന്ന് വയൽക്കിളികൾ പ്രത്യക്ഷ സമരത്തിൽ നിന്നും പിൻമാറുകയായിരുന്നു.